വൈകല്യം തളര്‍ത്താത്ത കഴിവുകളുമായി പ്രശാന്ത്

0

തിരുവനന്തപുരം: വൈകല്യം തളര്‍ത്താത്ത ഓര്‍മശക്തിയും കഴിവുകളുമായി അത്ഭുത പ്രതിഭാസമായി പ്രശാന്ത്. കണക്കിലും സംഗീതത്തിലുമാണ് ഈ മിടുക്കന്‍ മികവ് പുലര്‍ത്തുന്നത്. ശാരീരികമായ കുറവുകളോടെയാണ് കരമന തളിയല്‍ ഡി ബി സ്ട്രീറ്റീല്‍ 201 പ്രശാന്തില്‍ ചന്ദ്രന്റെയും സുഹിതയുടെയും മകന്‍ പ്രശാന്ത് ജനിച്ചത്. എന്നാല്‍ കുറവുകളെ അതിജീവിച്ച് ഓര്‍മശക്തിയിലും കണക്കിലും സംഗീതത്തിലും പ്രതിഭാസമാവുകയാണ് ഈ 17കാരന്‍.

ജനിച്ചപ്പോള്‍ തന്നെ അന്ധനും ബധിരനും സംസാരശേഷിയില്ലാത്തയാളുമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ പ്രശാന്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ബുദ്ധിവൈഭവവും അകക്കാഴ്ചയും കൊണ്ട് ഓര്‍മശക്തിയില്‍ കമ്പ്യൂട്ടറിനെപ്പോലും തോല്‍പ്പിക്കുകയാണ്. ഗര്‍ഭാവസ്ഥയില്‍ മൂന്നുമാസം കഴിഞ്ഞപ്പോള്‍ കണ്ണുകളുടെ വളര്‍ച്ച നിലച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ജനിച്ചപ്പോള്‍ മൂക്കിനുമുണ്ടായി ചെറിയ പോരായ്മ. കുഞ്ഞുന്നാളില്‍ മറ്റു ചില വൈകല്യങ്ങള്‍ കൂടിയുണ്ടെന്ന് മനസിലായപ്പോള്‍ മാതാപിതാക്കളുടെ മനസു തേങ്ങി. പക്ഷെ കാലം കഴിഞ്ഞപ്പോള്‍ ഈ തേങ്ങല്‍ അഭിമാനത്തിന് വഴിമാറുകയാണ്.

കണക്കില്‍കാട്ടുന്ന വേഗത, സംഗീതത്തിലെ മികവ്, ഒരിക്കല്‍ കാണുന്നതും കേള്‍ക്കുന്നതുമായ എന്തും എത്രനാള്‍ കഴിഞ്ഞും അതേ രീതിയില്‍ പുനരവതരിപ്പിക്കാനുള്ള ഓര്‍മ്മ ശക്തിയുമെല്ലാം അത്ഭുതമായി മാറുകയാണ്. 150 വര്‍ഷത്തിനിടയിലുള്ള ഏത് തിയതി നല്‍കിയാലും ദിവസം കൃത്യമായി പ്രശാന്ത് പറയും. 1900 മുതല്‍ 2050 വരെയുള്ള ദിനങ്ങള്‍ മനസില്‍ ഹൃദിസ്ഥമാണ് പ്രശാന്തിന്. തന്റെ ചെറിയ കാഴ്ചയില്‍ കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങളും കമ്പ്യൂട്ടര്‍, മൊബൈല്‍, ഐപാഡ് തുടങ്ങിയവയില്‍ നിന്ന് ലഭിക്കുന്ന അറിവുകളും വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഓര്‍മ്മിച്ചെടുക്കാന്‍ പ്രശാന്തിന് സാധിക്കും. വരും വര്‍ഷങ്ങളിലെ വിശേഷദിവസങ്ങള്‍ എന്നൊക്കെയാണെന്നും പറയുന്നതിനൊപ്പം പറയുന്ന നാള്‍ മുതല്‍ ആ വിശേഷ ദിവസത്തിനുമിടയിലെ മണിക്കൂറുകളും മിനിട്ടുകളും വരെ ഈ മിടുക്കന് പറയാനാകൂം. 2015 ന് പിന്നിലേക്കുള്ള മൂന്നു വര്‍ഷക്കാലത്തെ ഏത് തീയതി പറഞ്ഞാലും ദിവസവും സമയവും കൃത്യമായി പ്രശാന്ത് പറയും. സഹോദരി പ്രിയങ്കയുടെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ 9999 വരെയുള്ള കലണ്ടര്‍ ഓര്‍മ്മയില്‍ ഇതിനകം പതിപ്പിച്ചു കഴിഞ്ഞു.

കാഴ്ച ശക്തി കുറഞ്ഞ കണ്ണ് കൊണ്ട് കീ ബോര്‍ഡില്‍ വായിക്കേണ്ട നോട്ട്‌സുകള്‍ മിനിട്ടുകള്‍ കൊണ്ട് മനസില്‍ പതിപ്പിച്ച് കീ ബോര്‍ഡില്‍ ഒരു കൈമാത്രം ഉപയോഗിച്ച് നാദവിസ്മയം തീര്‍ക്കുന്നത് ആരെയും അമ്പരപ്പിക്കും. കളിപ്പാട്ടമായി ലഭിച്ച ചെറിയ പ്ലാസ്റ്റിക് കീബോര്‍ഡ് വായിച്ചപ്പോഴാണ് പ്രശാന്തിന്റെ കഴിവുകള്‍ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. അക്ഷരത്തിന്റെ രൂപമുള്ള കളിപ്പാട്ടങ്ങളോട് പ്രിയമുള്ള പ്രശാന്ത് ഇങ്ങനെ ലഭിക്കുന്ന കളിപ്പാട്ടങ്ങളുടെ ഓരോ അക്ഷരവും നോക്കി എന്ന് ലഭിച്ചതാണെന്നും ആര് വാങ്ങി നല്‍കിയതാണെന്നും സമയവും വര്‍ഷവും മാസവും ദിവസവും കൃത്യമായി പറയുന്നത് ഏവരേയും അത്ഭുതപ്പെടുത്തും. വിഭിന്ന ശേഷിയുള്ള കുട്ടികളുടെ കഴിവു വിലയിരുത്താന്‍ ഒരു ദേശീയ ചാനല്‍ തിരുവനന്തപുരത്തു നടത്തിയ ടാലന്റ് മത്സരത്തിലെ ആദ്യ ഒഡീഷന്‍ റൗണ്ടില്‍ കേരളത്തില്‍ നിന്നു വിജയിച്ച ഒരേയൊരാള്‍ പ്രശാന്തായിരുന്നു. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിടുന്ന പ്രശാന്തിന് പിന്തുണയുമായി സഹോദരി പ്രിയങ്കയും കൂട്ടിനുണ്ട്. വഴുതക്കാട്ടെ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് പ്രശാന്ത്.