കണ്ണു തുറപ്പിക്കുന്ന ക്യാമറക്കാഴ്ചകളുമായി കോമണ്‍ ത്രെഡ്

കണ്ണു തുറപ്പിക്കുന്ന ക്യാമറക്കാഴ്ചകളുമായി കോമണ്‍ ത്രെഡ്

Saturday October 17, 2015,

3 min Read

തങ്ങളുടെ സങ്കടങ്ങളെക്കുറിച്ച്‌ അവര്‍ക്ക് പറയാന്‍ ഏറെയുണ്ടായിരുന്നു. പ്രൈമറി ക്ലാസ്സിലെ കുട്ടിയെപ്പോലെ റിതു അവരുടെ കഥകള്‍ തലകുലുക്കി കേട്ടിരുന്നു. റിതു ഭരദ്വാജ് എന്ന ഡോക്യുമെന്ററി സംവിധായികയ്ക്ക് മനുഷ്യ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെന്ന് പ്രവര്‍ത്തിക്കാനായിരുന്നു ഇഷ്ടം. ഇതാണ് നാല് ചുവരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ട ജോലി ഉപേക്ഷിച്ച് വിശാലമായ ലോകത്തേക്ക് പറക്കാന്‍ റിതുവിനെ പ്രേരിപ്പിച്ചതും. സ്വതന്ത്രമായ ഈ ചിന്താശൈലിയാണ്‌ സംവിധായകരുടെ ഒരു കൂട്ടായ്മ എന്ന ആശയം സാക്ഷാത്കരിക്കാനും റിതുവിന് പ്രേരണ നല്‍കിയത്.

image


അറിവുവെച്ച കാലം മുതല്‍ ഇഷ്ടമുള്ളത് പഠിക്കാനും മനസിനിണങ്ങിയ പ്രവര്‍ത്തനമേഖല തിരഞ്ഞെടുക്കാനും മാതാപിതാക്കള്‍ റിതുവിന് അനുവാദം നല്‍കിയിരുന്നു. തന്റെ പ്രവര്‍ത്തന മേഖല ഏതാണെന്ന് അന്നു തന്നെ മനസില്‍ കരുതിയിരുന്നു. ജേര്‍ണലിസം പഠിക്കുക എന്നതായിരുന്നു അത്. വീഡിയോ ദൃശ്യങ്ങള്‍ റിതുവിനെ വളരെയധികം സ്വാധീനിച്ചിരുന്നതിനാല്‍ ദൃശ്യമാധ്യമ രംഗമാണ് റിതു തിരഞ്ഞെടുത്തത്. ഡോക്യുമെന്ററി സംവിധാനം പഠിച്ചിറങ്ങിയ ഉടനെ ബ്ലൂംബെര്‍ഗ് ടി വിയില്‍ ജോലിയും ലഭിച്ചു.

image


പരിസ്ഥിതിയേയും കൃഷിയേും മറ്റ് സാമൂഹിക പ്രശ്‌നങ്ങളേയും സംബന്ധിച്ച ചെറുകിട സംരംഭങ്ങളെക്കുറിച്ച് ഡോക്യുമെന്ററികള്‍ തയ്യാറാക്കിയെങ്കിലും മനസിന് തൃപ്തികരമായി തോന്നിയില്ല. വലിയ ചാനലുകളില്‍ ചെയ്യുന്ന ഡോക്യുമെന്ററികളില്‍ ശരിയായ ചിത്രത്തിന്റെ ഒരു ഭാഗം മാത്രമേ വരച്ചുകാട്ടാന്‍ കഴിയുവെന്ന് റിതു മനസിലാക്കി. ഒരു വിഷയത്തില്‍ തന്നെ കൂടുതല്‍ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വിവരങ്ങള്‍ ശേഖരിക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് റിതു ജോലി ഉപേക്ഷിച്ചു.

image


സ്വതന്ത്രമായി ജോലി നോക്കാന്‍ തീരുമാനിച്ച റിതു ആദ്യം യാത്രകളിലൂടെയാണ് തന്റെ ജോലി ആരംഭിച്ചത്. യാത്രകള്‍ക്കായി ഗ്രാമ പ്രദേശങ്ങള്‍ തിരഞ്ഞെടുത്ത റിതു, വൈദ്യുതിയും വെള്ളവും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ അവരോടൊപ്പം താമസിച്ചു. അങ്ങനെ ഗ്രാമീണ ജനതയുടെ ജീവിതത്തെക്കുറിച്ച്‌ മനസിലാക്കിയും പഠിച്ചും റിതു പുതിയ ലോകത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.

image


ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളെ ചിരിച്ചുകൊണ്ട് അഭിമുഖീകരിക്കുന്ന കുറേ മനുഷ്യരെ നേരില്‍ കാണാനായത് തന്റെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന് റിതു അറിഞ്ഞിരുന്നില്ല. വെസ്റ്റ് ബംഗാളിലെ ഗ്രാമപ്രദേശങ്ങളില്‍ കണ്ട ഒരു കൂട്ടം വനിതകള്‍ അവരുടെ ജീവിതകഥകള്‍ വിവരിച്ചപ്പോള്‍ ഇവിടെയാണ് തന്റെ ക്യാമറ ചലിപ്പിക്കേണ്ടതെന്ന് റിതു തിരിച്ചറിയുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് 2010ല്‍ സംവിധായകരുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കാന്‍ റിതു ആലോചിച്ചത്. മൂന്ന് വര്‍ഷത്തിനു ശേഷം 2013ല്‍ തന്റെ ഏഴ് സുഹൃത്തുക്കളും പഴയ സഹപാഠികളും ചേര്‍ന്ന കൂട്ടായ്മയ്ക്ക് കോമണ്‍ ത്രെഡ് എന്ന് പേരും നല്‍കി. ഇവരില്‍ പലരും പല താത്പര്യങ്ങളുള്ളവരായിരുന്നു. സിനിമാട്ടോഗ്രാഫി, തിരക്കഥാ രചന, ഫോട്ടോഗ്രാഫി, ഷൂട്ടിഗ് എന്നിങ്ങനെ വിവിധതരം താത്പര്യങ്ങള്‍. ഇത്തരം പല താത്‌പര്യക്കാരെ കോര്‍ത്തിണക്കുന്നതായിരുന്നു കോമണ്‍ ത്രെഡ്. എല്ലാവരും ഒത്തു ചേര്‍ന്ന സംരംഭത്തിന്റെ ആദ്യ വര്‍ഷ വരുമാനത്തേക്കാള്‍ അഞ്ച് മടങ്ങായിരുന്നു രണ്ടാം വര്‍ഷത്തേത്. പിന്നീട് ഓരോവര്‍ഷവും വരുമാനം ഇരട്ടിച്ചുകൊണ്ടിരുന്നു. മാത്രമല്ല ആള്‍ ഇന്ത്യ എന്‍വയോണ്‍മെന്റല്‍ ജേര്‍ണലിസം മത്സരത്തില്‍ വിജയികളാകാനും കോമണ്‍ ത്രെഡിനു കഴിഞ്ഞു. പിന്നീടങ്ങോട്ട് കോമണ്‍ ത്രെഡ് ചെയ്ത പല ഡോക്യുമെന്ററികളും ഇന്ത്യയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ വേദനകള്‍ പങ്ക് വെക്കുന്ന സൃഷ്ടികളായിരുന്നു.

image


ഗ്രാമവാസികളുടെ സ്വീകാര്യതയാണ് തന്റെ ജോലിയില്‍ റിതുവിന് എറ്റവുംമധികം സന്തോഷവും തൃപ്തിയും നല്‍കിയത്. സ്വന്തം വീട്ടിലെ കുട്ടിയെപോലെ പലരും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തന്നെ സ്വീകരിക്കുകയും സ്വന്തം മകളോട് പറയുന്നത് പോലെ അവരുടെ കഥകള്‍ പങ്ക് വെക്കുകയും ചെയ്യുന്നത് റിതുവിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കി. തന്റെ ഡോക്യുമെന്ററികളെല്ലാം തന്നെ കണ്ടെത്താന്‍ കൂടിയുള്ള യാത്രകളായിരുന്നെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഡോക്യുമെന്ററികളില്‍ പ്രാധാന്യമുള്ള പല വിഷയങ്ങളും ചര്‍ച്ച ചേയ്യേണ്ടതുണ്ടെന്നും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും പരിഹാരമുണ്ടാക്കേണ്ടതുണ്ടെന്നും മനസിലാക്കി.

വികസനത്തിന് പൊതുവായ ഒരു മാര്‍ഗ്ഗരേഖയില്ലയെന്നത് യുവജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യം കൂടി റിതു ഏറ്റെടുത്തു. തന്റെ ഡോക്യുമെന്ററികളെ ഇതിനുള്ള മാധ്യമമായി റിതു മാറ്റിയെടുത്തു. ഇതിന് വലിയ ഉദാഹരണമായിരുന്നു വടക്കേ ഇന്ത്യയില്‍ അടുത്തകാലത്തുണ്ടായ കൊടുങ്കാറ്റും നാശനഷ്ടങ്ങളും. ധാരാളം സ്ഥലങ്ങളില്‍ വന്‍തോതില്‍ കൃഷിനാശം ഉണ്ടായി. ഉത്തരാഖണ്ഡിലെ ജനങ്ങളെ ഇത് കൂടുതല്‍ ബാധിച്ചു. പ്രത്യേകിച്ചും ഒരു വിഭാഗം ജനതയെ. അവര്‍ വര്‍ഷങ്ങളായി കരുതിയിട്ടുള്ള വിത്ത് ഉപയോഗിച്ച് ജൈവരീതിയിലായിരുന്നു കൃഷി ചെയ്തിരുന്നത്. എന്നാല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി എന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ പലതും ഇവരുടെ കഷ്ടപ്പാടിന്റെ ആഴം മനസിലാക്കാന്‍ തയ്യാറായില്ല. ഇവരുടെ കൃഷി രീതിയെപ്പറ്റി വിവരിക്കാനോ പുറം ലോകത്തെ അറിയിക്കാനോ തയ്യാറായില്ല. ഈ കൃഷിരീതി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കില്‍ ഒരു പക്ഷെ അത് കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്രദമാകുമായിരുന്നു. തെറ്റായ സന്ദേശങ്ങള്‍ക്ക് പകരം സ്വന്തം പ്രയത്‌നത്തിലൂടെ ഫലവത്തായ സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കുക എന്ന ലക്ഷ്യമാണ് ഇന്ന്‌ കോമണ്‍ ത്രെഡിനെ മുന്നോട്ട് നയിക്കുന്നത്.