ലോകത്തിലെ ആദ്യത്തെ സ്ഥിരം മാജിക് സര്‍ക്കസ് വേദിക്ക് നാളെ മാജിക് പ്ലാനറ്റില്‍ തിരശ്ശീല ഉയരും

ലോകത്തിലെ ആദ്യത്തെ സ്ഥിരം മാജിക് സര്‍ക്കസ് വേദിക്ക് നാളെ മാജിക് പ്ലാനറ്റില്‍ തിരശ്ശീല ഉയരും

Saturday October 29, 2016,

1 min Read

മാജിക്കും സര്‍ക്കസും കൈകോര്‍ത്തുകൊണ്ട് ലോകത്തിലെ ആദ്യത്തെ സ്ഥിരം മാജിക് സര്‍ക്കസ് വേദിക്ക് ഞായറാഴ്ച വൈകുന്നേരം 5ന് തിരശ്ശീല ഉയരും. മാജിക് പ്ലാനറ്റിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സര്‍ക്കസ് കാസില്‍ എന്ന അപൂര്‍വ ദൃശ്യവിരുന്നിന് തുടക്കമാകുന്നത്. ഇന്ത്യയിലാദ്യമായി സര്‍ക്കസ് അവതരിപ്പിക്കുന്നതിന് ഒരു സ്ഥിരം വേദി എന്ന ആശയമാണ് സര്‍ക്കസ്-കാസില്‍ എന്ന ഈ വിഭാഗത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. അമേരിക്കയിലെ ലാസ് വേഗാസിലുള്ള സര്‍ക്കസ് സര്‍ക്കസ് എന്ന സ്ഥിരം സര്‍ക്കസ് വേദിയുടെ മാതൃകയിലാണ് സര്‍ക്കസ് പ്ലാനറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

image


കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ സര്‍ക്കസ് കാസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക ജനതയ്ക്കായി തുറന്നുകൊടുക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ സര്‍ക്കസ് രംഗത്തെ പ്രമുഖരായ ജെമിനി ശങ്കരന്‍, ചന്ദ്രന്‍ കോടിയേരി, സാവിത്രി, സര്‍ക്കസ് കലയുടെ പിന്നാമ്പുറവും ദുരിതവും ദു:ഖവും തൂലികയിലൂടെ പ്രതിഫലിപ്പിച്ച ശ്രീധരന്‍ ചമ്പാട് എന്നിവരെ ആദരിക്കും. ഡി.പി.ഐ കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ്, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല തുടങ്ങിയവര്‍ പങ്കെടുക്കും.മുഖ്യമന്ത്രി തമ്പിലെ വിസ്മയതാരമായ ആസാമില്‍ നിന്നെത്തിയ സോണിയ താപ്പയ്ക്ക് ഫ്‌ളാഗ് കൈമാറുന്നതോടെ സര്‍ക്കസ് കാസിലിന് തുടക്കമാകും. തുടര്‍ന്ന് സര്‍ക്കസ് കലാകാരന്‍മാരുടെ മിന്നും പ്രകടനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി അവതരിപ്പിക്കും.

image


കേരള സര്‍ക്കസിന്റെ പിതാവായ കീലേരി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ക്കുള്ള സമര്‍പ്പണമാണ് മാജിക് പ്ലാനറ്റിലെ സര്‍ക്കസ് കാസില്‍. മാജിക്കിന്റെ സഹോദര കലകൂടിയായ സര്‍ക്കസിന് സ്ഥിരം വേദിയൊരുക്കുന്നതിലൂടെ സര്‍ക്കസ് എന്ന കലയെ വളര്‍ത്താനും പ്രചുര പ്രചാരം നല്‍കാനും രക്തം വിയര്‍പ്പാക്കിയ കേരളത്തിന്റെ സ്വന്തം ജെമിനി ശങ്കരന്‍, ചന്ദ്രന്‍ കോടിയേരി, സാവിത്രി, സര്‍ക്കസ് കലയുടെ പിന്നാമ്പുറവും ദുരിതവും ദു:ഖവും തൂലികയിലൂടെ പ്രതിഫലിപ്പിച്ച ശ്രീധരന്‍ ചമ്പാട് എന്നിവര്‍ക്കുള്ള ആദരവു കൂടിയാവുകയാണ് സര്‍ക്കസ് കാസില്‍.

അന്യം നിന്നുകൊണ്ടിരിക്കുന്ന കലാരൂപങ്ങളുടെ പട്ടികയിലേയ്ക്ക് സര്‍ക്കസും വഴുതിമാറുന്ന അവസ്ഥഒരുക്കാതെ വേണ്ടത്ര പ്രോത്സാഹനവും സഹായവും നല്‍കി, അതിജീവനത്തിനായി പോരാടിക്കൊണ്ടിരിക്കുന്ന നിരവധി സര്‍ക്കസ് കലാകാരന്‍മാര്‍ക്ക്‌ സ്ഥിരം വേദിയൊരുക്കുകയാണ് ഈ നവപദ്ധതിയിലൂടെ.