ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ സോഹൻ റോയ്.

ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ സോഹൻ റോയ്.

Saturday February 11, 2017,

4 min Read

കടലിലെ മുത്തും സിനിമയിലെ മാണിക്യവുമായ് സോഹൻ റോയുടെ വിസ്മയ യാത്ര ഏവരെയും അതിശയിപ്പിക്കുന്നതാണ് .ഒരാൾക്ക് എങ്ങനെ ഒരേ സമയം വ്യത്യസ്തമായ മേഘലകളിൽ ശോഭിക്കാൻ കഴിയുമെന്ന് കാട്ടിത്തരുകയാണ് അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയുള്ള ജൈത്രയാത്രയിൽ വിജയം കൊയ്ത് മുന്നേറുകയാണ് സോഹൻ റോയി എന്ന മലയാളി.

image


1967ൽ പുനലൂരിൽ ഒരു സാധാരണ അദ്ധ്യാപക കുടുംബത്തിൽ ജനനം. കടലിനോടുള്ള അടങ്ങാത്ത ഇഷ്ടം കാത്ത് സൂക്ഷിച്ചിരുന്നു ആ ചെറുപ്പക്കാരൻ. അതു കൊണ്ട് തന്നെ ഉപരി പഠനം നേവൽ ആർക്കിടെക്ചറിൽ തിരഞ്ഞെടുക്കാനുള്ള അവസരം പാഴാക്കിയില്ല .. പോരാത്തതിന് ജ്യേഷ്ഠൻ ഷിപ്പ് ഡിസൈനറായിരുന്നതും സോഹന് മറൈൻ രംഗത്തേക്ക് വരാൻ പ്രചോദനമേകി. പഠിക്കുന്ന കാലത്തേ സംരംഭകത്വ മികവ് പ്രകടിപ്പിച്ചിരുന്നു അദ്ദേഹം. സ്വന്തമായൊരു ഡ്രൈ ക്ലീനിങ് സെന്ററും റ്റൈപ്പിങ് സെന്ററും ഇട്ട് സ്വന്തം ആവശ്യങ്ങൾക്കും ഫീസടക്കാനുമുള്ള വരുമാനം കണ്ടെത്തി സ്വയം പര്യാപ്തനാകണമെന്ന മോഹം പൂവണിയിച്ചു.

പഠനം പൂർത്തിയാക്കിയ ശേഷം മറൈൻ എൻജിനയറായി കരിയറിൽ തുടക്കം കുറിച്ചു. ആറ് വർഷം പല സ്ഥലങ്ങളിലായ് സേവനമനുഷ്ഠിച്ചു. എന്നാൽ അതു കൊണ്ട് തൃപ്തിപ്പെടാൻ അദ്ദേഹം കൂട്ടാക്കിയില്ല. സ്വന്തമായൊരു ബിസ്നസ് തുടങ്ങാനായിരുന്നു അദ്ദേഹത്തിന് താത്പര്യം. അങ്ങനെ 1998 ൽ ഏരിസ് മറൈൻ എന്ന സ്ഥാപനത്തിന് മിഡിൽ ഈസ്റ്റിൽ തുടക്കമായി. അഞ്ചു പേരോടൊപ്പമായിരുന്നു ആരംഭം. രണ്ടു വർഷത്തോളം ശമ്പളം പോലുമെടുക്കാനാകാതെ പ്രാഫമിക ആവശ്യങ്ങൾ നിറവേറ്റാൻ കഷ്ടപ്പെട്ട കാലം. എന്നാൽഷിപ്പിങ് ഇൻറസ്ട്രിയുടെ തകർച്ചയും സാമ്പത്തിക മാന്ദ്യവും ബിസ്നസിനെ തളർത്തുകയായിരുന്നു.എന്നാൽ മനസ്സിനെ തളർത്താൻ അദ്ദേഹം കൂട്ടാക്കിയില്ല. ഒരു രൂപ പോലും മിച്ചം പിടിക്കാൻ കഴിയാത്ത അവസ്ഥയിൽ നിന്ന് കോടികൾ ലാഭമുണ്ടാക്കാൻ കഴിയുന്ന കമ്പനിയാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. 

നിസ്വാർത്ഥ പ്രയത്നവും കഠിനാദ്ധ്യാനവും അർപ്പണബോധവും അദ്ദേഹത്തെ വാനോളം ഉയർത്തി. മെർച്ചന്റ് നേവിയിൽ ചേർന്ന ആദ്യ നേവൽ ആർക്കിട്ടകട് എന്ന ബഹുമതിയും സോഹന് സ്വന്തമായി. ഇന്റർനാഷനൽ മാരീടൈം ക്ലബിന്റെ  പ്രസിഡന്റ് പദവി അലങ്കരിക്കുന്ന ഇദ്ദേഹം ഒരു ഗിന്നസ് റെക്കോർഡ് ജേതാവ് കൂടിയാണ്. ഏരിസ് പുന്നമട ചുണ്ടനെന്ന ആശയസാഫല്യത്തിന് കിട്ടിയ അംഗീകാരമായിരുന്നു ഇത്. ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള സ്റ്റീൽ സ്നേക്ക്ബോട്ടാണിത്. 144 അടി നീളവും 141 പേർക്ക് തുഴയാനുള്ള സൗകര്യമുള്ളതാണ് ഏരിസ് പുന്നമടച്ചുണ്ടന്റെ പ്രത്യേകത. സേഫ് ബോട്ടൽ എന്ന ലക്ഷ്യറി സ്റ്റീൽ ഹൗസ് ബോട്ട് ഏരിസിന്റെ മറ്റൊരു പൊൻ തൂവലാണ്. ഒരിക്കിലും മുങ്ങില്ല എന്നതാണ് സവിശേഷത. സുരക്ഷിതത്വവും ലക്ഷ്യറിയും ഒരുമിക്കുന്നു ഇവിടെ .

image


എന്നാൽ ഈ മേഘലയിൽ മാത്രം തന്റെ സാമ്രാജ്യം ഒതുക്കാൻ സോഹൻ തയ്യാറായില്ല. കുട്ടിക്കാലം മുതൽക്കെ സിനിമയോട് അടങ്ങാത്ത ആഗ്രഹം വെച്ചു പുലർത്തിയിരുന്ന വ്യക്തിയായിരുന്നു സോഹൻ. നടൻ ദിലീപും താനും സംവിധായകൻ കമലിന്റെ അസിസ്റ്റാകാൻ പോയിരുന്നു എന്നാൽ ഇരുവരും വൈകിയതിനാൽ അവസരം നഷ്ടപ്പെട്ട് ഒരേ ദിവസം മടങ്ങേണ്ടി വന്നു. എന്നും സിനിമ ഒരു പാഷനായി മനസ്സിൽ കിടന്നിരുന്നു. തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനിടയിലും ആ മോഹം അണയാതെ അദ്ദേഹം മനസ്സിലിട്ട് താലോലിച്ചിരുന്നു. ആ മോഹത്തിന്റെ സാക്ഷാത്കാരത്തിന്റെ ആദ്യ പടിയായ് ഹോളീവുഡ് ഫിലിം ഇൻസ്ടിറ്റൂട്ടിൽ നിന്നും ഡിപ്ലോമ എടുത്തതിനോടൊപ്പം മറൈൻ ബിസ്ടി വി എന്ന ചാനൽ പിറവിയെടുത്തു. ആഗോള കടൽ സംബന്ധിതമായ വിഷയങ്ങൾ ഉൾക്കൊളളിച്ച് കൊണ്ടുള്ളതാണ് ചാനൽ. സമുദ്ര സംബന്ധിത മേഘലയിലെ നൂതന വഴികൾ തുറന്ന് കാട്ടുന്ന ഷിപ്പ്ടെക്കെന്ന ആനുവൽ ഫ്ലാഗ് ഷിപ്പ് ഈവന്റിന്റെ ആശയത്തിനുടമയും സംഘാടകനുമാണ് ഇദ്ദേഹം. മറൈൻ ബിസ് ടിവിക്ക് പുറമെ മെഡിക്കൽ ചാനലായ മെഡി ബിസ് ടി വി യും സോഹൻ ജനങ്ങൾക്കായി സമ്മാനിച്ചു.

image


ചാനലുകളുടെ തുടക്കത്തോടെ ലഭിച്ച ആത്മവിശ്വാസം ഡാം 999 എന്ന ഹോളീവുഡ് ചിത്രത്തിന് പ്രചോദനമായി. അങ്ങനെ 18 വർഷത്തെ മുഴുവൻ സമ്പാദ്യവും ചിലവാക്കി പൂർണമായി ഇന്ത്യയിൽ മാത്രം ചിത്രീകരിച്ച ആദ്യ ഹോളീവുഡ് ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കി. നിർമ്മാണം മാത്രമല്ല ഗാനരചനയും തിരക്കഥയു സംവിധാനവും നിർവ്വഹിച്ചത് അദ്ദേഹം തന്നെയായിരുന്നു. ഒരു സാധാരണ ചിത്രം ഒരുക്കാൻ സോഹന് താത്പര്യമില്ലായിരുന്നു. വ്യത്യസ്തമായ ഒന്ന് ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നു മാണ് ഡാം 999 ന്റെ ഉത്ഭവം. 91 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ വാരിക്കൂട്ടി. 5 ഓസ്കാർ സെലക്ഷൻസു നേടിയ ആദ്യ ഇന്ത്യൻ ചിത്രമെന്ന ബഹുമതിയും ഡാം999 സ്വന്തമാക്കി. പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകുന്നതിനൊപ്പം 1975 ലെ ഡാം ദുരന്തത്തിൽപ്പെട്ടവർക്ക് വേണ്ടി ഒരു സമർപ്പണം കൂടിയാണ് ഈ ചിത്രം.ഇന്ത്യയിൽ ചിത്രം വേണ്ട വിധത്തിൽ അംഗീകരിക്കപ്പെട്ടില്ലെങ്കിലും വിദേശികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. വിദേശ ഫിലിം ഫെസ്റ്റുകളിലെ താരമായി മാറിയ ചിത്രം ഒട്ടേറെ വേദികളിൽ പ്രദർശിക്കപ്പെടുന്നതിനോടൊപ്പം നിരവധി അവാർഡുകളും കരസ്ഥമാക്കി. അഞ്ച് വർഷമായെങ്കിലും ഡാം 999 ന്റെ യാത്ര അവസാനിച്ചിട്ടില്ല.ഇപ്പോഴും ചിത്രത്തിന്റെ അലയൊലികൾ മാറ്റൊലിക്കൊള്ളുന്നു. ഡാം 999 ന് പുറമെ നിരവധി അവാർഡിനർഹമായ ചിത്രങ്ങളുടെയും ഡോക്യുമെന്ററികളുടെയും പിന്നിലും സോഹൻ റോയി ഭാഗമായി. കുവൈത് യുദ്ധത്തെപ്പറ്റിയുള്ള ചിത്രമാണ് അടുത്ത ചിത്രം.

image


തിരക്കഥകൾ എഴുതുന്നതിന് പുറമെ നൂറിലേറെ ഗാനങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടിയിൽ ഉൾപ്പെടുന്നു. മുരളിക പോലുള്ള നൂറിലധികം ഗാനങ്ങളിലൂടെ എഴുതി എഴുതാനുള്ള പ്രാവീണ്യവും അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. കോളേജ് കാലഘട്ടത്തിൽ തന്നെ ഗാന രചനയിൽ അദ്ദേഹം വാസന പ്രകടിപ്പിച്ച് തുടങ്ങിയിരുന്നു. പ്രതിഫലേച്ഛയില്ലാതെയാണ് ഈ കലാകാരന്‍ ഗാനരചന നിര്‍വഹിക്കുന്നത്.സാങ്കേതികവിദ്യയുടെ പുരോഗമനം ഫലപ്പെടുത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതിൽ സമ്പൂർണ വിജയം കൈവരിക്കുകയും ചെയ്തു. അതിന് ഉദാഹരണമാണ് വിസ്മയാസ് മാക്സ് എന്ന മോഹൻലാലിന്റെ സ്റ്റുഡിയോ സ്വന്തമാക്കി അദ്ദേഹം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയത്. പൂർണമായി പോസ്റ്റ് പ്രൊഡക്ഷൻ നിർവ്വഹിക്കുന്നുണ്ടിവിടെ. എഡിറ്റിങ്, ഡബിങ് , റെക്കോർഡിങ്, ATMOS, സൗണ്ട് മിക്സിങ് തുടങ്ങി സിനിമ മേഖലയ്ക്ക് വേണ്ട സജ്ജീകരണങ്ങൾ സിനിമ വ്യവസായത്തിനൊരു മുതൽക്കൂട്ടാണ്. ഏരിസ് എപിക്കയും സാങ്കേതികവിദ്യയുടെ സഹായത്തോടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ 3D നിലവാരത്തിൽ പകർത്തി വിഷ്വൽ എൻജിനിയർക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരമൊരുക്കുന്നു. ഒപ്പം ജീവിതത്തിലെ സുവർണ നിമിഷങ്ങൾ സുന്ദരമാക്കുന്നു.തിരുവനന്തപുരത്തെ ഏരിസ് പ്ലക്സ് ഏഷ്യയിലെ ആദ്യ ഡബിൾ 4 K മൾട്ടിപ്ലക്സ് തിയേറ്ററായി ഉയർത്തിയതിന്റെ പിന്നിലും അദ്ദേഹത്തിന്റെ കൈകളാണ്.

സിനിമയുടെ ഉന്നമനമെന്ന ആഗ്രഹ സാക്ഷാത്കാരത്തിന്റെ ഭാഗമായി പ്രൊജക്ട് ഇൻഡീവുഡിന് ജന്മം നൽകിയിരിക്കുകയാണ് അദ്ദേഹം. ഇന്ത്യൻ സിനിമയെ അഞ്ച് വർഷത്തിനുള്ളിൽ ഹോളിവുഡ് നിലവാരത്തിലേ ക്ക് എത്തിക്കുക എന്ന ലക്ഷ്യമാണിതിന് പിന്നിൽ. 2000 ത്തോളം കോർപറേറ്റുകളുടെ സഹവർത്തിത്തോടെ 70000 കോടി മുതൽ മുടക്കിൽ ആരംഭിക്കുന്ന ഈ സംരംഭം വിജയം കാണുമെന്നതിൽ സംശയമില്ല. ലോക നിലവാരത്തിലേക്ക് ഇന്ത്യൻ സിനിമയെ എത്തിക്കാനുള്ള പ്രാരംഭ ഘട്ട നടപടികൾ ആരംഭിച്ചു കഴിഞ്ഞു. TIME എന്ന സോഫ്റ്റ് വെയറിനു പിന്നിലും സോഹൻ റോയുടെ കരങ്ങളാണ്.ഉദ്യോഗാർത്ഥികൾ തങ്ങളുടെ സമയം വേണ്ട വിധം ഫലപ്രദമായ് ഉപയോഗിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. മിനിറ്റിനടിസ്ഥാനത്തിൽ ചെയ്ത പ്രവർത്തികൾ രേഖപ്പെടുത്തി സ്വയം മെച്ചപ്പെടാനും തന്റെ കഴിവുകളെ അളക്കാനും ഇത് സഹായിക്കുന്നു.

image


ഉദ്യോഗാർത്ഥികളിൽ ഉത്തരവാദിത്വം ഉണ്ടാക്കാനും അർപ്പണബോധത്തോടെ പ്രവർത്തിക്കാനും 50 ശതമാനം ലാഭം അവർക്ക് വീതിച്ച് നൽകി മാതൃക കാട്ടുകയാണ് സോഹൻ റോയ്. മക്കളെ കമ്പനിയെ സേവിക്കാൻ പാകത്തിന് വളർത്തിക്കൊണ്ടു വന്ന ഉദ്യോഗാർത്ഥികളുടെ മാതാപിതാക്കൾക്ക് ആജീവനാന്ത പെൻഷൻ തുടങ്ങിയ പ്രവർത്തികൾ ആത്മാർത്ഥതയോടെ പ്രവർത്തിക്കാൻ പ്രചോദനമേകുന്നു. മനുഷ്യ മൂല്യങ്ങളെ കാത്ത് സൂക്ഷിക്കുന്ന ഇത്തരം പ്രവർത്തികൾ മാതൃകാപരമാണെന്നതിൽ സംശയമില്ല.

ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നുണ്ട് സോഹൻ റോയ്. ആദ്യത്തെ ചാരിറ്റി സിനിമയായ ജലം അദ്ദേഹത്തിന്റെ സംഭാവനയാണ്. ഒട്ടേറെ സ്ത്രീ ശാക്തീകരണ പരിപാടികൾ സംഘടിപ്പിച്ച് അവരെ സ്വയം പര്യാപ്തരാക്കുകയെന്ന ലക്ഷ്യവും വരുമാനം കണ്ടെത്താനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.നേപ്പാൾ ഭൂകമ്പത്തിൽ നിരാലമ്പരായവർക്ക് കൈത്താങ്ങായത് ഉദ്യോഗാർത്ഥികളുടെ ഒരു ദിവസത്തെ വേതനം അശരണർക്ക് നൽകി കൊണ്ടാണ്. ചെന്നൈ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവർക്കും ഏരിസ് തണലായെത്തി.ദേശമംഗലത്ത് 10 ഏക്കറിൽ 250 ഓളം ചെടികൾ നട്ടുപിടിപ്പിക്കുന്നതിനോടൊപ്പം നെൽപ്പാടവുമൊരുക്കി പ്രകൃതിയോട് കൂടുതൽ അടുക്കാനുള്ള തയ്യാറെടുപ്പിലാണിവർ.എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന് ശക്തി പകർന്നെത്തുന്നത് ഇന്റീരിയർ ഡിസൈനർ കൂടിയായ ഭാര്യ അഭിനിയാണ്. 15 ഓളം രാജ്യങ്ങളിൽ 45 കമ്പനികൾ പടുത്തുയർത്തി ഭാര്യ അഭിനിയോടും ഇരട്ടക്കുട്ടികളായ നിവേദ്യ നിർമ്മാല്യയോടൊപ്പമുള്ള വിസ്മയ യാത്ര അദ്ദേഹം തുടരുകയാണ്.

image


അഭിപ്രായങ്ങൾ തുറന്ന് പറയാൻ അദ്ദേഹം ഒരിക്കലും മടി കാട്ടിയിട്ടില്ല. രാഷ്ട്രീയമാകട്ടെ പരിസ്ഥിതി യാകട്ടെ സിനിമയാകട്ടെ തന്റെ കാഴ്ചപ്പാടുകൾ തുറന്നടിച്ച് പറയാനുള്ള ചങ്കൂറ്റം പ്രകടിപ്പിച്ചിട്ടുള്ള അദ്ദേഹം നമുക്കൊരു മുതൽക്കൂട്ടാണെന്നതിൽ സംശയമില്ല. ഫോർബ്സ് ടോപ്പ് ഇന്ത്യൻ ലീഡറായി മിഡിൽ ഈസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സോഹൻ നാമേ വരുടെയും അഭിമാനമാണ്. ബിസ്നസ് സാമ്രാജ്യത്തിൽ മികവ് പുലർത്തി സോഹൻ കേരളീയരുടെ അഭിമാനമായി മുന്നോട്ട് പോകുമ്പോൾ കൈകടത്തിയ മേഘലകളിൽ എല്ലാം തുടർന്നും വിജയക്കൊയ്ത്ത് നടത്തട്ടെ എന്ന് ഇന്ത്യൻ ജനത പ്രത്യേകിച്ച് കലാസ്വാദകർ ആശംസിക്കുന്നു.