ഭക്തിസാന്ദ്രമായി ശാന്തിഗിരിയില്‍ പൂര്‍ണ കുംഭമേള

ഭക്തിസാന്ദ്രമായി ശാന്തിഗിരിയില്‍
 പൂര്‍ണ കുംഭമേള

Tuesday September 20, 2016,

2 min Read

വ്രതശുദ്ധിയോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശാന്തിഗിരി ആശ്രമത്തില്‍ പൂര്‍ണ കുംഭമേള ആഘോഷിച്ചു. ആശ്രമ സമുച്ചയത്തില്‍ പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്തു തയ്യാറാക്കിയ തീര്‍ത്ഥം മകുടങ്ങളില്‍ നിറച്ച് പീതവസ്ത്രംകൊണ്ടു പൊതിഞ്ഞുകെട്ടി, നാളികേരം വച്ച്, പൂമാല ചാര്‍ത്തി ഒരുക്കുന്ന കുംഭങ്ങള്‍ ഗുരുഭക്തര്‍ ശിരസ്സിലേറ്റി ഘോഷയാത്രയായി ആശ്രമ സമുച്ഛയം വലം വച്ച് ഗുരുസന്നിധിയില്‍ സമര്‍പ്പിച്ചു. 11 ദിവസത്തെ വ്രതാനുഷഠാനങ്ങളുമായി ആയിരങ്ങള്‍ പങ്കുചേര്‍ന്ന കുംഭഘോഷയാത്ര ശാന്തിഗിരി ആശ്രമത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭക്തിസാന്ദ്രമാക്കി.

image


വൈകിട്ട് അഞ്ചുമണിയോടുകൂടി സന്ന്യാസി സന്ന്യാസിനിമാരുടെ നേതൃത്വത്തില്‍ കുംഭമേള ഘോഷയാത്രയ്ക്ക് തുടക്കമായി. മേളയ്ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങള്‍ പങ്കെടുത്തു. പഞ്ചവാദ്യം, നാദസ്വരം, പെരുമ്പറ എന്നിവയുള്‍പ്പെടെ ഒട്ടേറെ വാദ്യമേളങ്ങള്‍ കുംഭമേളയെ ആകര്‍ഷകമാക്കി. പൂര്‍ണ്ണ കുംഭമേന്തിയ ആയിരക്കണക്കിന് വിശ്വാസികള്‍ക്കൊപ്പം ദീപമേന്തിയവരും സുവര്‍ണതാമര പതിപ്പിച്ച വര്‍ണക്കുടകള്‍ പിടിച്ചവരും ഗുരുനാമജപവുമായി നടന്നനീങ്ങിയപ്പോള്‍ അന്തരീക്ഷം ഭക്തിസാന്ദ്രവും സുഗന്ധ പൂരിതവുമായി.

image


രാവിലെ 5 ന് പര്‍ണശാലയില്‍ നടന്ന പ്രത്യേക പുഷ്പാജ്ഞാലിയോടെ പ്രാര്‍ത്ഥനകള്‍ക്ക് തുടക്കമായി. ആശ്രമത്തിലെ സന്ന്യാസ സംഘത്തിന്റെയും നിയുക്തരായ എഴുപത്തിരണ്ട് പേരുടെയും നേതൃത്വത്തിലാണ് പര്‍ണശാലയില്‍ പുഷ്പാഞ്ജലി നടന്നത്. തുടര്‍ന്ന് 6ന് ധ്വജം ഉയര്‍ത്തല്‍, സന്ന്യാസ സംഘത്തിന്റെ നേതൃത്വത്തില്‍ പുഷ്പസമര്‍പ്പണം, ഗുരുപാദവന്ദനം, ഉച്ചയ്ക്ക് ഗുരുദര്‍ശനം , പ്രസാദ വിതരണം എന്നിവ നടന്നു. ഇതിന്റെ ഭാഗമായി ആയിരത്തോളം ഭാരത് ദര്‍ശന്‍ തീര്‍ത്ഥാടകര്‍ ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.

image


കുംഭമേളയോടനുബന്ധിച്ച് വൈകിട്ട് 7 ന് നടന്ന സമ്മേളനത്തില്‍ ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ജി അരവിന്ദന്‍, ഗുജറാത്ത് ഗവര്‍ണറുടെ മെഡിക്കല്‍ ബോര്‍ഡ് അംഗം ഡോ. എന്‍ ജയചന്ദ്രന്‍ നാട്ടുവള്ളി, പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ മാരിയപ്പന്‍ എന്നിവരെ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി ചൈതന്യ ജ്ഞാനതപസ്വി തുടങ്ങിവര്‍ ചേര്‍ന്ന് ആദരിച്ചു.

image


സ്വാമി സത്യപ്രകാശ ജ്ഞാനതപസ്വി അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ചീഫ് അഡൈ്വസര്‍ ആര്‍ ഗോപാലകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. ചെമ്പഴന്തി ഗുരുകുലം കാര്യദര്‍ശി സ്വാമി ശുഭംഗാനന്ദ, ചലച്ചിത്ര സംവിധായകരായ രാജീവ് അഞ്ചല്‍, കെ മധുപാല്‍, കേരളാ കോണ്‍ഗ്രസ്(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷോഫി, ഒ വി വിജയന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി എം ചന്ദ്രപ്രകാശ്, ഓഫീസ് ഓഫ് ദി ഓര്‍ഗനൈസിംഗ് സെക്രട്ടറി സീനിയര്‍ അഡൈ്വസര്‍ (അഡ്്മിനിസ്ട്രേഷന്‍) ഡി എം കിഷോര്‍, ശാന്തിഗിരി ആശ്രമം അഡൈ്വസറി കമ്മിറ്റി സീനിയര്‍ അഡൈ്വസര്‍ കെ എന്‍ ശ്യാമപ്രസാദ്, ശാന്തിഗിരി കള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ സെന്റര്‍ മെക്സിക്കോ ജനറല്‍ കണ്‍വീനര്‍ കാര്‍ലോസ് ഗുസ്മാന്‍ ബ്രിട്ടോണ്‍, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, ഓഫീസ് ഓഫ് ദി ഓര്‍ഗനൈസിംഗ് സെക്രട്ടറി സീനിയര്‍ ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ഡി പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി വിശ്വസംസ്‌കൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഗീത പരിപാടി, വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു. നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ നവതിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് 2017 സെപ്തംബര്‍ 20ന് നടക്കുന്ന അടുത്ത പൂര്‍ണ കുംഭമേളയോടെ സമാപനമാകും.

    Share on
    close