സൈബര്‍ കള്ളന്മാരെ കുടുക്കാന്‍ കേരള പോലീസിന്റെ സൈബര്‍ ഡോം

0

സൈബര്‍ കള്ളന്മാര്‍ സൂക്ഷിക്കുക, നിങ്ങള്‍ വലയിലായേക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരളാ പോലീസിന്റെ പുതിയ പദ്ധതിക്ക് തുടക്കമായി. സൈബര്‍ ഡോം എന്ന് പേര് നല്‍കിയിരിക്കുന്ന പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പദ്ധതി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വര്‍ധിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക, സൈബര്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനുള്ള ഉപാധികള്‍ ഏകോപിപ്പിക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങളോടെയാണ് സൈബര്‍ ഡോം പ്രവര്‍ത്തിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനുമായി ഇന്ത്യയില്‍ ആദ്യമായാണ് പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഇത്തരമൊരു കേന്ദ്രം ആരംഭിക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാണ് സൈബര്‍ ഡോമിന്റെ ആസ്ഥാനം. 

2500 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ടെക്‌നോപാര്‍ക്കിലെ തേജസ്വിനി അനക്‌സില്‍ പൂര്‍ത്തിയായിട്ടുള്ള 'സൈബര്‍ ഡോം' ടെക്‌നോളജി സെന്റര്‍ നിലവില്‍ വരുന്നതോടെ കേരള പോലീസിന് സൈബര്‍ അനുബന്ധ കുറ്റകൃത്യങ്ങളുടെ നിരീക്ഷണം, സൈബര്‍ കേസുകളുടെ അന്വേഷണം തുടങ്ങിയവ കൂടുതല്‍ കാര്യക്ഷമമായി നിര്‍വഹിക്കുവാന്‍ വഴിയൊരുങ്ങുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍ പറഞ്ഞു.വിവരസാങ്കേതിക വിദ്യയുടെ എല്ലാ വശങ്ങളും അടിസ്ഥാനമാക്കി സൈബര്‍ ഫോറന്‍സിക്, സൈബര്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഇന്‍സിഡന്‍സ് റെസ്‌പോണ്‍സ്, ഇന്റര്‍നെറ്റ് മോണിറ്ററിങ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ കണ്ടെത്തല്‍, വിഒഐപി/സ്‌കൈപ് കാള്‍ വിശകലനം, സൈബര്‍ ഭീകരവാദം തടയല്‍, ഡാര്‍ക്ക് നൈറ്റ് എക്‌സ്‌പ്ലോറിങ് തുടങ്ങിയ വിവിധതരം പ്രവര്‍ത്തനങ്ങള്‍ സൈബര്‍ ഡോമില്‍ നടക്കും. കൂടാതെ, സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നിരീക്ഷിക്കുന്നതിനുമായി സോഷ്യല്‍ മീഡിയ വിശകലന ലാബും ഇതിന്റെ ഭാഗമായി ഉണ്ടാകും. 

പോലീസ്, മറ്റ് ഇതര ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് സൈബര്‍ സെക്യൂരിറ്റിയില്‍ പരിശീലനബോധവത്കരണ ക്ലാസുകള്‍ ഇവിടെ നടക്കും. പൊതുജനങ്ങള്‍ക്കും പോലീസിനും ഉപകാരപ്രദമാകുന്ന രീതിയിലുള്ള സോഫ്ട് വെയറുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ടീമും ഈ സെന്ററിന്റെ ഭാഗമായുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.സൈബര്‍ സുരക്ഷാ രംഗത്ത് പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭമായ സൈബര്‍ഡോമില്‍ സന്നദ്ധ സേവനത്തിലൂന്നി ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള അഞ്ഞൂറോളം ഐ ടി പ്രൊഫഷണലുകളും സൈബര്‍ സെക്യൂരിറ്റി വിദഗ്ധരും സഹകരിച്ചു പ്രവര്‍ത്തിക്കും. കൂടാതെ മുന്‍നിര ഐടി കമ്പനികളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ഡിവൈഎസ്പി യുടേയും സിഐ യുടേയും കീഴില്‍ ഐടി വിദഗ്ദരായ 10 പോലീസ് ഉദ്യോഗസ്ഥര്‍ ഇവിടെയുണ്ടാകുമെന്ന് സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്ന പദ്ധതിയുടെ നോഡല്‍ ഓഫീസറും തിരുവനന്തപുരം റേഞ്ച് ഐജിയുമായ മനോജ് എബ്രഹാം പറഞ്ഞു.

ഇക്കഴിഞ്ഞ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ വൈഫൈ സെക്യൂരിറ്റി സംവിധാനം കാര്യക്ഷമമായി നടത്തി സാങ്കേതിക മികവ് തെളിയിക്കുവാന്‍ ഇതിനകം സൈബര്‍ ഡോമിനു കഴിഞ്ഞിട്ടുണ്ട. ഡെയ്‌ലി ഹണ്ട്, ഇന്ത്യന്‍ റെയില്‍വേ തുടങ്ങിയ സംഘടനകളുമായി ചേര്‍ന്ന് ചൈല്‍ഡ് ട്രാക്കിങ് സംവിധാനവും ഇവര്‍ വികസിപ്പിച്ചു. നിരവധി ഗവണ്‍മെന്റ് വെബ്‌സൈറ്റുകളുടെ പെനിട്രേഷന്‍ ടെസ്റ്റിങ് നടത്തി സുരക്ഷാന്യൂനതകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുവാനും ഇതിനകം കഴിഞ്ഞിട്ടുണ്ട്.

കര്‍ശന പരിശോധനക്ക് ശേഷമാകും വിദഗ്ധരെയും കമ്പനികളെയും സൈബര്‍ ഡോമിന്റെ ഭാഗമാക്കുന്നത്. സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമേ കേരളത്തിലെ വിവിധ സൈബര്‍ സ്റ്റേഷനുകളിലും ജില്ലാ സൈബര്‍ സെല്ലുകളിലും വരുന്ന കേസുകളുടെ ഏകോപനം , അവര്‍ക്ക് ആവശ്യമുള്ള സാങ്കേതിക സഹായങ്ങള്‍, സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നത് തടയാനുള്ള നിരീക്ഷണ സംവിധാനം എന്നിവയെല്ലാം സൈബര്‍ ഡോമില്‍ ഉണ്ടാകും. ആഭ്യന്തരവകുപ്പ് സെക്രട്ടറി ചെയര്‍ പേഴ്‌സണും ക്രൈം എ ഡി ജി പി ചെയര്‍മാനുമായുള്ള പദ്ധതി നിര്‍വഹണ ബോര്‍ഡിനാണ് സൈബര്‍ ഡോമിന്റെ ചുമതല. 2013ല്‍ സംസ്ഥാന പോലീസ് മേധാവിയായിരുന്ന കെ എസ് ബാലസുബ്രമണ്യമാണ് സൈബര്‍ ഡോം എന്ന ആശയം മുന്നോട്ടുവച്ചത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന പുതു തലമുറയില്‍ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം ഏറെയാണ്.


അനുബന്ധ സ്‌റ്റോറികള്‍

1. ഇതു താന്‍ട്ര പോലീസ്: സ്വന്തം ജീവിതം പണയംവെച്ച് മറ്റൊരു ജീവന്‍ രക്ഷിച്ച സജീഷ് കുമാറിന് അഭിനന്ദന പ്രവാഹം

2. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് ക്ലീന്‍ കാമ്പസ് സേഫ്കാമ്പസ് മുന്നേറ്റം

3. ഒരു ലക്ഷം രക്ത ദാതാക്കളുടെ കൂട്ടായ്മയുമായി ജീവദായിനി

4. സന്നിധാനത്തിന്റെ സുരക്ഷക്ക് ഡോക്ടര്‍ പോലീസ്; സുരക്ഷയുടെ കണ്ണുകള്‍ ചിമ്മാതെ നേത്രയും

5. ബ്രൂസ് ലീയ്ക്ക് പ്രചോദനമേകിയ ഗാമ