മാജിക്കെന്നാല്‍ മുതുകാട്

മാജിക്കെന്നാല്‍ മുതുകാട്

Monday May 16, 2016,

2 min Read

മാജിക്ക് എന്ന പദം കേള്‍ക്കുമ്പോള്‍ തന്നെ ഒപ്പം മനസില്‍ വരുന്ന വാക്കാണ് ഗോപിനാഥ് മുതുകാട്. കേരളത്തിന്റെ സ്വന്തം മജീഷ്യന്‍ എന്ന നിലയില്‍ നമുക്ക് ചിരപരിചിതനായ ഗോപിനാഥ് മുതുകാട് 1964 ഏപ്രില്‍ പത്താം തീയ്യതി മലപ്പുറം ജില്ലയിലെ കവളമുക്കട്ടയില്‍ കവണഞ്ചേരി കുഞ്ഞുണ്ണിനായരുടേയും മുതുകാട് ദേവകിയമ്മയുടെയും മകനായാണ് ജനിച്ചത്. ബാല്യകാലത്തു തന്നെ മാജിക്കിനോടുള്ള അഭിനിവേശത്താല്‍ പത്താം വയസു മുതല്‍ മാജിക്ക് പരിശീലനം ആരംഭിച്ചു. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ മുതുകാട് കോളജ് വിദ്യാഭ്യാസം മഞ്ചേരി എന്‍ എസ്സ് എസ്സ് കോളേജില്‍ നിന്നാണ് പൂര്‍ത്തിയാക്കിയത്. 

image


 ഗണിതശാസ്തത്തില്‍ ബിരുദം നേടിയ ഗോപിനാഥ് എല്‍ എല്‍ ബി പഠനം തുടങ്ങിയെങ്കിലും മാജിക്കിനോടുള്ള ആവേശം മൂലം പഠനം പാതി വഴി ഉപേക്ഷിച്ചു. ഭാവിയില്‍ ഇന്ത്യന്‍ മാജിക് രംഗത്ത് സ്വന്തം ഈടുവെപ്പുകള്‍ അവശേഷിപ്പിക്കാനായി മുതുകാട് ഈ രംഗത്ത് തന്നെ നിലയുറപ്പിച്ചു. 1985 മുതല്‍ പ്രൊഫഷണല്‍ മാജിക് രംഗത്ത് സജീവ സാന്നിധ്യമായ മുതുകാട് 1996ല്‍ ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമി സ്ഥാപിച്ചു. അക്കാദമിയുടെ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു. നിലമ്പൂര്‍ ആസ്ഥാനമാക്കി മുതുകാട് മാജിക്കല്‍ എന്റര്‍ടെയ്‌നേഴ്‌സ് എന്ന പേരില്‍ ഒരു മാജിക്ക് ട്രൂപ്പിനു രൂപം കൊടുത്തു. 

image


സാമൂഹ്യവും സാംസ്‌കാരികവുമായ വിഷയങ്ങളുമായി ഇഴ ചേര്‍ത്ത് ഇത്രയധികം തീമുകള്‍ അവതരിപ്പിച്ച ഒരു മജീഷ്യന്‍ ഇന്ത്യയില്‍ തന്നെ അപൂര്‍വമാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചു വരുന്ന മുതുകാടിന് മാജിക്കിനെ ആധുനികവല്‍ക്കരിച്ചതിനും ഈ രംഗത്ത് ഒട്ടേറെ പുതുമകള്‍ സൃഷ്ടിച്ചതിനും ലോകമാന്ത്രിക സംഘടനയായ ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് മെജിഷ്യന്‍സിന്റ വിശിഷ്ടാംഗീകാരവും മറ്റു നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 

image


2002ല്‍ വിസ്മയ ഭാരത യാത്ര 2004ല്‍ ഗാന്ധി മന്ത്ര, 2007ല്‍ വിസ്മയ് സ്വരാജ് യാത്ര, 2010ല്‍ മിഷന്‍ ഇന്ത്യ തുടങ്ങിയ സന്ദേശ ഭാരത യാത്രകള്‍ നടത്തി. ഇതിനിടെ തന്റെ വിജയകിരീടത്തിലെ തൂവലായി യൂണിസെഫിന്റെ അംഗീകാരം കൂടി മുതുകാടിനെ തേടിയെത്തി. കുട്ടികള്‍ക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നു നല്‍കാന്‍ തിരുവനന്തപുരത്ത് മുതുകാട് ആരംഭിച്ച കേന്ദ്രമാണ് മാജിക് പ്ലാനെറ്റ്. കഴക്കൂട്ടത്ത് കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലാണ് ഈ സ്ഥാപനം. ദിവസം രണ്ടു ഷോ ഉണ്ടാകും. അതു കഴിയുമ്പോള്‍ മറ്റൊരു വാതില്‍ തുറക്കപ്പെടും. അതിലൂടെ പുറത്തിറങ്ങാം. ഒരു കണ്‍കെട്ട് വിദ്യയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് ഈ മാജിക് പ്ലാനെറ്റ്. ഓരോ ചുവടിലും വിസ്മയം നിറയ്ക്കുന്ന മാജിക് പ്ലാനെറ്റ്.

image


ഇലക്ഷന് മുന്നോടിയായി അദ്ദേഹം ജനാധിപത്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനായുള്ള പ്രത്യേക ഷോയും നടത്തി ശൂന്യതയില്‍ നിന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലോഗോ എടുത്താണ് അദ്ദേഹം അന്താരാഷ്ട്ര പ്രതിനിധികളെ അമ്പരപ്പിച്ചത്. എല്ലാ രാജ്യങ്ങളിലും ജനാധിപത്യമെന്ന മഹത്തായ ആശയത്തെ പ്രചരിപ്പിക്കുവാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് സദസ്സിനെ വിസ്മയിപ്പിച്ചുകൊണ്ട് മുതുകാട് ലോഗോ പ്രത്യക്ഷപ്പെടുത്തിയത്.