ഡ്രൈവര്‍ മുതല്‍ പുരസ്‌കാരങ്ങള്‍ തേടിയെത്തിയ സംരംഭകന്‍ വരെയുള്ള ശരണ്യന്റെ വിജയഗാഥ

0

ഒരു ഡ്രൈവറില്‍ നിന്നും ശ്രീലങ്കയിലെ പ്രമുഖ മാര്‍ക്കറ്റിംഗ് കമ്പനികളിലൊന്നായ എക്‌സ്ട്രീം സി ഇ ഒ നെറ്റിന്റെ സ്ഥാപകനിലേക്കുള്ള ശരണ്യന്‍ ശര്‍മയുടെ വളര്‍ച്ച നവ സംരംഭകര്‍ക്ക് മാതൃകയാണ്. മറ്റ് രണ്ട് കമ്പനികളായ പ്രിവിലെജ്‌സര്‍വര്‍ ടെക്‌നോളജീസും 7അരെന ടെക്‌നോളജീസും ശരണ്യന്റെ ഉടമസ്ഥതയിലുണ്ട്. ശ്രീലങ്കയിലെ വാവുനിയയിലെ ശരണ്യന്റെ വീട്ടുമുറ്റത്ത് ഡെലിവറി വാനിന് പകരം നാല് കാറുകളാണ് ഇപ്പോള്‍ പാര്‍ക്ക് ചെയ്തിട്ടുള്ളത്. പോരാട്ടങ്ങളിലൂടെ താന്‍ നേടിയെടുത്ത വിജയത്തിന്റെ പ്രതീകമാണിത്. ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് ശരണ്യന്റെ കുടുംബം 2009 ല്‍ ഇവിടെ നിന്നും ജഫ്‌നയിലേക്ക് പോയി. ജഫ്‌നയില്‍ പോയതിനുശേഷം മൂന്ന് മാസംകൂടുമ്പോഴായിരുന്നു ശരണ്യന് തന്റെ കുടുംബത്തെ കാണാന്‍ കഴിഞ്ഞത്. അവര്‍ ജീവനോടെയുണ്ടോ ഇല്ലയോ എന്നുപോലും അറിയാന്‍ കഴിയാത്ത ഭീതിയുടെ നാളുകളായിരുന്നുവെന്ന് ഇപ്പോഴും ഓര്‍ക്കുന്നു.

ആഭ്യന്തര യുദ്ധത്തിത്തിന്റെ തീവ്രത അലയടിച്ച അവസാന മാസങ്ങളില്‍ കുടുംബവുമായി ബന്ധപ്പെടാനുള്ള മാര്‍ഗം പോലും ഇല്ലാതായി. ആ സമയത്ത് ശരണ്യന്‍ കൊളംബോയില്‍ എന്‍ജിനിയറിംഗ് പഠിക്കുകയായിരുന്നു. കുടുംബത്തില്‍ നിന്നും ഫീസടക്കാനുള്ള തുക ലഭിക്കാതെ വന്നപ്പോള്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. നിലനില്‍പ്പിനായി ജോലി അന്വേഷിച്ച് ഒടുവില്‍ ഡ്രൈവറായി മാറി. എന്നാല്‍ വളരെ താമസിയാതെ തന്നെ ശരണ്യന്‍ തിരിച്ചറിഞ്ഞു ബിസിനസ്സാണ് തന്റെ മേഖലയെന്ന്. ഡ്രൈവറായിരുന്നപ്പോള്‍ തന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വരുമാനം ലഭ്യമായില്ല. തുടര്‍ന്ന് സ്വന്തമായി ഒരു സംരംഭം എന്ന ആശയം ഉദിച്ചു. ഈ സമയത്താണ് ഇ- കൊമേഴ്‌സില്‍ ശരണ്യന് താത്പര്യം ജനിച്ചത്.

എന്നാല്‍ സംരംഭത്തിന് ആവശ്യമായ പണമോ കമ്പ്യൂട്ടറോ കൈയിലുണ്ടായിരുന്നില്ല. 22,000 ശ്രീലങ്കന്‍ റൂപ്പിയാണ് കയ്യിലുണ്ടായിരുന്നത്. എന്നാല്‍ കമ്പ്യൂട്ടറിന് 48,000 ശ്രീലങ്കന്‍ റുപ്പിയായിരുന്നു വില. നഗരത്തിലുണ്ടായിരുന്നവരില്‍ നിന്നും പണം കടമെടുക്കാന്‍ തീരുമാനിച്ചെങ്കിലും അത് എത്ര പ്രയാസമാണെന്ന് ശരണ്യന് അറിയാമായിരുന്നു. ആരും പണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ശരണ്യന്റെ സഹോരന്റെ ഉറപ്പിന്‍മേല്‍ അയല്‍ക്കാരില്‍ ചിലര്‍ പണം നല്‍കി സഹായിച്ചു. അങ്ങനെ സംരംഭം ആരംഭിക്കുന്നതിനുമുമ്പുതന്നെ ശരണ്യന്‍ കടക്കാരനായിമാറി.

ഒരു ബ്രാഹ്മിണ കുടുംബത്തില്‍ നിന്നുമുള്ള ശരണ്യന്‍ തന്റെ ജീവിതം ദൈവീക കാര്യങ്ങള്‍ക്കായി വിനിയോഗിക്കുമെന്നാണ് കുടുംബം പ്രതീക്ഷിച്ചിരുന്നത്. അതില്‍ നിന്നും വ്യത്യസ്തമായുള്ള ശരണ്യന്റെ നീക്കങ്ങള്‍ കുടുംബത്തെ അത്ഭുതപ്പെടുത്തി. രണ്ട് മാസത്തെ പ്രവര്‍ത്തനങ്ങളിലൂടെ ശരണ്യന് കാര്യമായി ഒന്നും നേടാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഒരു യു എസ് കമ്പനിയില്‍ ഒരു ജോലി ലഭിച്ചു. എല്ലാ ദിവസവും രാവിലെ ലഭിക്കുന്ന ലേഖനങ്ങള്‍ 500 സൈറ്റുകളില്‍ വിതരണം ചെയ്യണം. ഇതില്‍ നിന്നും വളരെ തുച്ഛമായ വരുമാനമാണ് ലഭിച്ചിരുന്നത്. അതില്‍ അതൃപ്തി പ്രകടിപ്പാക്കാതെ മുന്നോട്ടുപോയി. ഒരു മാസം തുടര്‍ച്ചയായി ആ പ്രോജക്ടിനായി രാത്രിയും പകലും ജോലി ചെയ്ത് അതില്‍ നിന്നും അഞ്ച് ഡോളര്‍ വരുമാനം നേടാന്‍ തുടങ്ങി.

പിന്നീട് ഇത് വിപുലപ്പെടുത്താനും മറ്റ് രണ്ട് ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്താനും ശ്രമിച്ചു. എന്നാല്‍ അവര്‍ക്ക് ശമ്പളം നല്‍കാനുള്ള പണം ശരണ്യന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ തന്നെ ഡസ്‌കും കസേരയും കമ്പൂട്ടറുകളും വാങ്ങേണ്ടി വന്നു.

ഇന്ന് എക്‌സ്ട്രീം സി ഇ ഒ 65 പേര്‍ക്കാണ് ശരണ്യന്‍ ജോലി നല്‍കിയിട്ടുള്ളത്. ഇതില്‍ ആറ് പേര്‍ ഭിന്നശേഷിയുള്ളവരാണ്. ശ്രീലങ്കയില്‍ ലഭിക്കുന്നതില്‍വെച്ച് ഏറ്റവും മികച്ച 17 കമ്പ്യൂട്ടറുകളാണ് ശരണ്യന്റെ പക്കലുള്ളത്. ഓഫീസിന്റെ എല്ലാ നിലകളിലും ജനറേറ്ററിന്റേയും എ സിയുടേയും സേവനവും ലഭ്യമാണ്. ജീവനക്കാരുടെ കാര്യത്തില്‍ അതീവ ശ്രദ്ധപുലര്‍ത്താന്‍ ശരണ്യന്‍ ശ്രമിക്കുന്നുണ്ട്. വിവാഹത്തിനും വീട് നിര്‍മാണത്തിനും ഇവിടുത്തെ ജിവനക്കാര്‍ക്ക് വായ്പാ സൗകര്യങ്ങളും നല്‍കുന്നുണ്ട്. മുംബൈയിലേക്ക് സംരംഭം വ്യാപിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം.

കഴിഞ്ഞ ആറ് വര്‍ഷമായി കമ്പനി 38,000 സോഷ്യല്‍ മീഡിയ ക്യാമ്പയിനുകള്‍ നടത്തി. ആദ്യത്തെ അമേരിക്കന്‍ കസ്റ്റമര്‍ ഇപ്പോഴും ശരണ്യനോടൊപ്പമുണ്ട്. എന്നാലിന്ന് അന്നത്തേതിനേക്കാള്‍ പതിന്‍മടങ്ങ് വരുമാനമാണ് കമ്പനി നല്‍കുന്നത്.

പണമല്ല ഒരു സംരംഭത്തിന് ആദ്യം വേണ്ടതെന്നാണ് സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവരോട് ശരണ്യന്‍ പറയുന്നത്. പണം അത്യാവശ്യഘടകമാണ്. എന്നാല്‍ പ്രാഥമികമായി വേണ്ടത് പണമല്ല. പെട്ടെന്നുള്ള സംരംഭങ്ങളുടെ വളര്‍ച്ച സാധ്യമാകുന്നതില്‍ നമ്മുടെ നിലപാടിനും പങ്കുണ്ട്. തനിക്ക് വലിയ പരിയസമ്പത്തൊന്നും ഇല്ലെങ്കിലും വിജയത്തെക്കുറിച്ചും ലാഭത്തെക്കുറിച്ചും ചിന്തിക്കാതെയാണ് ഈ മേഖലയിലേക്ക് കാലെടുത്ത് വച്ചതും ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചതും. സമയമാണ് എല്ലാം നിയന്ത്രിക്കുന്നത് അല്ലാതെ സമയത്തെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയില്ല. തന്റെ ജീവനക്കാരില്‍ പലര്‍ക്കും സ്വന്തം പേര് പോലും ഇംഗ്ലീഷില്‍ എഴുതാന്‍ അറിയില്ല. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് ദാരിദ്ര്യം അനുഭവിക്കുന്നര്‍ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ജീവനക്കാരെ നിയമിച്ചത്. അവര്‍ക്ക് വേണ്ട പരിശീലനം നല്‍കി മിടുക്കരാക്കാനും ശരണ്യന് സാധിച്ചു.

പണം മാത്രമല്ല ബിസിനസ്സ്, മറിച്ച് അനുഭവ പരിചയങ്ങള്‍കൂടിയാണെന്ന് ശരണ്യന്‍ പറയുന്നു. തനിക്ക് പറ്റിയിട്ടുള്ള തെറ്റുകള്‍ തന്നെയാണ് തന്റെ മികച്ച അധ്യാപകര്‍. തന്റെ പേഴ്‌സണല്‍ അക്കൗണ്ട് എപ്പോഴും സീറോ ബാലന്‍സ് ആയി നില നിര്‍ത്താറുണ്ട്. അപ്പോള്‍ മാത്രമാണ് എന്തെങ്കിലും നേടണമെന്ന ആഗ്രഹം മനസിലുണ്ടാകുക. നിറഞ്ഞിരിക്കുന്ന ഗ്ലാസ്സില്‍ വീണ്ടും വെള്ളം നിറക്കാന്‍ നമുക്ക് തോന്നില്ല. കാലിയായിരുന്നാല്‍ മാത്രമേ വെള്ളം കണ്ടെത്താനുള്ള ആഗ്രഹം ഉണ്ടാകൂ.

ശരണ്യന്‍ നേടിയ വിജയം നിരവധി പുരസ്‌കാരങ്ങളും നേടിക്കൊടുത്തട്ടുണ്ട്. 2012ലും 2013ലും പ്രവിശ്യതലത്തിലും ദേശീയ തലത്തിലും മികച്ച സംരംഭകനുള്ള അവാര്‍ഡിന് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. 2013ല്‍ ഏഷ്യ പസഫിക് റീജിയണിലെ അവാര്‍ഡിന് അര്‍ഹമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ യുവ സംരംഭകനുള്ള അവാര്‍ഡും ലഭിച്ചു.

നിലവില്‍ വടക്കന്‍ ശ്രീലങ്കയിലെ ചില ചെറുകിട സംരംഭങ്ങള്‍ക്കായി ശരണ്യന്‍ പണം മുടക്കുന്നുണ്ട്. സംരംഭകനാകാനുള്ള യാത്രയില്‍ ലഭിക്കുന്ന ഒരവസരവും നഷ്ടപ്പെടുത്തരുതെന്നാണ് ശരണ്യന് യുവ സംരംഭകര്‍ക്ക് നല്‍കാനുള്ള ഉപദേശം.