പനി ക്ലിനിക്കുകള്‍ തുടങ്ങാന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി

0

പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ച സ്ഥലങ്ങളിലെ ആശുപത്രികളില്‍ പനി ക്ലിനിക്കുകള്‍, പനിയ്ക്കായി പ്രത്യക വാര്‍ഡുകള്‍ എന്നിവ അടിയന്തിരമായി തുടങ്ങാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. ഇതോടൊപ്പം പകര്‍ച്ചപ്പനികള്‍ക്കുള്ള മരുന്നിന്റെ ലഭ്യതയും ഉറപ്പ് വരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

മന്ത്രിയുടെ നിര്‍ദേശാനുസരണം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പനി ക്ലിനിക്, പനിയ്ക്കായ് പ്രത്യേക വാര്‍ഡ് എന്നിവ ഉടന്‍ തുടങ്ങും. പനിയ്ക്കുള്ള അടിസ്ഥാന പരിശോധനകള്‍ മുതല്‍ പ്ലേറ്റ്‌ലെറ്റ് പരിശോധന വരെ അത്യാഹിത വിഭാഗത്തില്‍ സൗജന്യമാക്കും.

മെഡിക്കല്‍ കോളേജില്‍ 3 ഹൗസ് സര്‍ജന്‍മാര്‍ക്കും 1 ഡോക്ടര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആശുപത്രി തന്നെ പനിയുടെ ഉറവിടമായി മാറുന്ന സാഹചര്യം പ്രതിരോധിക്കാനും മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും തുടര്‍നടപടികള്‍ സ്വീകരിക്കാനുമായി ആരോഗ്യ മന്ത്രിയുടെ നിര്‍ദേശാനുസരണം ശനിയാഴ്ച സൂപ്രണ്ട് ഓഫീസില്‍ വച്ച് അടിയന്തിര യോഗം കൂടും. വിവിധ വകുപ്പ് മേധാവികള്‍, ശുചീകരണത്തിന് നേതൃത്വം നല്‍കുന്നവര്‍, പി.ഡബ്ലിയു.ഡി., വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.