ഹമാരാ സാഹസ്;സ്ത്രീ ശക്തിയുടെ കൂട്ടായ്മ

0

കളിച്ചുനടക്കേണ്ട പ്രായത്തില്‍ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി രൂപാളി. ഭര്‍ത്താവ് മരിച്ചതോടെ കുടുംബ പ്രാരാബ്ധങ്ങള്‍ മുഴുവന്‍ സ്വന്തം ചുമലിലും. 14ാം വയസ്സിലായിരുന്നു രൂപാളിയുടെ വിവാഹം 15ാം വയസ്സില്‍ അമ്മായായി. പഠിച്ച് ഉയരങ്ങളിലെത്തണമെന്നാഗ്രഹിച്ച അവള്‍ ഇപ്പോള്‍ ജീവിതത്തിന്റെ നിറങ്ങള്‍ മങ്ങി അടുക്കളയിലും പാടത്തും തളക്കപ്പെട്ട അവസ്ഥയിലാണ്. വിവാഹശേഷം ഭര്‍തൃഗൃഹത്തിലെത്തിയപ്പോഴാണ് രൂപാളിയെപ്പോലെ നിരവധി സ്ത്രീകളെ അടുത്തറിയാന്‍ തമന്ന ഭാട്ടിക്ക് അവസരമുണ്ടായത്.

നിറങ്ങള്‍ മങ്ങിയ അവരുടെ ജീവിതം തമന്നയെ വല്ലാതെ വേദനിപ്പിച്ചു. ഫാഷന്‍ ഡിസൈനറായ തമന്ന രാജസ്ഥാനിലെ ജോധ്പൂരിലേക്കാണ് വിവാഹം കഴിഞ്ഞെത്തിയത്. ജീവിതത്തിലെ നിറങ്ങള്‍ ആസ്വദിച്ച് ജീവിച്ച തനിക്ക് നാലു ചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്ന ഈ നിസഹായരായ സ്ത്രീകളേയും നിറങ്ങളുടെ ലോകത്തേക്ക് എത്തിക്കണമെന്ന് അതിയായ ആഗ്രഹം തോന്നി. തമന്നയുടെ ബന്ധുക്കളും ഇതിന് പിന്തുണ നല്‍കിയതോടെ ഹമാര സാഹസ് എന്ന സംഘടന ഉടലെടുക്കുകയായിരുന്നു.

പത്ത് വര്‍ഷത്തോളം പുറത്ത് പലയിടത്തും ജോലി നോക്കിയിരുന്ന തമന്ന ഇതോടെ രാജസ്ഥാനിലെ ജോഥ്പൂരിലേക്ക് തന്റെ പ്രവര്‍ത്തനമേഖല മാറ്റി. മണ്‍കലങ്ങള്‍ നിര്‍മിക്കുന്ന ധാരാളം ഗ്രാമവാസികളായിരുന്നു ഗ്രാമത്തിന്റെ പ്രധാന സമ്പത്ത്. ദുരിതങ്ങളും വേദനകളും നിറഞ്ഞ ഇവരുടെ ജീവിതമാണ് തമന്നയുടെ മനസിനെ അലട്ടിയത്. ഇവര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ഒരു ജിവിതം നല്‍കുക എന്നതായി അന്നു മുതല്‍ തമന്നയുടെ സ്വപ്നം. ഇതിനായി ഏതെല്ലാം വഴികള്‍ സ്വീകരിക്കാമെന്നായിരുന്നു പിന്നീടുള്ള ചിന്ത. മണ്‍കല നിര്‍മാണത്തില്‍ മുഴുകിയ പുരുഷന്‍മാരില്‍ അധികം പേരും മദ്യപാനികളും സ്ത്രീകളും കുട്ടികളും ചൂഷണം നേടിരുന്നവരുമായിരുന്നു. സ്ത്രീകളില്‍ പലരും ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അവരുടെ ആത്മവിശ്വാസക്കുറവും അറിവില്ലായ്മയും കാരണം അവര്‍ക്ക് പൊരുതി ജയിക്കാന്‍ കഴിഞ്ഞില്ല. ഇതില്‍ ഒരു മാറ്റം വരുത്തുക എന്നതായിരുന്നു തമന്നയുടെ ആദ്യ ലക്ഷ്യം. മതിയായ അധികാരത്തോടും ആത്മവിശ്വാസത്തോടും സ്ത്രീകള്‍ പ്രതികരിച്ചാല്‍ സമൂഹം കേള്‍ക്കുമെന്ന് തമന്ന മനസിലാക്കി. അതിനായി അവരെ പ്രാപ്തരാക്കുകയായിരുന്നു ഹമാര സാഹസിന്റെ പ്രാരംഭ ലക്ഷ്യം. ഇത് വിജയകരമായതിന്റെ സന്തോഷത്തിലാണ് ഇന്ന് ജോഥ്പൂര്‍ നിവാസികള്‍. സംഘടനയുടെ ശ്രമഫലമായി സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി നോക്കുന്നതും വിവിധ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതുമായ നിരവധി സ്ത്രീകളാണ് ഇന്ന് ഇവിടെ തല ഉയര്‍ത്തിപ്പിടിച്ച ജീവിക്കുന്നത്.

ഹമാര സാഹസിനെ ഇന്ന് കാണുന്ന നിലയിലെത്തിക്കാന്‍ വലിയ വെല്ലുവിളകളാണ് തമന്നക്ക് നേരിടേണ്ടിവന്നത്. സ്ത്രീകള്‍ക്ക് ആര്‍ക്കും തന്നെ വീട്ട് ജോലികള്‍, മണ്‍പാത്ര നിര്‍മാണം ഒഴികെയുള്ള ജോലികളില്‍ പരിശീലനം ലഭിച്ചിരുന്നില്ല എന്നതായിരുന്നു പ്രധാന പോരായ്മ. മാത്രമല്ല ഇവര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനും ആരും തയ്യാറായില്ല. സംഘടനയുടെ ആദ്യ ഉദ്യമം ഇവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകയായിരുന്നു. തയ്യല്‍, എംബ്രോഡിയറി, കരകൗശല വിദ്യകള്‍ എന്നിവയില്‍ നല്‍കിയ പരിശീലനം അവര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായി. തമന്നയുടെ ഫാഷന്‍ ഡിസൈനിംഗ് പരിചയവും ഇവര്‍ക്ക് കൂടുതല്‍ ഗുണം ചെയ്തു.

ഭ്രൂണഹത്യ, തൊട്ടുകൂടായ്മ, നിരക്ഷരത, സ്ത്രീധനം, ശൈശവ വിവാഹം തുടങ്ങിയവ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കുകയായിരുന്നു സംഘടനുടെ മറ്റൊരു പ്രധാന ലക്ഷ്യം. ആദ്യം തന്നെ ലിഗം സമത്വം എന്ന വിഷയത്തിലാണ് പോരാട്ടം ആരംഭിച്ചത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന മാര്‍ഗത്തിലൂടെയാണ് ഇതിന് തുടക്കം കുറിച്ചത്.

കുട്ടികള്‍ക്ക് വോളന്റിയേഴ്‌സിന്റെ സഹായത്തോടെ അടിസ്ഥാന വിദ്യാഭ്യാസം നല്‍കാനും ആരംഭിച്ചു. ഇതോടൊപ്പം അമ്മമാര്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസവുംനല്‍കിത്തുടങ്ങി. വിദ്യാഭ്യാസം അവരെ സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രാപ്തരാക്കി. സ്ത്രീ ശാക്തീകരണത്തോടൊപ്പം അവര്‍ക്ക് തോഴില്‍പരമായ ഉപകരണങ്ങള്‍ വിതരണം ചെയ്യാനും സംഘടനക്കായി. ഇതവര്‍ക്ക് കൂടുതല്‍ ഗുണം ചെയ്തു. പിന്നീട് അവര്‍ തന്ന ചെറിയ സംരംഭങ്ങള്‍ ആരംഭിച്ച് തുടങ്ങി. വിദ്യാഭ്യാസപരമായി നേട്ടം കൈവരിക്കാനായവര്‍ മറ്റ് ജോലികള്‍ തേടി ഗ്രാമത്തിന് പുറത്തും എത്തി. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മൂലധനം സാമഹരിക്കുന്നത് മറ്റൊരു വെല്ലുവിളിയായി മാറി. സര്‍ക്കാര്‍ സഹായങ്ങള്‍ അഭ്യര്‍ഥിച്ചെങ്കിലും ലഭിച്ചില്ല. ഒരു വര്‍ഷത്തോളം എടുത്തു സംരംഭങ്ങള്‍ക്ക് തുടക്കമിടാന്‍. നിലവില്‍ തദ്ദേശിയമായി തന്നെ സംരംഭങ്ങള്‍ക്ക് മുതല്‍ മുടക്കാന്‍ ആളുകള്‍ മുന്നോട്ടു വരുന്നുണ്ട്. സ്ത്രീകള്‍ക്ക് ബഹുമാനവും സ്ഥാനവും ലഭിക്കുന്ന ഒരു സമൂഹമാണ് തമന്ന ആഗ്രഹിച്ചത്. അത് ഹമാര സാഹസിലൂടെ നേടിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. വിജയത്തിന് പിന്നില്‍ തമന്ന എന്ന സ്ത്രീ മാത്രമല്ല അവരുടെ ഭര്‍ത്താവും ബന്ധുക്കളും നല്‍കിയ പിന്തുണയും എടുത്തു പറയേണ്ടതാണ്. അവരുടെ പിന്തുണയില്ലായിരുന്നെങ്കില്‍ തമന്നക്ക് സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനോ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാനോ പരിഹാരം നിര്‍ദേശിക്കാനോ കഴിയുമായിരുന്നില്ല. ജോഥ്പൂരിലെ സ്ത്രീകള്‍ ഇന്ന് ആത്മവിശ്വാസത്തോടും സന്തോഷത്തോടെയും പ്രവര്‍ത്തിക്കുന്നു. മറ്റുള്ളവരാല്‍ ആദരിക്കപ്പെടുന്നവരും സ്‌നേഹിക്കപ്പെടുന്നവരുമായി അവര്‍ മാറി.