സര്‍ക്കാര്‍ ഇടപെട്ടു; ബാങ്ക് നിയന്ത്രണം മൂലം വലഞ്ഞ കായികതാരങ്ങള്‍ക്ക് പണം ലഭിച്ചു 

0

ദേശീയ അത്‌ലിറ്റിക് ചാമ്പ്യൻഷിപ്പിനു കേരളത്തിൽനിന്നു പോയ കായികതാരങ്ങൾക്കും ഉദ്യോഗസ്ഥർക്കും ചെലവിന് അനുവദിച്ച പണം ബാങ്കിൽനിന്നു പിൻവലിക്കാൻ കഴിയാത്തതിനാൽ ഉണ്ടായ പ്രതിസന്ധി സംസ്ഥാനസർക്കാർ ഇടപെട്ട് അടിയന്തരമായി പരിഹരിച്ചു. കറൻസി നിരോധത്തെത്തുടർന്ന് കേന്ദ്രസർക്കാർ പണം പിൻവലിക്കലിന് ഏർപ്പെടുത്തിയ നിയന്ത്രണമാണ് കായികതാരങ്ങളെ വലച്ചത്. അവർക്ക് ആവശ്യമായ തുക മത്സരം നടക്കുന്ന കോയമ്പത്തൂരിൽ പ്രത്യേക പണംകൈമാറൽ സംവിധാനത്തിലൂടെ എത്തിക്കുകയായിരുന്നു.

കായികതാരങ്ങളുടെ പ്രതിസന്ധി അറിഞ്ഞയുടൻ ധനമന്ത്രി തോമസ് ഐസക്ക് ഇടപെടുകയും പ്രശ്നം പരിഹരിക്കാൻ ധനവകുപ്പുദ്യോഗസ്ഥർക്കു നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്ന് അഞ്ചുലക്ഷം രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ തിരുവനന്തപുരം ശാഖ വഴി കോയമ്പത്തൂർ ശാഖയ്ക്കു കൈമാറുകയായിരുന്നു. അവിടെ പ്രത്യേക ചെസ്റ്റിൽ സൂക്ഷിക്കുന്ന ഈ തുക നിരോധനമില്ലാത്ത നോട്ടുകളായി നാളെ (ശനിയാഴ്ച) രാവിലെതന്നെ ഉദ്യോഗസ്ഥർക്കു നൽകും.

കേരള സംസ്ഥാന അത്‌ലിറ്റിക് അസോസിയേഷന്റെ ജൂനിയർ ടീമാണ് കോയമ്പത്തൂരിൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഇവർ 180 കായികതാരങ്ങളും എട്ട് ഉദ്യോഗസ്ഥരുമുണ്ട്. ചെലവാകുന്ന തുക ടീം മടങ്ങിവന്നശേഷം തിരികെനൽകുകയാണു സാധാരണ ചെയ്യാറ്. അതിനുപകരം, കായികതാരങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ ഇത്തവണ സംസ്ഥാന സ്പോർട്സ് കൗൺസിൽ 6.67 ലക്ഷം രൂപ മുൻകൂറായി അക്കൗണ്ടിൽ നിക്ഷേപിച്ചാണ് ടീമിനെ അയച്ചത്. എന്നാൽ, അവിചാരിതമായുണ്ടായ ബാങ്ക് നിയന്ത്രണം ടീമിനെ ആശങ്കയിൽ ആഴ്ത്തുകയായിരുന്നു.

“പലരുടെയും കൈവശം ഉണ്ടയിരുന്ന പണം സമാഹരിച്ചാണ് ആദ്യദിവസം കഴിച്ചുകൂട്ടിയത്. ഇന്നത്തേക്കുകൂടി കഴിയാനുള്ളതേ ഉണ്ടായിരുന്നുള്ളൂ. ഈ അവസ്ഥയിലാണ് ഞങ്ങൾ ധനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടത്.” സംഘത്തോടൊപ്പമുള്ള ബാബു പറഞ്ഞു. പ്രതീക്ഷിച്ചതിലും വേഗത്തിൽ പരിഹാരമുണ്ടാക്കിയ ധനമന്ത്രിയ്ക്ക് മുഴുവൻ ടീമംഗങ്ങളും അകമഴിഞ്ഞ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.