ഒഡിഷയിലെ വെളിച്ചം

0

നയന പത്ര ഒരു പാഠപുസ്തകമാണ്. നമ്മുടെ ദയാബായിയെപ്പോല, സഹജീവികള്‍ക്കായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരമ്മ. ഒന്നുമല്ലാതായിരുന്ന ഒരു പിന്നോക്ക ആദിവാസി ഗ്രാമത്തെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച സൂപ്പര്‍സ്റ്റാര്‍. ഓഡിഷയിലെ ദെന്‍കനാല്‍ ജില്ലയിലെ ബറ്വാന്‍ ഗ്രാമപഞ്ചായത്തിനാണ് നയന പത്ര എന്ന 45കാരിയുടെ സേവനങ്ങള്‍ മുതല്‍ക്കൂട്ടാകുന്നത്. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിരുന്ന നയനയ്ക്ക് തന്റെ പ്രവര്‍ത്തന മേഖലയില്‍ ഏറെ ബുദ്ധിമുട്ടനുഭവിച്ചത് ഗ്രാമീണരുടെ മദ്യപാനമാണ്. മദ്യപിച്ച് മരിച്ചുപോകുന്ന തലമുറകളെ രക്ഷിക്കുക എന്ന ആഗ്രഹമാണ് തന്റെ ജീവിതത്തിന് അര്‍ഥമുണ്ടാക്കിയതെന്ന് അവര്‍ പറയുന്നു. നിരന്തരമായ പ്രവര്‍ത്തനത്തിനൊടുവില്‍ ഗ്രാമവാസികളുടെ മദ്യപാനശീലം കുറയ്ക്കാനും ജീവിതമൂല്യങ്ങള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കാനും നയനയ്ക്കായി. വിദ്യാഭ്യാസമില്ലായ്മയാണ് താനുള്‍പ്പെടുന്ന ഗ്രാമത്തിന്റെ ശാപമെന്ന് തിരിച്ചറിഞ്ഞ അവര്‍ വിപ്ലവകരമായ ഒരു തീരുമാനമെടുത്തു. എങ്ങനെയും ഗ്രാമത്തില്‍ ഒരു സ്‌കൂള്‍ പണിയുക. കൊടുംകാട്ടിലൂടെ കിലോമീറ്ററുകള്‍ നടന്ന് പോയി പഠിക്കാന്‍ വിസമ്മതിച്ചിരുന്ന പുതുതലമുറ മദ്യപാനത്തിലേക്ക വഴിതെറ്റിവീഴുന്നത് ഇതുവഴി തടയാനാകുമെന്ന് അവര്‍ സ്വപ്‌നം കണ്ടു.

യാഥാര്‍ഥ്യത്തിലേക്ക് അടുത്തപ്പോള്‍ ഇത് അത്രഎളുപ്പമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. ജനപ്രതിനിധി കൂടിയായിരുന്ന നയന അതിനായി കണ്ടെത്തിയ വഴി സ്ത്രീകളെ ഒപ്പം കൂട്ടുക എന്നതാണ്. അതില്‍ അവര്‍ പൂര്‍ണ വിജയം കണ്ടു. തങ്ങള്‍ക്കില്ലാത്ത വിദ്യാഭ്യാസം മക്കള്‍ക്ക് ലഭിക്കാന്‍ ബറ്വാന്‍ ഗ്രാമവാസികള്‍ നയനയ്‌ക്കൊപ്പം നിന്നു. സ്‌കൂള്‍ പണിയാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഫണ്ടുകള്‍ ശേഖരിക്കാന്‍ നയനയ്ക്കും കൂട്ടര്‍ക്കുമായി. കാത്തിരുപ്പുകള്‍ക്കൊടുവില്‍ ബറ്വാന്‍ ഗ്രാമത്തില്‍ ഉയര്‍ന്നത് പെണ്‍കുട്ടികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളാണ്. 150 വിദ്യാര്‍ഥിനികളാണ് ഇവിടെ മികച്ച ഭാവി സ്വപ്‌നംകണ്ട് വിദ്യഅഭ്യസിക്കുന്നത്. നയനയും ഗ്രാമീണരും ഒന്നിച്ചപ്പോള്‍ മദ്യപാനമെന്ന വിപത്തിനെയും അവിടെ നിന്ന് തുടച്ചു നീക്കാനായി എന്നതും ശ്രദ്ധേയമാണ്. മദ്യപിച്ച് കാണ്ടെത്തുന്നവരുടെ പക്കല്‍ നിന്ന് പിഴ ഈടാക്കിയാണ് ഈ വെല്ലുവിളി അവര്‍ ഏറ്റെടുത്തത്. അതില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ട് ഗ്രാമത്തില്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കുക എന്ന ആശയവും നയനയുടേതാണ്. ഇതോടെ പഴിപിരിക്കുന്ന കാര്യത്തില്‍ ഗ്രാമീണരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ആറ് പൊതു ശൗചാലയങ്ങള്‍ പണിത് ബറ്വാന്‍ ഗ്രാമം രാജ്യത്തിനു തന്നെ മാതൃകയാക്കാന്‍ അവര്‍ക്കായി.

നയനയും കൂട്ടരും പിന്നീട് ലക്ഷ്യമിട്ടത് ക്വാറി, വനം മാഫിയകളെയാണ്. ശക്തമായ പ്രകമ്പനങ്ങള്‍ ഉണ്ടാക്കി പാറപൊട്ടിക്കുകയും വനംകൊള്ളയടിക്കുകയും ചെയ്യുന്ന സംഘത്തെ ചെറുക്കാന്‍ ഒരു പെണ്‍പടയെ തന്നെ നയന പത്ര ഒരുക്കി. വനിതകളുടെ മേല്‍നോട്ടത്തില്‍ ഗ്രാമത്തിലെ 250 ഏക്കറോളം വരുന്ന വനമേഖലയ്ക്ക് സംരക്ഷണം തീര്‍ക്കുന്നു. വനിതാസംഘത്തിന്റെ പെട്രോളിംഗില്‍ കാട് ഇപ്പോള്‍ സ്വതന്ത്രയാണെന്ന് നയന ആശ്വാസത്തോടെ പറയുന്നു. കൂടാതെ ഗ്രാമത്തില്‍ ഉപയോഗശൂന്യമായി കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍ കശുമാവ് നട്ടുവളര്‍ത്തി കൃഷിക്കാരിയുടെ റോളും നയന ഏറ്റെടുത്തു. സാധാരണ ഒരു ഗ്രാമവാസിയായ നയനയുടെ ആത്മാര്‍ഥതയ്ക്ക് ജനം അവള്‍ക്ക് നല്‍കിയ പിന്തുണയാണ് രണ്ടാം തവണയും വന്നു ചേര്‍ന്ന വാര്‍ഡ് മെമ്പര്‍ പദവി. 2013ലെ മികച്ച വനിതാ പ്രതിനിധിക്കുള്ള എക്‌സലന്‍സ് അവാര്‍ഡും നയനയെ തേടിയെത്തി. നീതിക്കും സൗകര്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ പടിക്കെട്ടുകള്‍ കയറിയിറങ്ങുന്നതില്‍ നയന ഒരു അതൃപ്തിയും പ്രകടിപ്പിച്ചിട്ടില്ല. മനസുണ്ടെങ്കില്‍ എല്ലാം നടക്കും എന്ന് പറയുന്ന നയന പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരു ഗ്രാമീണ വനിതയാണ്. ഇത്തരം നേതാക്കള്‍ ഇനിയും ഉയര്‍ന്നുവരാന്‍ നയന പത്രയുടെ ജീവിതം ഒരു പ്രചോദനമാകട്ടെ.