പ്ലാസ്റ്റിക് കവര്‍ നിരോധനം: വ്യാപാരികളും ജനങ്ങളും പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളിലേക്ക്  

0

കൊല്ലം ജില്ലയില്‍ 50 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക് കവറുകളുടെ വിപണനം നിരോധിച്ചതോടെ വ്യാപാരികളും ജനങ്ങളും പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളിലേക്ക് ചുവടു മാറ്റിത്തുടങ്ങി. ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുന്ന മത്സ്യമാര്‍ക്കറ്റുകളിലാണ് മാറ്റം കൂടുതല്‍ പ്രകടമാകുന്നത്. പലയിടത്തും മത്സ്യ വ്യാപാരികള്‍ പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കി പേപ്പറുകളില്‍ പൊതിഞ്ഞാണ് മത്സ്യം നല്‍കുന്നത്. മത്സ്യം വാങ്ങുന്നതിന് വീടുകളില്‍ നിന്ന് സഞ്ചികളും പാത്രങ്ങളും കൊണ്ടുവരുന്നവരുടെ എണ്ണവും വര്‍ധിച്ചുതുടങ്ങി. 

ബേക്കറികളില്‍ വ്യാപകമായിരുന്ന നിരോധിച്ച കവറുകള്‍ക്ക് പകരം ബ്രൗണ്‍ പേപ്പര്‍ കവറുകള്‍ തിരികെ എത്തിയിട്ടുണ്ട്. ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി എത്തുമ്പോള്‍ പാത്രങ്ങളും, സഞ്ചിയും കരുതുന്നുണ്ടെന്ന് വ്യാപാരികളും പറയുന്നു. പ്ലാസ്റ്റിക് കവര്‍ നിരോധനത്തിന്റെ പൊതു താല്‍പ്പര്യം പരിഗണിച്ച് അനേകംപേര്‍ പിന്തുണ നല്‍കുന്നത് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്ന് ജില്ലാ കളക്ടര്‍ ഡോ മിത്ര റ്റി പറഞ്ഞു. കുടുംബശ്രീയും, സ്വകാര്യ സംരംഭകരും മുന്‍കൈയ്യെടുത്ത് പ്ലാസ്റ്റിക്കിന് പകരം തുണി, പേപ്പര്‍ സഞ്ചികള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ വ്യാപകമായി സ്ഥാപിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. പൊതു സ്ഥലങ്ങളിലും ജലാശയങ്ങളിലും പ്ലാസ്റ്റിക് കവറുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതും കത്തിക്കുന്നതും ആരോഗ്യത്തിന് ഭീഷണിയായതോടെയാണ് ഏപ്രില്‍ ഒന്നു മുതല്‍ ജില്ലയില്‍ 50 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക് കവറുകള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കടകളില്‍ നിന്നും സൗജന്യമായി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി കൃഷ്ണകുമാര്‍ പറഞ്ഞു. 

50 മൈക്രോണോ അതിന് മുകളിലോ ഉളള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കണമെങ്കില്‍ വ്യാപാരികള്‍ നഗരസഭകളിലും ഗ്രാമ പഞ്ചായത്തുകളിലും രജിസ്റ്റര്‍ ചെയ്യണം. സൈക്കിളിലും ഉന്തുവണ്ടികളിലും തെരുവുകളിലും കച്ചവടം നടത്തുന്നവര്‍ ഉള്‍പ്പെടെയുളള എല്ലാ വ്യാപാരികളും രജിസ്റ്റര്‍ ചെയ്യണം. ഒരു മാസം കുറഞ്ഞത് 4000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് 48000 രൂപ പ്ലാസ്റ്റിക് പരിപാലന ഫീസായി വ്യാപാരികള്‍ അടയ്ക്കണം. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ അനധികൃത വിതരണവും ഉപയോഗവും തടയുന്നതിനായി കടകളിലും മാര്‍ക്കറ്റുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്