സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി

0


 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യാന്‍ ജില്ലയില്‍ പ്രത്യേക കോടതി നിലവില്‍ വരുന്നു. ജില്ലാ കോടതി സമുച്ചയത്തില്‍ തന്നെ ആരംഭിക്കുന്ന പുതിയ കോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍  നിര്‍വഹിക്കും. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ചും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചും വിചാരണ നടത്താനുള്ള കേരളത്തിലെ രണ്ടാമത്തെ കോടതിയാണ് തലസ്ഥാനത്തേത്.

എറണാകുളത്താണ് ആദ്യത്തേത്. 2012ലെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമം അനുസരിച്ചും അതിക്രമങ്ങള്‍ തടയാനുള്ള മറ്റു നിയമങ്ങള്‍ അനുസരിച്ചുമുള്ള കേസുകളില്‍ അതിവേഗം തീര്‍പ്പുകല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക കോടതി ആരംഭിക്കുന്നത്. നിലവില്‍ ഫസ്റ്റ്ക്ലാസ് അഡീഷനല്‍ ജില്ലാ കോടതിയിലുള്ള കുട്ടികള്‍ ഇരയായ 1275 കേസുകളടക്കം 1500ഓളം കേസുകള്‍ പുതിയ കോടതിയിലേക്ക് മാറ്റും. ജഡ്ജും വക്കീലും കുട്ടിയും മാത്രം പരസ്പരം കാണും വിധമാണ് സജ്ജീകരിച്ചിരിക്കുന്നതെന്നതാണ് പുതിയ കോടതിയുടെ പ്രത്യേകത.

കുട്ടിയെ കാണാനാവാത്തതിനാല്‍ പ്രതിയില്‍നിന്നുള്ള ഭീഷണിപ്പെടുത്തലും ഭയപ്പെടുത്തലും ഒഴിവാക്കാനാവും. ശിശു സൗഹൃദ അന്തരീക്ഷത്തില്‍ കേസുകളുടെ വിചാരണ നടത്തുകയാണ് ഉദ്ദേശം. നിലവില്‍ കേസ് നടത്താനായി പ്രത്യേ ബോക്‌സ് എത്താത്തതിനാല്‍ തത്കാലം ഒരു സ്‌ക്രീന്‍ വെക്കും. ആവശ്യമെങ്കില്‍ രക്ഷിതാക്കളില്‍ ആരെയെങ്കിലും കുട്ടിയോടൊപ്പം നിര്‍ത്തും. കുട്ടിയെ വേദനിപ്പിക്കുന്ന രീതിയിലുള്ള ഒരു ചോദ്യങ്ങളും ഉണ്ടാവില്ലെന്നും ജില്ലാ ജഡ്ജി ഉറപ്പുനല്‍കി. 

നിലവില്‍ ഒരു ദിവസം മിനിമം രണ്ടു കേസുകളാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് വരുന്നത്. കോടതിയുടെ ഉദ്ഘാടനം കഴിഞ്ഞയുടന്‍ തന്നെ പ്രോസിക്യൂട്ടറെ നിയമിക്കും. ഇപ്പോഴത്തെ അഡീ.ജില്ലാ ജഡ്ജിയായ ജോബിന്‍ സെബാസ്റ്റിയനാണ് പുതിയ കോടതിയിലെ ജഡ്ജ്.

ഇതോടൊപ്പം പാറശാലയില്‍ ഗ്രാമീണ കോടതിയുടെ ഉദ്ഘാടനവും നാളെ നടക്കും. ഏതൊരു ആളുടേയും വീട്ടുപടിക്കല്‍ നീതിയെത്തിക്കുക എന്നതാണ് ഗ്രാമീണ കോടതിയുടെ ലക്ഷ്യം. സിവില്‍, ക്രിമിനല്‍ കേസുകളില്‍ കൈകാര്യം ചെയ്യുന്ന ഈ കോടതി സംസ്ഥാനത്ത് മൂന്നാമത്തേതാണ്. കൊല്ലം ചടയമംഗലത്തും ഇടുക്കിയിലുമാണ് മറ്റു രണ്ടെണ്ണം. ഈ കോടതിയില്‍ ഇതിനോടകം മജിസ്‌ട്രേറ്റിനെ നിയമിച്ചിട്ടുണ്ട്. ആറ് പഞ്ചായത്തുകള്‍ അടങ്ങുന്ന ഒരു ബ്ലോക്ക് പഞ്ചായത്ത് തലത്തിലാണ് ഗ്രാമീണ കോടതിയുടെ പ്രവര്‍ത്തനം.