ഫ്രാന്‍സില്‍ നിന്ന് ജലസേചനമാര്‍ഗങ്ങള്‍ സ്വീകരിച്ച് നവാസുദ്ദീന്‍ സിദ്ദിഖി

ഫ്രാന്‍സില്‍ നിന്ന് ജലസേചനമാര്‍ഗങ്ങള്‍ സ്വീകരിച്ച് നവാസുദ്ദീന്‍ സിദ്ദിഖി

Saturday June 18, 2016,

1 min Read

പ്രശസ്ത ബോളീവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിക്ക് ഇക്കുറി കാന്‍ ചലച്ചിത്ര മേള അദ്ദേഹം പ്രതീക്ഷിച്ചതിനേക്കാളും കൂടുതല്‍ വിജ്ഞാന പ്രദമായിരുന്നു. ചലച്ചിത്രോല്‍സവത്തില്‍ ഫ്രഞ്ചുകാരായ കുറച്ചുപേരുമായി നവാസുദ്ദീന്‍ സൗഹൃദത്തിലായി. ഫ്രാന്‍സിലെ നൈസ് എന്ന സ്ഥലത്ത് സ്വന്തമായി കൃഷി സ്ഥലങ്ങള്‍ ഉള്ള അവര്‍ അദ്ദേഹത്തെ അങ്ങോട്ട് ക്ഷണിക്കുകയും ചെയ്തിരുന്നു.ക്ഷണം സ്വീകരിച്ച് അവരുടെ കൃഷിയിടങ്ങളിലെത്തിയ നവാസുദ്ദീന് നിരവധി കാര്യങ്ങളാണ് അവിടെനിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. ബിരുദ പഠന കാലത്ത് തന്റെ ഗ്രാമമായ ഉത്തര്‍പ്രദേശിലെ ബുധാനയില്‍ കൃഷി പരീക്ഷിച്ചിരുന്ന നവാസുദ്ദീന് ഇതൊരു പ്രചോദനാത്മകമായ അനുഭവമായിരുന്നു.

ഫ്രാന്‍സിലെ എല്ലാ കാര്‍ഷിക വിളകളും ചെലവ് കുറഞ്ഞ രീതിയിലും വളരെ കുറച്ച് ജലം ഉപയോഗിച്ചും ചെയ്യാവുന്ന രീതിയിലാണ് കൃഷി ചെയ്യുന്നത്. ജലസേചനത്തിന് സെന്റര്‍ പിവോട്ട് ഇറിഗേഷന്‍ എന്ന പേരാണ് ഉപയോഗിക്കുന്നതെന്ന് നവാസുദ്ദീന്‍ ടൈംസ് ഓഫ് ഇന്‍ഡ്യ പത്രത്തോട് പറയുന്നു.

ഫ്രാന്‍സില്‍നിന്നും മനസിലാക്കിയ മാതൃക നവാസുദ്ദീന്‍ സ്വന്തം ഗ്രാമത്തിലും പരീക്ഷിക്കാനുള്ള ശ്രമത്തിലാണ്. ജലസേചനത്തിനും ഫലപ്രദമായ മാര്‍ഗം തന്നെ ഉപയോഗിച്ചു. പൈപ്പുകള്‍ സ്ഥാപിച്ച് ഓരോ പൈപ്പിനും ഒരു ഏക്കര്‍ സ്ഥലത്ത് വരെ ജലസേചനം നടത്താനാവുന്ന രീതിയാണ് പരീക്ഷിച്ചത്. മാത്രമല്ല സാധാരണ കൃഷി രീതിക്ക് ഉപയോഗിക്കാറുള്ളതിന്റെ പകുതിയിലധികം വെള്ളം കുറച്ച് മതി ഇതിനെന്ന പ്രത്യേകതയുമുണ്ട്.

ഉത്തര്‍പ്രദേശില്‍ ജല ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഈ കൃഷിരീതി ഏറെ പ്രയോജനം ചെയ്‌തേക്കുമെന്ന് 42 കാരനായ നവാസുദ്ദീന്‍ വിലയിരുത്തുന്നു. നാല് വര്‍ഷം മുമ്പ് താന്‍ വയലില്‍ പണിയെടുക്കുമ്പോള്‍ 80 അടി കുഴിക്കുമ്പോള്‍ വെള്ളം കണ്ടെത്താനാകുമായിരുന്നു. കുഴല്‍ കിണറിന് 110120അടിയില്‍ വെള്ളം കണ്ടെത്തും. എന്നാല്‍ ഇന്ന് ബുധാനയില്‍ വെള്ളം കാണണമെങ്കില്‍ 220 അടിയെങ്കിലും ആഴത്തില്‍ കുഴിയെടുക്കണം. വളരെ ശ്രദ്ധിച്ച് സൂക്ഷ്മതയോടെ ജലം ഉപയോഗിച്ചില്ലെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ വെള്ളം കണ്ടെത്തുന്നതിന് 400 അടിയെങ്കിലും താഴെ പോകേണ്ടിവരുമെന്ന് നവാസുദ്ദീന്‍ പറയുന്നു.

ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത് വിളകള്‍ക്ക് മുകളില്‍നിന്ന് വെള്ളം തളിച്ചാല്‍ ഫലങ്ങള്‍ കൂടുതല്‍ ആരോഗ്യകരമാകുമെന്നാണ്. എന്നാല്‍ അത് എങ്ങനെയാണെന്ന് വിവരിക്കുക ദുഷ്‌കരമാണ്. പ്രകൃതിദത്തമായ മഴയാണ് കാര്‍ഷിക വിളകള്‍ക്ക് ഏറ്റവും അനുയോജ്യം. കരിമ്പ്, അരി, ഗോതമ്പ് എന്നിവയാണ് നവാസുദ്ദീന്‍ കൃഷി ചെയ്യുന്നത്.