ശബരിമലയില്‍ കെ എസ് ആര്‍ ടി സിക്ക് റിക്കോര്‍ഡ് നേട്ടം

ശബരിമലയില്‍ കെ എസ് ആര്‍ ടി സിക്ക് റിക്കോര്‍ഡ് നേട്ടം

Tuesday February 02, 2016,

2 min Read


ദര്‍ശന പുണ്യം തേടി ഭക്ത ലക്ഷങ്ങള്‍ ഇക്കുറി ശബരീ സന്നിധിയിലെത്തിയപ്പോള്‍ ശബരിമലയില്‍ നിന്നുള്ള കെ എസ് ആര്‍ ടി സിയുടെ വരുമാനത്തില്‍ ഇക്കുറി വന്‍ വര്‍ധന. പമ്പ ഡിപ്പോയില്‍ നിന്നും ഓപറേറ്റ് ചെയ്യുന്ന സര്‍വീസുകളില്‍ നിന്നുമാത്രം 13.20 കോടി രൂപയുടെ വരുമാനമാണ് കെ എസ് ആര്‍ ടി സിക്കു ലഭിച്ചത്. കെ എസ് ആര്‍ ടി സിയുടെ ചരിത്രത്തില്‍ തന്നെ ശബരിമല സര്‍വീസില്‍നിന്ന് ആദ്യമായാണ് ഇത്രയും തുക കിട്ടുന്നത്. നഷ്ടക്കണക്ക് മാത്രം പറഞ്ഞ് കേള്‍ക്കുന്ന കെ എസ് ആര്‍ ടി സിക്ക് ചെറിയ തോതിലെങ്കിലും ആശ്വസിക്കാന്‍ വകയുള്ളതാണ് ഈ നേട്ടം.

image


ഇക്കുറി 1426470 യാത്രക്കാരാണ് പമ്പ ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകളില്‍ യാത്ര ചെയ്തത്. ആകെ വരുമാനത്തില്‍ 10.7 കോടിയോളം രൂപ കെ എസ് ആര്‍ ടി സി സര്‍വീസുകളില്‍ നിന്നും 3.07 കോടിയോളം രൂപ കെ യു ആര്‍ ടി സിയുടെ ചെയിന്‍ സര്‍വീസുകളില്‍ നിന്നുമാണു ലഭിച്ചത്. 381426 യാത്രക്കാരാണു കെ എസ് ആര്‍ ടി സി സര്‍വീസുകളെ ആശ്രയിച്ചത്. കെ യു ആര്‍ ടി സി ചെയിന്‍ സര്‍വീസുകളില്‍ 1045044 യാത്രക്കാരും യാത്രചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5000ത്തോളം കിലോമീറ്ററുകള്‍ ഇത്തവണ കൂടുതലായി സര്‍വീസ് നടത്തി. നാല്‍പതോളം ബസുകള്‍ അധികമായി സര്‍വീസിന് ഉപയോഗിച്ചു. സീസണ്‍ന്റെ തുടക്കത്തില്‍തന്നെ ഇന്റര്‍‌സ്റ്റേറ്റ് സര്‍വീസുകള്‍ ആരംഭിച്ചത് വരുമാനം വര്‍ധിക്കാന്‍ സഹായകമായി.

image


സാധാരണ മകരവിളക്ക് ആഘോഷങ്ങളോട് അനുബന്ധിച്ചാണ് കെ എസ് ആര്‍ ടി സി ഇന്റര്‍ സ്റ്റേറ്റ് സര്‍വീസുകള്‍ ആരംഭിക്കാറുള്ളത്. ഇത്തവണ ചെന്നൈ ഒഴികെയുള്ള സര്‍വീസുകളില്‍ അധികവും മണ്ഡലകാത്തിന്റെ തുടക്കത്തില്‍ത്തന്നെ സര്‍വീസ് ആരംഭിച്ചിരുന്നു. ചെന്നൈ ഇന്റര്‍ സ്റ്റേറ്റ് സര്‍വീസുകള്‍ അധികവും മകരവിളക്കിനോട് അടുപ്പിച്ചാണ് ആരംഭിച്ചത്. സംസ്ഥാനത്തെ പ്രധാന ആരാധനാ കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള ഡിപ്പോകളില്‍ നിന്നും മറ്റു പ്രധാന കേന്ദ്രങ്ങളില്‍ നിന്നും കെ എസ് ആര്‍ ടി സി ശബരിമല സര്‍വീസുകള്‍ ഓപറേറ്റ് ചെയ്തിരുന്നു.

image


ആയിരത്തോളം ബസുകളാണ് ഇത്തരത്തില്‍ പമ്പയിലേക്കു സര്‍വീസ് നടത്തിയിരുന്നത്. ഇവയില്‍ നിന്നുള്ള വരുമാനത്തിന്റെ കണക്കുകള്‍ ശേഖരിച്ചു വരുന്നതേയുള്ളൂ. ഇതുകൂടിയാകുമ്പോള്‍ ഇപ്പോഴുള്ള വരുമാനത്തില്‍നിന്നും ഇനിയും വര്‍ധനവുണ്ടാകും. കഴിഞ്ഞ മണ്ഡലകാലത്ത് പമ്പ ഡിപ്പോയില്‍ നിന്നുള്ള വരുമാനം എട്ടു കോടിയോളമായിരുന്നു.

    Share on
    close