വിവാദങ്ങള്‍ പ്രതിച്ഛായയെ ബാധിച്ചു, പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നില്ല: സിപിഎം  

0

അധികാരമേറ്റ ശേഷം വിവാദങ്ങള്‍ ഇടതു സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചെന്നും സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനത്തില്‍ കാര്യമായ വീഴ്ച സംഭവിച്ചെന്നും സിപിഎം. രണ്ടു ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിവ്യൂ റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിനെതിരായ വിമര്‍ശനം.

സര്‍ക്കാര്‍ ജനോപകാരപ്രദമായ പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കി. എന്നാല്‍, ഈ പദ്ധതിള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ പാളിച്ചയുണ്ടായി. മാധ്യമങ്ങടക്കം ദിനംതോറും സര്‍ക്കാരില്‍ നിന്നുണ്ടാകുന്ന വിവാദങ്ങള്‍ക്കാണ് പ്രധാന്യം നല്‍കിയത്. ആഭ്യന്തരവകുപ്പില്‍ നിന്നടക്കം ദിവസവും ഉണ്ടായ വിവാദങ്ങള്‍ പൊതുസമൂഹത്തില്‍ ഇടതു സര്‍ക്കാരിന്‍റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ താഴെത്തട്ടിലെത്തിക്കാന്‍ പാര്‍ട്ടിഘടകങ്ങളും പരാജയപ്പെട്ടു. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. ഹരിതമിഷന്‍ പോലുള്ള പദ്ധതികള്‍ പോലും കാര്യമായി ശ്രദ്ധയാകര്‍ഷിച്ചില്ല.

സ്ത്രീസുരക്ഷ അടക്കം വിഷയങ്ങളില്‍ സര്‍ക്കാര്‍ പരാജയമാണെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. വിവാദങ്ങള്‍ ഒന്നവസാനിക്കുമ്പോള്‍ മറ്റൊന്നും രംഗപ്രവേശം ചെയ്തു കൊണ്ടിരുന്നു. പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായ മിക്ക വീഴ്ചകളും സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നു. ഇടതു സര്‍ക്കാരിന്‍റെ നയങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ നടപ്പാക്കാനായില്ല.

റേഷന്‍ വിഷയത്തിലും അരിയടക്കം അവശ്യസാധനങ്ങളുടെ വിലക്കയറ്റവും നിയന്ത്രിക്കാന്‍ ആദ്യഘട്ടത്തില്‍ പരാജയപ്പെട്ടത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. കൃത്യമായ സമയങ്ങളില്‍ ഉചിതായ തീരുമാനമെടുക്കുന്നതില്‍ പല വകുപ്പുകളും പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന്‍റെ മധുവിധുകാലം അവസാനിച്ചെന്നും പ്രവര്‍ത്തനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ അതു മുന്നണിയേയും സര്‍ക്കാരിനേയും ദോഷകരമായി ബാധിക്കും. സര്‍ക്കാരിന്‍റെ സുപ്രധാന പദ്ധതികളില്‍ സമൂഹത്തിന്‍റെ താഴെത്തട്ടില്‍ എത്തിക്കാനുള്ള ചുമതല പാര്‍ട്ടി ഘടകങ്ങള്‍ ഏറ്റെടുക്കണമെന്നും സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നു.