നാടകത്തിനു ധനസഹായവും വായ്പയും സ്ഥിരം നാടകവേദികളും: തോമസ് ഐസക്

നാടകത്തിനു ധനസഹായവും വായ്പയും സ്ഥിരം നാടകവേദികളും: തോമസ് ഐസക്

Wednesday October 26, 2016,

1 min Read

സിനിമയ്ക്കുള്ളതുപോലെ നാടകത്തിനും വായ്പയും സബ്സിഡിയും നല്കുമെന്ന് ധനമന്ത്രി ഡോ. റ്റി എം തോമസ് ഐസക് പറഞ്ഞു. പ്രശാന്ത് നാരായണൻ രചിച്ച നാടകമായ ഛായാമുഖിയുടെ രണ്ടാം പതിപ്പു പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

image


വർഷംതോറും വിദഗ്ദ്ധ സമിതി തെരഞ്ഞെടുക്കുന്ന പത്തോ പന്ത്രണ്ടോ നാടകങ്ങൾ നിർമ്മിക്കാനാണു ധനസഹായം നല്കുക. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ 365 ദിവസവും ടിക്കറ്റുവച്ചു നാടകം കളിക്കുന്ന സ്ഥിരം വേദികൾ ആരംഭിക്കണം. ഇക്കാര്യവും സർക്കാർ ആലോചിക്കും.

ഓണത്തിനു സ്വന്തമായി ഒരു നാടകം നിർമ്മിക്കുന്ന നാട്ടുമ്പുറത്തെ ആർട്ട്സ് ക്ലബ്ബുകൾക്ക് ധനസഹായം നല്കുമെന്നും മന്ത്രി പറഞ്ഞു.കലോത്സവങ്ങളിൽ നാടകം കളിക്കുക എന്നതിനപ്പുറം സ്കൂളുകളിൽ സ്ഥിരം തീയറ്റർ ഉണ്ടാകണമെന്നും ധനമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസറും കവിയുമായ എൻ പ്രഭാവർമ്മ പുസ്തകം ഏറ്റുവാങ്ങി. പ്രമുഖ നാടകപ്രവർത്തകൻ ഡി.രഘൂത്തമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത നർത്തകി ഡോ. രാജശ്രീ വാര്യർ പുസ്തകം പരിചയപ്പെടുത്തി.

മോഹൻലാലിനും മുകേഷിനുമൊപ്പം ഛായാമുഖിയിൽ അഭിനയിച്ച സ്നേഹ ശ്രീകുമാറും നടൻ മറിമായം ശ്രീകുമാറും നാടകത്തിലെ ഒരു ഭാഗം വായിച്ചു. പ്രശാന്ത് നാരായണൻ മറുപടിപ്രസംഗം ചെയ്തു. നീരാവിൽ പ്രകാശ് കലാകേന്ദ്രം അവതരിപ്പിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്ത ഛായാമുഖിയിൽ പിന്നീടാണു മോഹൻലാലും മുകേഷും അഭിനയിക്കുന്നത്.

    Share on
    close