മത്‌സ്യഅദാലത്ത്: നാലു കോടി രൂപയുടെ ധനസഹായ വിതരണം, ഏഴു ലക്ഷം രൂപയുടെ കടം എഴുതിത്തള്ളി

0

തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയുടെ നേതൃത്വത്തില്‍ നടന്ന മത്‌സ്യ അദാലത്തില്‍ മത്സ്യത്തൊഴിലാളികളുടെ 1500 പരാതികള്‍ തീര്‍പ്പാക്കി. നാലു കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു. എ.പി.എല്‍ വിഭാഗത്തിലുളള മത്സ്യത്തൊഴിലാളികളെ ബി.പി.എല്‍ വിഭാഗത്തിലുള്‍പ്പെടുത്തി കാര്‍ഡ് അനുവദിക്കണമെന്ന അപേക്ഷയുമായാണ് കൂടുതല്‍ പേരും അദാലത്തിലെത്തിയത്.

 മത്സ്യത്തൊഴിലാളികളുടെ ഇത്തരം അപേക്ഷകളില്‍ എല്ലാവരേയും ബി.പി.എല്‍ വിഭാഗത്തിലുള്‍പ്പെടുത്തണമെന്ന ശുപാര്‍ശ യോടെ അടിയന്തര പരിഗണന നല്‍കി പരിഹരിക്കുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിക്ക് കൈമാറുന്നതിന് തീരുമാനിച്ചു. കടാശ്വാസവുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളില്‍ 2008 ന് മുന്‍പുളള കടങ്ങളില്‍ സത്വര നടപടി എടുക്കുന്നതിന് കടാശ്വാസ കമ്മീഷന് കൈമാറി. മത്സ്യഫെഡുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളില്‍ ഒറ്റത്തവണത്തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളുടെ 11 വായ്പകളില്‍ 2.85 ലക്ഷം രൂപയുടെ കടവും വായ്പ എടുത്ത മത്സ്യത്തൊഴിലാളി മരണപ്പെടുകയോ പൂര്‍ണ്ണ അവശതയിലോ ആയതുമൂലം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത 10 വായ്പകളില്‍ 4.29 ലക്ഷം രൂപയുടെ കടവും ഉള്‍പ്പെടെ 7.14 ലക്ഷം രൂപയുടെ കടം എഴുതിത്തളളി. മത്സ്യ ബോര്‍ഡുമായി ബന്ധപ്പെട്ടു ലഭിച്ച അപേക്ഷകളില്‍ സത്വര നടപടി കൈക്കൊളളുന്നതിന് മന്ത്രി നിര്‍ദ്ദേശം നല്കി. വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളുടെ 38 ലക്ഷം രൂപയുടെ ധനസഹായം അനുവദിക്കുന്നതിനും മത്സ്യഫെഡിന്റെ പലിശ രഹിത വായ്പ പദ്ധതി പ്രകാരം 1349 പേര്‍ക്ക് 2.65 കോടി രൂപയും മൈക്രോ ഫൈനാന്‍സ് വായ്പ പ്രകാരം 771 പേര്‍ക്ക് 1.20 കോടി രൂപയുടെയും ധനസഹായം ഇന്ന് (ജൂലൈ 12) നടക്കുന്ന മത്സ്യത്തൊഴിലാളിക്കൂട്ടായ്മയില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു. തീരദേശ വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ 12 ലക്ഷം രൂപയുടെ ധനസഹായവും മത്‌സ്യ കൃഷിയുമായി ബന്ധപ്പെട്ട് 8 ലക്ഷം രൂപയുടെ ധനസഹായവും അനുവദിച്ചു