ഭാവി സിനിമാസംവിധായകരെ വാര്‍ത്തെടുക്കുന്ന മേഘ്‌ന

0

മേഘ്‌ന ഗായിയുടെ അച്ഛന്‍ ഹിന്ദി സിനിമയുടെ ഷോമാന്‍ എന്നാണ് അറിയപ്പെടുന്നത്. ഖല്‍നായക്, കര്‍സ്, ഹീറോ, രാം ലക്ഷ്മണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം നമ്മളെ ഏറെ രസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കരിയര്‍ തെരഞ്ഞെടുക്കുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ മേഘ്‌നയെ അഭിനയരംഗം ഒട്ടും ഭ്രമിപ്പിച്ചില്ല. ആശയവിനിമയം, പരസ്യം, മാര്‍ക്കറ്റിങ് തുടങ്ങിയ രംഗങ്ങളില്‍ പരിശീലനം നേടിയ മേഘ്‌ന തന്റെ അച്ഛന്റെ പര്‍ദേസ്, താല്‍, യാദേന്‍ എന്നീ ചിത്രങ്ങളുടെ പ്രചരണത്തിന് സഹായിക്കുകയാണ് ചെയ്തത്.

അഭിനയത്തില്‍ നിന്നും വിട്ടു നിന്നെങ്കിലും ബോളിവുഡ് അവളുടെ രക്തത്തില്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഗായിയുടെ സ്വപ്ന പദ്ധതിയായ ഫിലിം സ്‌കൂള്‍ പ്രാവര്‍ത്തികമായപ്പോള്‍ അതിന്റെ ചുമതല ഏറ്റെടുത്ത് നടത്തിയത് മേഘ്‌നയായിരുന്നു. തന്റെ ജീവിതത്തിലെ ചവിട്ടുപടികള്‍ മേഘ്‌ന അഭിമാനപൂര്‍വം പങ്കു വയ്ക്കുകയാണ്.

തന്നില്‍ സര്‍ഗാത്മകമായ കഴിവുകളൊന്നും ഇല്ലെന്ന് വിശ്വസിച്ചിരുന്ന മേഘ്‌ന അത്തരം കാര്യങ്ങളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു ദിവസം അവളുടെ അച്ഛന്‍ ഫിലിം സ്‌കൂള്‍ ആരംഭിക്കുന്ന കാര്യം പറയുന്നത്. തന്നെ സ്‌കൂളിന്റെ മേധാവിയാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്ന് മനസിലാക്കിയതോടെ അത് കൊള്ളാമല്ലോ എന്ന് മേഘ്‌നയ്ക്ക് തോന്നി. തന്നെ സ്‌കൂളിന്റെ സ്ഥാപകയാക്കണമെന്നത് ബോധപൂര്‍വ്വമെടുത്ത തീരുമാനമായിരുന്നെന്ന് മേഘ്‌ന പറയുന്നു. ഈ വിഷയത്തില്‍ തനിക്ക് വല്യ അവഗാഹമൊന്നുമില്ലെങ്കിലും സാരമില്ല, സ്ഥാപനത്തിന്റെ പ്രഥമ വ്യക്തിയായി താന്‍ തന്നെ വേണമെന്നും അങ്ങനെയായാല്‍ അത് സ്വന്തം കുഞ്ഞെന്ന പോലെയായിരിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഈ സംഭവം 2000ത്തിലാണ് ഉണ്ടായത്. ഒരു വര്‍ഷത്തിന് ശേഷം യു.എസില്‍ നിന്നും തിരികെയെത്തിയ മേഘ്‌ന താന്‍ വാഗ്ദാനം ചെയ്ത പോലെ വിസ്ലിങ് വൂഡ്‌സ് ഇന്റര്‍നാഷണല്‍ (ഡബ്ല്യൂ.ഡബ്ല്യൂ.ഐ) ഫിലിം സ്‌കൂളിന്റെ ഭാഗമായി. തുടര്‍ന്നുള്ള അഞ്ച് വര്‍ഷങ്ങളില്‍ മേഘ്‌നയും ഡബ്ല്യൂ.ഡബ്ല്യൂ.ഐയുടെ കോര്‍ ടീമും ചേര്‍ന്ന് ധാരാളം ഗവേഷണങ്ങള്‍ നടത്തുകയും ലോകത്താകമാനമുള്ള പല ഫിലിം സ്‌കൂളുകളും കോളേജുകളും യൂണിവേഴ്‌സിറ്റികളും സന്ദര്‍ശിക്കുകയും ചെയ്തു. പല ഫിലിം സ്‌കൂളുകളിലും നടന്ന വിവിധ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്ത മേഘ്‌ന കരിക്കുലം തയ്യാറാക്കുന്നതിനോടൊപ്പം സ്‌കൂളിന്റെ രൂപകല്‍പന, സ്‌കൂളില്‍ നടപ്പിലാക്കേണ്ട നിയമങ്ങള്‍, കോളേജ് ഭരണസമിതിയുടെ പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങളും മനസിലാക്കി.

മൂന്ന് വര്‍ഷം നീണ്ടു നിന്ന നിര്‍മാണത്തിനൊടുവിലാണ് സ്‌കൂള്‍ പൂര്‍ത്തിയായത്. വളരെ വലിയ ക്യാമ്പസാണ് ഡബ്ല്യൂ.ഡബ്ല്യൂ.ഐയിലുള്ളത്. യു.എസിലെ പല മികച്ച ഫിലിം സ്‌കൂളുകളിലെ വകുപ്പ് തലവന്മാരും അവിടുത്തെ അപര്യാപ്തമായ സ്ഥലസൗകര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. പുതിയ കോഴ്‌സുകള്‍ ആരംഭിക്കുമ്പോള്‍ എത്ര വലിയ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചാലും അവിടെ സൗകര്യക്കുറവുണ്ടാകുമെന്ന അവരുടെ വാക്കുകള്‍ ഓര്‍ത്താണ് തങ്ങള്‍ ക്യാമ്പസ് വിപുലമാക്കിയതെന്ന് മേഘ്‌ന വ്യക്തമാക്കി.

കരിക്കുലം തയ്യാറാക്കാനായി ശേഖര്‍ കപൂര്‍, മന്‍മോഹന്‍ ഷെട്ടി, ആനന്ദ് മഹേന്ദ്ര, ശ്യാം ബെനഗല്‍ എന്നിവരുള്‍പ്പടെ ഇന്ത്യയിലേയും വിദേശത്തേയും വിവിധ മേഖലകളിലെ നിരവധി വിദഗ്ധരുടെ ഉപദേശം തേടിയിരുന്നു. ഡബ്ല്യൂ.ഡബ്യൂ.ഐ തയ്യാറാക്കിയ സിലബസ് 11, 12 ക്ലാസിലെ കുട്ടികള്‍ക്കായി മീഡിയ സ്റ്റഡീസ് എന്ന കോഴ്‌സ് മെറ്റീരിയലിനായി സി.ബി.എസ്.ഇ ബോര്‍ഡ് തങ്ങളെ സമീപിച്ചിരുന്നതായി മേഘ്‌ന പറഞ്ഞു. കോഴ്‌സ് മെറ്റീരിയല്‍ തയ്യാറാക്കുന്നതിനൊപ്പം സി.ബി.എസ്.ഇ ബോര്‍ഡിലെ അധ്യാപകര്‍ക്ക് പരിശീലനവും ഡബ്ല്യൂ.ഡബ്യൂ.ഐ നല്‍കി. സര്‍ഗാത്മക കലകള്‍, തിയറ്റര്‍, നാടകം എന്നിവയും മീഡിയ സ്റ്റഡീസ് പേപ്പറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും സംവിധായകരാകും എന്ന് തങ്ങള്‍ കരുതുന്നില്ലെന്നും എന്നാല്‍ അവരെല്ലാം തന്നെ സിനിമയെ ശരിയായ രീതിയില്‍ മനസിലാക്കാന്‍ പഠിക്കുമെന്നും അത്തരം അറിവ് തങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മേഘ്‌ന പറയുന്നു.

70 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഡബ്ല്യൂ.ഡബ്യൂ.ഐയില്‍ ഇന്ന് 400 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ആയിരക്കണക്കിന് പേര്‍ ഇവിടുന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിട്ടുണ്ട്. പലരും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. സാമ്പത്തികമായി നല്ല നിലയിലാണ് ഡബ്ല്യൂ.ഡബ്യൂ.ഐ മുന്നോട്ട് നീങ്ങുന്നത്. 2013ല്‍ 18.86 ലക്ഷമായിരുന്നു സ്ഥാപനത്തിന്റെ വാര്‍ഷിക വരുമാനം. ദ ഹോളിവുഡ് റിപ്പോര്‍ട്ടറിന്റെ 2013ലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ മികച്ച 10 ഫിലിം സ്‌കൂളുകളില്‍ ഒന്നാണ് ഡബ്ല്യൂ.ഡബ്യൂ.ഐ.

തങ്ങളുടെ സ്ഥാപനത്തില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ധര്‍മ പ്രൊഡക്ഷന്‍സ്, ഡിസ്‌നി, യഷ് രാജ് ഫിലിംസ്, ഫാന്റം ഫിലിംസ് തുടങ്ങിയ മികച്ച സിനിമാ കമ്പനികളില്‍ ജോലി ലഭിച്ചിട്ടുണ്ടെന്ന് മേഘ്‌ന വ്യക്തമാക്കി. മുംബയിലെ കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയില്‍ കളിസ്ഥലത്തിന് വേണ്ടി തിരയുന്ന കുട്ടിയുടെ കഥയുമായി ഡബ്ല്യൂ.ഡബ്യൂ.ഐയിലെ വിദ്യാര്‍ത്ഥി മോഹിത് ഛബ്ര ഒരുക്കിയ 'ദി റബ്ബര്‍ ബാന്റ് ബോള്‍' എന്ന ഹ്രസ്വ ചിത്രത്തിന് 2013ലെ കാന്‍സ് കോര്‍പ്പറേറ്റ് മീഡിയ ആന്റ് ടിവി അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് സില്‍വര്‍ ഡോള്‍ഫിന്‍ പുരസ്‌കാരവും 2013 ലെ ദിയോവില്ലി ഗ്രീന്‍ അവാര്‍ഡില്‍ സ്വര്‍ണ മെഡലും ലഭിച്ചിട്ടുണ്ട്.

പ്രകാശ് ജായുടെ സത്യാഗ്രഹ എന്ന ചിത്രത്തില്‍ ഡബ്ല്യൂ.ഡബ്യൂ.ഐയിലെ ചില വിദ്യാര്‍ത്ഥികളുടെ സംഭാവനയുണ്ടായിരുന്നു. അടുത്തിടെ ഹോങ്കോങ്ങിലെ ടൂറിസം പ്രചരിപ്പിക്കാനായി ഹ്രസ്വ ചിത്രം തയ്യാറാക്കിയ ഡബ്ല്യൂ.ഡബ്യൂ.ഐവിലെ വിദ്യാര്‍ത്ഥികളെ ഹോങ്കോങ് ടൂറിസം ബോര്‍ഡ് അഭിനന്ദിച്ചിരുന്നു.

ഇന്ന് സ്‌കൂള്‍ പ്രസിദ്ധി നേടുകയും സമൂഹത്തില്‍ അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രാരംഭദിശയില്‍ തങ്ങള്‍ പല വെല്ലുവിളികളേയും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് മേഘ്‌ന പറയുന്നു. നല്ല അധ്യാപകരെ ലഭിക്കുക എന്നതായിരുന്നു ഇതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ വെല്ലുവിളി. ഇത്തരത്തിലുള്ള പരിശീലനത്തിന് സിനിമ മേഖലയിലെ പ്രൊഫഷണലുകളെ തന്നെ വേണമെന്നും അല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നമ്മളോട് യാതൊരു ബഹുമാനവും ഉണ്ടാകില്ലെന്നും അവര്‍ മനസിലാക്കി. പഠിപ്പിക്കുന്നതില്‍ വലിയ പരിചയമില്ലെങ്കിലും സിനിമാ മേഖലയിലെ പ്രൊഫഷണലുകളുടെ സേവനം തങ്ങളുടെ സ്‌കൂളിന് ഇപ്പോള്‍ ലഭ്യമാകാറുണ്ടെന്നും പുഞ്ചിരിയോടെ മേഘ്‌ന വ്യക്തമാക്കി.

മികച്ച സാങ്കേതികവിദ്യ ഒരുക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. എന്നാല്‍ സോണി പോലുള്ള കമ്പനികളുമായി പാര്‍ട്ണര്‍ഷിപ്പ് ആരംഭിക്കാനായതിനാല്‍ അവരുടെ സഹായത്തോടെ ക്യാമ്പസിനുള്ളില്‍ മീഡിയ സെന്റര്‍ തയ്യാറാക്കാന്‍ സാധിച്ചു.

ഇവിടെ പ്രദാനം ചെയ്യുന്ന കോഴ്‌സുകളെപ്പറ്റി വിദ്യാര്‍ത്ഥികളേയും അവരുടെ രക്ഷിതാക്കളേയും മനസിലാക്കിക്കൊടുക്കുക എന്നതും മറ്റൊരു പ്രധാന വെല്ലുവിളിയായിരുന്നു. ഡബ്ല്യൂ.ഡബ്യൂ.ഐവിലെ കോഴ്‌സുകളെപ്പറ്റി ആദ്യം അവര്‍ക്ക് വളരെ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഒരു മുഴുവന്‍ തലമുറയുടേയും ചിന്താഗതികള്‍ മാറ്റി അവരുടെ കുട്ടികളെ സര്‍ഗാത്മകത പഠിപ്പിക്കാന്‍ അനുവദിപ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇന്ന് തങ്ങളുടെ കോഴ്‌സുകള്‍ ബി.എസ്.ഇ, എം.എസ്.ഇ എന്നിങ്ങനെ ഡിഗ്രികള്‍ പ്രദാനം ചെയ്യുന്നതിനാല്‍ രക്ഷിതാക്കള്‍ക്കും മക്കളെ ഇവിടെ പഠിപ്പിക്കാന്‍ താല്‍പര്യമാണെന്ന് മേഘ്‌ന പറയുന്നു. ഡബ്ല്യൂ.ഡബ്യൂ.ഐയും തമിഴ്‌നാട്ടിലെ ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റിയും മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് ഡിഗ്രി കോഴ്‌സുകള്‍ നടത്തുന്നത്.

സംവിധാനത്തോടൊപ്പം, മീഡിയ, ജേണലിസം, ഫാഷന്‍, ആനിമേഷന്‍ തുടങ്ങിയ വിഷയങ്ങളും ഡബ്ല്യൂ.ഡബ്യൂ.ഐവില്‍ പഠിപ്പിക്കുന്നുണ്ട്. മറ്റ് പല പട്ടണങ്ങളിലേക്കും രാജ്യങ്ങളിലേക്കും തങ്ങളുടെ പാര്‍ട്ടണര്‍ഷിപ്പ് വ്യാപിപ്പിക്കാന്‍ മേഘ്‌നയ്ക്ക് താല്‍പര്യമുണ്ട്. ഇന്ത്യയില്‍ ഡി.വൈ പട്ടേലുമായി ചേര്‍ന്ന് പൂനെയില്‍ ഒരു ബേസ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം യു.കെയില്‍ ബ്രാന്‍ഫോഡ് കോളേജിന്റെ പങ്കാളിത്തത്തില്‍ ഒരു ക്യാമ്പസും, നൈജീരിയയില്‍ ട്രെന്‍ഡ് മീഡിയ സിറ്റിയുമായി ചേര്‍ന്ന് ദി ആഫ്രിക്കന്‍ ഫിലിം ആന്‍ഡ് ടിവി അക്കാഡമിയും സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ട്രെന്‍ഡ് മീഡിയ ഒരു വലിയ ഫിലിം സിറ്റിയാണ് അവിടെ സ്ഥാപിക്കാനൊരുങ്ങുന്നത്. നൈജീരിയ ഒരു വലിയ സിനിമാ നിര്‍മാണ മേഖലയാണ്, എന്നാല്‍ അവരുടെ സിനിമകള്‍ തിയറ്ററുകളില്‍ എത്തുന്നില്ല. അവര്‍ക്ക് കഴിവുണ്ടെങ്കിലും അത് വളര്‍ത്തിയെടുക്കാന്‍ പ്രാപ്തമായ സ്ഥാപനങ്ങളോ പരിശീലന കേന്ദ്രങ്ങളോ അവിടെയില്ല. അതിനാലാണ് അവിടെ ഡബ്ല്യൂ.ഡബ്യൂ.ഐ സ്ഥാപിക്കുന്നത്. കലയും ബിസിനസും സാങ്കേതിക വിദ്യയുമെല്ലാം ഒരേ പോലെ കൊണ്ടുപോവുക എന്നതാണ് തങ്ങളുടെ മതമെന്ന് മേഘ്‌ന വ്യക്തമാക്കി. ഇന്ന് ഡബ്ല്യൂ.ഡബ്യൂ.ഐവിലെ മുംബയ് ക്യാമ്പസില്‍ പഠിക്കുന്നതില്‍ 1520 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്.

ഡബ്ല്യൂ.ഡബ്യൂ.ഐവിന്റെ വിജയത്തില്‍ തന്റെ അച്ഛന്‍ വഹിച്ച പങ്കിനെപ്പറ്റിയും മേഘ്‌ന വാചാലയായി. താന്‍ എവിടെ നിന്നോ വന്ന് ഇതേ പോലെ സിനിമയില്‍ പരീക്ഷണം നടത്തിയിരുന്നെങ്കില്‍ ഒരിക്കലും വിജയിക്കില്ലായിരുന്നെന്ന് അവര്‍ പറഞ്ഞു. തന്റെ അച്ഛന് സിനിമാ മേഖലയിലുള്ള നല്ല പേര് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് സഹായമായിരുന്നു. എന്നാല്‍ സുഭാഷ് ഗായുടെ തരത്തിലുള്ള സിനിമാ നിര്‍മാണമാണ് ഇവിടെ പഠിപ്പിക്കുന്നതെന്ന് കരുതിയവരും ഉണ്ടെന്നും മേഘ്‌ന വ്യക്തമാക്കി.

തന്റതായ രീതിയില്‍ ഡബ്ല്യൂ.ഡബ്യൂ.ഐയെ ഒരു മത്സരബുദ്ധിയോടെ തൃപ്തികരമായതുമായ ജോലിസ്ഥലമാക്കി മാറ്റാന്‍ മേഘ്‌ന ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. ഹിന്ദി സിനിമാ മേഖലയിലെ പല പരമ്പരാഗത നിയമങ്ങളേയും അവര്‍ പൊളിച്ചെഴുതി. ഇനി മറ്റൊരു ജോലിയിലേക്ക് തിരിച്ചു പോകാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ അവര്‍ ചിരിച്ചു കൊണ്ട് ഇങ്ങനെ പറയും. 'ഇനി ആരെങ്കിലും എനിക്ക് ജോലി തരുമെന്ന് തോന്നുന്നില്ല. ഞങ്ങള്‍ സ്ഥാപനം ആരംഭിച്ചപ്പോള്‍ എനിക്കൊരു ബോസുണ്ടായിരുന്നു. എനിക്ക് എന്റെ അച്ഛനോട് പറയാമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാനാരോടും ഒന്നും റിപ്പോര്‍ട്ട് ചെയ്യാറില്ല. എന്നെ ഇനി ജോലിക്ക് വയ്ക്കുന്നവര്‍ ആരായാലും അവര്‍ക്ക് എന്റെ ഈ സ്വഭാവം പ്രശ്‌നമായേക്കും.'

സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ പറ്റിയ സ്ഥലമാണ് ഇന്ത്യയെന്നാണ് മേഘ്‌നയുടെ അഭിപ്രായം. വിശാലമായ പിന്തുണയാണ് ഇവിടെ സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. സ്ത്രീകള്‍ ജോലി ചെയ്യാതിരിക്കുകയോ തിരക്കില്ലാതിരിക്കുകയോ ചെയ്താല്‍ അവര്‍ സ്വയം നിര്‍മിച്ച കണ്ണാടിക്കൂട്ടില്‍ ഒളിക്കുന്നത് പോലെയാണ്. ഏത് തരത്തിലുള്ള ജോലിയും നല്ലതാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജോലി ചെയ്യുക എന്നത് ആത്മവിശ്വാസം നേടാനുതകുന്നതാണ്. പ്രത്യക്ഷമായ ആത്മവിശ്വാസം അവള്‍ക്ക് മാത്രമല്ല, അവളുടെ കുടുംബത്തിനും നല്ലതാണെന്നും മേഘ്‌ന കൂട്ടിച്ചേര്‍ത്തു.