ക്രിസ്മസിന് മധുരം കൂട്ടാന്‍ കേക്കുകളുടെ കലവറ

0

ക്രിസ്മസിനെ വരവേല്‍ക്കാന്‍ പുതിയ രുചിയിലും നിറത്തിലും മണത്തിലും കേക്കുകളൊരുങ്ങി. പല ബേക്കറികളിലും കേക്കുമേളകള്‍ ആരംഭിച്ചു കഴിഞ്ഞു. വന്‍കിട ബേക്കറികളെല്ലാം ക്രിസ്മസ് കേക്കുകളുടെ ഓര്‍ഡറുകള്‍ സ്വീകരിച്ചുതുടങ്ങി. പ്ലം കേക്കുകളും ഐസിംഗ് കേക്കുകളുമാണ് ഇത്തവണയും വിപണി കീഴടക്കാന്‍ എത്തിയിരിക്കുന്നത്. ഐസിംഗ് കേക്കുകള്‍ക്കു കിലോഗ്രാമിനു 380 രൂപമുതല്‍ 560 രൂപവരെയാണു വില. പ്ലം കേക്കുകള്‍ക്ക് 800 ഗ്രാമിന് 260 രൂപ മുതലാണു വില.

പ്ലമിന്റെ 'റിച്ച്‌നസ്സ്' കൂട്ടുകെട്ടുകളില്‍ വ്യത്യസ്തത വരുത്തി പത്തോളം രുചി വൈവിധ്യങ്ങള്‍ നിറച്ചാണ് കമ്പനികള്‍ കേക്കുകള്‍ എത്തിച്ചിരിക്കുന്നത്. പ്ലം വിത്ത് കോംപേസ്റ്റ്, വാനില, പിസ്ത, സ്‌ട്രോബറി, പൈനാപ്പിള്‍ കേക്കുകള്‍ക്കു പുറമേ ബട്ടര്‍സ്‌കോച്ച്, ഓറഞ്ച്, കോഫി കേക്ക്, ചോക്ലേറ്റ് കേക്ക്, പ്ലം വിത്ത് റോയല്‍ കേക്ക്, പ്ലം വിത്ത് ബട്ടര്‍ കേക്ക്, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, ഓപ്പറാ, കാന്‍ഡി കേക്ക്, ടീ കേക്ക്, കാരറ്റ് കേക്ക്, ബ്ലൂ ബെറി, വാള്‍നട്ട്‌സ് കേക്ക് തുടങ്ങിയ വ്യത്യസ്ത രൂചിക്കൂട്ടുകളുള്ള കേക്കുകളും വില്പനയ്ക്ക് എത്തിയിട്ടുണ്ട്. ഇതിനു പുറമെ സാന്താക്ലോസിന്റെയും ക്രിസ്മസ് ട്രീയുടെയും രൂപത്തിലുള്ള ഐസിംഗ് കേക്കുകളുമുണ്ട്. ഐസിംഗ് കേക്കുകളില്‍ ബ്ലാക്ക് ഫോറസ്റ്റ്, ചോക്ലേറ്റ്, വാനില തുടങ്ങിയവയ്ക്കാണ് ഇത്തവണയും ഡിമാന്റെന്ന് ബേക്കറിയുടമകള്‍ പറയുന്നു.

വന്‍കിട ബേക്കറിയുടമകള്‍ ക്രിസ്മസ് ലക്ഷ്യമിട്ടു സ്വന്തമായി കേക്കു നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. കമ്പനി കേക്കുകളെക്കാള്‍ ബേക്കറികള്‍ക്ക് താത്പര്യം സ്വയം നിര്‍മിക്കുന്ന കേക്കുകള്‍ വില്പന നടത്താനാണ്. ആവശ്യക്കാരുടെ ഓര്‍ഡര്‍ സ്വീകരിച്ചതിനുശേഷം മണിക്കൂറുകള്‍കൊണ്ടു കേക്കുണ്ടാക്കി നല്കുന്ന ബേക്കറികളുമുണ്ട്. പ്രമേഹ രോഗികളുടെ എണ്ണം കണക്കിലെടുത്ത് ഒട്ടുമിക്ക വന്‍കിട ബേക്കറികളും ഷുഗര്‍ ഫ്രീ കേക്കുകളും തയാറാക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ഐസിംഗ് കേക്കുകളും പ്രമേഹ രോഗികള്‍ക്കു കഴിക്കുന്നതിനായി ഷുഗര്‍ ഫ്രീയായി നിര്‍മിക്കുന്ന ഐസിംഗ് കേക്കുകളും വിപണിയിലുണ്ട്. പ്ലം കേക്കുകള്‍ നേരത്തെതന്നെ ഷുഗര്‍ ഫ്രീയാക്കി വിപണിയില്‍ എത്തിച്ചിരുന്നു.

ബ്രാന്റഡ് കമ്പനികള്‍ തകര്‍പ്പന്‍ പരസ്യം നല്കി കേക്ക് വിപണി പിടിച്ചടക്കാന്‍ ശ്രമിക്കുമ്പോള്‍ ഗ്രാമീണ വിപണി മുന്നില്‍ക്കണ്ടു കുടുംബശ്രീ ഉള്‍പ്പെടെയുള്ള വിവിധ ചെറുകിട യൂണിറ്റുകളും കേക്കു നിര്‍മാണവും വിപണനവും ആരംഭിച്ചിട്ടുണ്ട്. റബര്‍ വിലയിടിവ് ഉള്‍പ്പെടെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും കച്ചവടത്തെ ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു.

പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനായി കമ്പനികള്‍ മനോഹരമായിട്ടാണ് കേക്കുകള്‍ പൊതിഞ്ഞിരിക്കുന്നത്. വില കൂടുതലുള്ള ക്രീം കേക്കുകള്‍ ഉത്പാദിപ്പിക്കുന്നത് ബേക്കറികളാണ്. ആയുസ് കുറവായ ഫ്രഷ് ക്രീം കേക്കുകള്‍ 800 മുതല്‍ 1000 രൂപ വരെ കിലോവിന് വിലയുള്ളവയുണ്ട്. ക്രീം ഫാഷന്‍ പിടിച്ചവര്‍ ബേക്കറികളെ തേടി പോകുന്നതിനാല്‍ കേക്ക് വിപണിയുടെ അറുപത് ശതമാനവും ഇവര്‍ക്കാണ്.

ശരാശരി 3540 ശതമാനം വില്‍പനയാണ് ബ്രാന്‍ഡഡ് കമ്പനികള്‍ക്കുള്ളത.് വില്‍പനയിലും വിപണിയിലും ശക്തരായ ബേക്കറികള്‍ കേക്ക് വില്പനയിലൂടെ മാത്രം ശരാശരി 800 കോടി രൂപയുടെ വിറ്റുവരവ് സീസണില്‍ പ്രതീക്ഷിക്കുന്നു. 300 കോടി രൂപയ്ക്കടുത്ത് മാത്രമാണ് ബ്രാന്‍ഡഡ് കമ്പനികള്‍ വിറ്റുവരവ് പ്രതീക്ഷിക്കുന്നത്. മൈദയ്ക്കും പഴങ്ങള്‍ക്കും ക്രീമിനും കൂലിച്ചെലവിലും വില വര്‍ധന രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ കേക്കിന്റെ വിലയിലും അതു പ്രതിഫലിക്കുന്നുണ്ട്.

സംസ്‌കരിച്ച പഴങ്ങളും കശുവണ്ടിയുമൊക്കെ ചേര്‍ത്തിളക്കി മിശ്രിതമാക്കുന്ന കേക്ക് മിക്‌സിങ് ഇന്ന് കേരളത്തിലും വലിയ ആഘോഷമാണ്. ഇടപ്പള്ളി ലുലുമാളിലാണ് ഇത്തവണ ആദ്യത്തെ കേക്ക് മിക്‌സിങ് കാര്‍ണിവല്‍ നടന്നത്. കാണുമ്പോഴേ നാവില്‍ രുചിയൂറുന്നില്ലേ. ഇതാണ് ക്രിസ്മസിന് മാസങ്ങള്‍ക്ക് മുന്‍പേ നടക്കുന്ന കേക്ക് മിക്‌സിങ് എന്ന ആഘോഷം.

പഴങ്ങളും കശുവണ്ടിയുമെല്ലാം കുഴച്ച് ചേര്‍ത്ത് മിശ്രിതമാക്കുകയാണ് ഇവിടെ. കശുവണ്ടി, ഉണക്കമുന്തിരി, ഈന്തപ്പഴം, ടുട്ടി ഫ്രൂട്ടി, കാന്‍ഡിഡ് ചെറി, ലൈംപീല്‍, ഓറഞ്ച് പീല്‍, മിക്‌സഡ് ഫ്രൂട്ട് ജാം, മിക്‌സഡ് സ്‌പൈസ് ഇവയെല്ലാം ചേര്‍ത്താണ് ഈ മിശ്രിതം തയ്യാറാക്കുന്നത്. ലുലുവില്‍ ഇക്കുറി നടന്ന കേക്ക് മിക്‌സിങ്ങില്‍ 6000 കിലോഗ്രാം ഉണക്കിയ പഴങ്ങളാണ് ഉപയോഗിച്ചത്. പ്രത്യേകം തയ്യാറാക്കിയ 50 അടി നീളമുള്ള മേശയില്‍ കൂനകൂട്ടിയിട്ടായിരുന്നു ഇവയെല്ലാം ചേര്‍ത്ത് കുഴച്ചത്. ഇങ്ങനെ മിശ്രിതമാക്കുന്ന പഴങ്ങള്‍ മൂന്നുമാസം ഭദ്രമായി അടച്ച് സൂക്ഷിക്കും. അതിനുശേഷമാണ് കേക്ക് നിര്‍മാണം തുടങ്ങുന്നത്.