ഇന്ത്യയിലെ 10 സാമൂഹിക സംരംഭക നായകന്മാര്‍

0


സമൂഹിക സംരംഭങ്ങളുടെ കാര്യം മുഖവിലയ്‌ക്കെടുത്താല്‍ ഇന്ത്യ പുതിയ ആശയങ്ങള്‍ പരീക്ഷിക്കാനുള്ള ലോകത്തിന്റെ പരീക്ഷണശാലയാണ്. നമ്മുടെ രാജ്യം വലിയൊരു വിപണി തന്നെയാണ്. ഇന്ത്യയിലെ മികച്ച 10 സംരംഭക നേതാക്കളെപ്പറ്റിയാണ് ഈ ലേഖനം.

1.മഹാത്മാ ഗാന്ധി

സുസ്ഥിരത, പ്രകൃതി സൗഹൃദം, പ്രാദേശിക വിഭവങ്ങളുടെ ഉപയോഗം, ഗ്രാമവികസനം, പ്രാദേശിക വ്യവസായങ്ങളുടെ വളര്‍ച്ച എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയ വ്യക്തിയായിരുന്നു മഹാത്മാഗാന്ധി. ഖാദി പോലുള്ള വ്യവസയങ്ങള്‍ വളര്‍ത്തേണ്ടതിന്റെ ആവശ്യത്തെപ്പറ്റി അദ്ദേഹം എല്ലായ്‌പ്പോഴും സംസാരിക്കാറുണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ ഉപ്പിന് വിലകൂട്ടിയപ്പോള്‍ അദ്ദേഹം ദണ്ഡിയിലേയ്ക്ക് നടത്തിയ ദണ്ഡി യാത്ര ഇതിന്റെ ഉത്തമ ഉദാഹരണമാണ്. പഞ്ചായത്തി രാജ്, സ്ത്രീകളുടെ ഉന്നമനം, വിദേശ വസ്തുക്കള്‍ ഉപേക്ഷിക്കാനുള്ള ആഹ്വാനം തുടങ്ങിയവയെല്ലാം സമൂഹത്തെ പരിവര്‍ത്തനപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളായിരുന്നു.

2. ഡോ. വര്‍ഗ്ഗീസ് കുര്യന്‍ (ധവള വിപ്ലവത്തിന്റെ പിതാവ്)

1946ല്‍, ഇന്ന് അമൂല്‍ എന്നറിയപ്പെടുന്ന, ദി കൈര ഡിസ്ട്രിക്റ്റ് കോപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ സ്ഥാപിച്ചത് ത്രിഭുവന്‍ദാസ് കിശിഭായി പട്ടേലാണെങ്കിലും ബിരുദാനന്തര ബിരുദം നേടി വര്‍ഗീസ് കുര്യന്‍ യു.എസില്‍ നിന്നെത്തിയില്ലായിരുന്നെങ്കില്‍ ഇന്ന് ഈ പ്രസ്ഥാനത്തിന് ഇത്രയും പേരുണ്ടാകുമായിരുന്നില്ല. ഇന്ത്യയില്‍ സാമൂഹിക സംരംഭക പ്രസ്ഥാനത്തില്‍ കുര്യന്റെ സംഭാവന മഹത്തരമാണ്. ഇന്ത്യയെ ധവള വിപ്ലവത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യമാക്കി മാറ്റിയത് അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണവും പദ്ധതികളുമാണ്. 60 വര്‍ഷം നീണ്ടു നിന്ന കരിയറിനിടെ അദ്ദേഹം ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (ജി.സി.എം.എം.എഫ്), ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ്, ആനന്ദ്(ഐ.ആര്‍.എം.എ), ദി നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ്(എന്‍.ഡി.ഡി.ബി) തുടങ്ങി മുപ്പതോളം സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടു.

3. സഞ്ജിത് 'ബങ്കര്‍' റോയി, ബെയര്‍ഫൂട്ട് കോളേജ് സ്ഥാപകന്‍

1965ല്‍ ജാര്‍ഖണ്ഡിലെ പാലാമു ജില്ലയിലെ ദാരിദ്യ ബാധിത പ്രദേശങ്ങളില്‍ വോളണ്ടിയറായി സേവനമനുഷ്ടിച്ച റോയി തനിക്ക് അവിടെ നിന്നും ലഭിച്ച അനുഭവങ്ങളുടെ വെളിച്ചത്തില്‍ അസമത്വത്തിനും ദാരിദ്യത്തിനുമെതിരെ പൊരുതുക എന്നത് തന്റെ ജീവിതത്തിന്റെ ലക്ഷ്യമാക്കി മാറ്റി. 1972ല്‍ ഇതിനായി ദ്ദേഹം സോഷ്യല്‍ വര്‍ക്ക്‌സ് ആന്റ് റിസര്‍ച്ച് സെന്റര്‍ (എസ്.ഡബ്യൂ. ആര്‍.സി) സ്ഥാപിച്ചു. ഗ്രാമത്തിലെ ജലലഭ്യത സുസ്ഥിരമാക്കാന്‍ വാട്ടര്‍ പമ്പുകള്‍ സ്ഥാപിക്കാനായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ശ്രമം. എസ്.ഡബ്യൂ. ആര്‍.സിയെ പിന്നീട് ബെയര്‍ഫൂട്ട് കോളേജുമായി സംയോജിപ്പിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. ബെയര്‍ഫൂട്ട് കോളേജിലൂടെ ഗ്രാമീണരെ സൗരോര്‍ജ്ജം, ജലം, വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ കരകൗശലവസ്തുക്കളുടെ നിര്‍മാണം, ആശയവിനിമയം, സ്ത്രീ ശാക്തീകരണം, മാലിന്യ സംസ്‌കരണം തുടങ്ങി നിരവധി വിഷയങ്ങളിലുളള സംശയങ്ങള്‍ നിവര്‍ത്തിച്ചു കൊടുത്തു. 2010ല്‍ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന നൂറ് വ്യക്തികളില്‍ ഒരാളായി ടൈം മാസിക റോയിയെ തെരഞ്ഞെടുത്തിരുന്നു.

4. അനില്‍ കുമാര്‍ ഗുപ്ത, ഹണീബീ നെറ്റ്വര്‍ക്കിന്റെ സ്ഥാപകന്‍

1981 മുതല്‍ അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രൊഫസറായി ജോലി നോക്കുകയായിരുന്നു. ഹണീബീ നെറ്റ്വര്‍ക്കിന്റെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം. ഹണിബീ നെറ്റ്വര്‍ക്കിലൂടെ അദ്ദേഹം 1,00,000ത്തിലേറെ ഐഡിയകളാണ് മുന്നോട്ട് കൊണ്ടുവന്നത്. എല്ലാ വര്‍ഷവും അദ്ദേഹം നടത്തുന്ന 'ശോധ് യാത്ര'യില്‍ താഴേത്തട്ടിലുള്ളവരുടെ അറിവ്, സര്‍ഗാത്മകത, കണ്ടുപിടുത്തങ്ങള്‍ എന്നിവയെപ്പറ്റി അറിയുവാന്‍ പല ഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്.

5. ഹാരിഷ് ഹാന്റേ, സെല്‍കോ സോളാറിന്റെ സഹസ്ഥാപകന്‍

ഇന്ത്യയിലെ പാവപ്പെട്ടവരിലേക്കും വീണ്ടും ഉപയോഗിക്കാനാകുന്ന ഊര്‍ജ്ജ ശ്രോതസ്സുകളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1995ല്‍ ഹാന്റേ സെല്‍കോ സോളാറിന്റെ സഹസ്ഥാപകനായത്. സൗരോര്‍ജ്ജത്തിന്റെ ഗുണമേന്മ ജനങ്ങളിലേക്ക് എത്തിക്കാനായി ആദ്യകാലങ്ങളില്‍ സൗരോര്‍ജ്ജ വിളക്കുകള്‍ സൗജന്യമായി അദ്ദേഹം നല്‍കിയിരുന്നു. കഴിഞ്ഞ 18 വര്‍ഷത്തിനിടെ 1.35 ലക്ഷത്തിലധികം വീടുകളില്‍ അദ്ദേഹം സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിച്ചു. ഏഷ്യയുടെ നോബേല്‍ പുരസ്‌കാരം എന്നറിയപ്പെടുന്ന രാമണ്‍ മഗ്‌സസെ അവാര്‍ഡ് 2011ല്‍ അദ്ദേഹത്തിന് ലഭിച്ചു. ഇതോടൊപ്പം സെല്‍കോ ഫൗണ്ടേഷന്‍ എന്നൊരു സ്ഥാപനത്തിനും അദ്ദേഹം തുടക്കമിട്ടു.

6. ഡോ. ജി വെങ്കടസ്വാമി, അരവിന്ദ് കണ്ണാശുപത്രിയുടെ സ്ഥാപകന്‍

ഡോ. വി എന്നറിയപ്പെടുന്ന ജി വെങ്കടസ്വാമി 1976ലാണ് അരവിന്ദ് കണ്ണാശുപത്രി സ്ഥാപിച്ചത്. ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കാത്ത ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സഹായകമായിരുന്നു അദ്ദേഹത്തിന്റെ ഈ ആശുപത്രി. പതിനൊന്ന് കിടക്കകളും നാല് മെഡിക്കല്‍ ഉദ്യോഗസ്ഥരുമായി ആരംഭിച്ച ക്ലിനിക്ക് വൈകാതെ ലോകത്തിലെ ഏറ്റവും കൂടുതല്‍ സൗകര്യങ്ങളുള്ള ഗുണമേന്മയുള്ള നേത്ര സംരക്ഷണ കേന്ദ്രമായി മാറി. വളരെ കുറഞ്ഞ തുക മാത്രമാണ് ഇവിടെ ഈടാക്കിയിരുന്നത്. ഇതു വരെ 32 മില്യണ്‍ രോഗികളെ ഇവിടെ ചികിത്സിച്ചിട്ടുണ്ട്. ഇതില്‍ നാല് ദശലക്ഷം പേര്‍ക്ക് കണ്ണില്‍ ശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്.

7. സുനില്‍ ഭാരതി മിത്തല്‍, എയര്‍ടെല്‍ സ്ഥാപകന്‍

പാവപ്പെട്ടവരുടെ കൈകളിലേക്ക് ടെലികോമിന്റെ ശക്തി എത്തിച്ച ഇന്ത്യയിലെ വലിയ സാമൂഹ്യ എന്റര്‍പ്രൈസാണ് ഭാരതി എയര്‍ടെല്‍. വാര്‍ത്ത, അറിവുകള്‍, എന്റര്‍ടെയിന്‍മെന്റ്, തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി കുറഞ്ഞ ചെലവില്‍ ടെലിഫോണ്‍ സേവനം ജനങ്ങളില്‍ എത്തിക്കുക എന്നതായിരുന്നു മിത്തല്‍ ചെയ്തത്. കര്‍ഷകര്‍ക്ക് ഫോണ്‍ മുഖാന്തരം വിളവ്, കാലാവസ്ഥ സംബന്ധമായ വിഷയങ്ങള്‍ ലഭ്യമാക്കുക, ജോലി തേടുന്നവര്‍ക്ക് അനുയോജ്യമായ ജോലി അന്വേഷിക്കുക തുടങ്ങി നിരവധി സേവനങ്ങള്‍ അവര്‍ നല്‍കിയിരുന്നു. ഇന്ന് മിത്തലിന്റെ കമ്പനിക്ക് 188 മില്യണിലധികം സബ്‌സ്‌ക്രൈബര്‍മാരുണ്ട്.

8. വിനീത് റായി, ആവിഷ്‌ക്കാറിന്റെ സ്ഥാപകന്‍

ഇന്ത്യയിലെ സാമൂഹിക സംരംഭകരില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാളാണ് വിനീത് റായി. ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക സംരംഭ സ്ഥാപനമായ ആവിഷ്‌ക്കാര്‍ വെഞ്ച്വര്‍ മാനേജ്‌മെന്റ് സര്‍വീസിന്റെ സ്ഥാപകനും സി.ഇ.ഒയുമാണ് അദ്ദേഹം. 2001ല്‍ വെറും ഒരു ലക്ഷം രൂപ മൂലധനത്തിലാണ് വിനീത് ഈ എന്റര്‍പ്രൈസ് ആരംഭിച്ചത്.

9. വിക്രം അകുല, എസ്.കെ.എസ് മൈക്രോഫിനാന്‍സിന്റെ സ്ഥാപകന്‍

മൈക്രോ ലോണുകളും ഇന്‍ഷൂറന്‍സുകളും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് 1998ല്‍ എസ്.കെ.എസ് മൈക്രോഫിനാന്‍സ് ആരംഭിച്ചത്. പാവപ്പെട്ട കര്‍ഷകര്‍ക്ക് ഭക്ഷ്യ സുരക്ഷയ്ക്ക് വേണ്ടി ഗവണ്‍മെന്റ് ഫണ്ട് ചെയ്ത ആക്ഷന്‍ റിസര്‍ച് പ്രോജക്ട് നയിക്കുന്നത് അകുലയാണ്.

10. സാം പിട്രോഡ, നാഷണല്‍ ഇന്നവേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍

സത്യനാരായണ്‍ ഗംഗാറാം പിട്രോഡ എന്ന സാം പിട്രോഡ ഇന്ത്യയുടെ ആശയവിനിമയ വിപ്ലവത്തിന്റെ പിതാവെന്നാണ് അറിയപ്പെടുന്നത്. 1980കളില്‍ അന്നത്തെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുടെ ടെക്‌നോളജി ഉപദേഷ്ടാവായിരുന്നു അദ്ദേഹം.ഇന്നദ്ദേഹം നാഷണല്‍ ഇന്നവേഷന്‍ കൗണ്‍സിലിന്റെ പ്രേരക ശക്തിയാണ്