87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കണം: ധനമന്ത്രി ഡോ. തോമസ് ഐസക്ക്

87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കണം: ധനമന്ത്രി ഡോ. തോമസ് ഐസക്ക്

Friday July 21, 2017,

2 min Read

കോഴിയിറച്ചി 87 രൂപയ്ക്ക് സംസ്ഥാനത്ത് വില്‍ക്കണമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജി. എസ്. ടി വന്നതോടെ കോഴിയിറച്ചി വില 15 രൂപ വരെ കുറയേണ്ടതാണ്. എന്നാല്‍ 103 രൂപയ്‌ക്കൊപ്പം 15 രൂപ കൂട്ടിയാണ് വില്‍ക്കുന്നത്. കോഴിയിറച്ചി വില നിശ്ചയിക്കുന്നത് ഒരു സംഘമാണ്. ഇതിനെ സര്‍ക്കാര്‍ വെല്ലുവിളിയായി കാണുന്നു. കെപ്‌കോ വില കുറച്ച് വില്‍ക്കുന്നുണ്ട്. കെപ്‌കോയുടെ വില്‍പ്പനയും കോഴിക്കുഞ്ഞ് ഉത്പാദനവും വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.

image


 ഇതിന് ആവശ്യമായ പണം വകയിരുത്തും. എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോഴി വളര്‍ത്തലിനുള്ള പദ്ധതിയും തീരുമാനിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതിന് അന്തിമ രൂപം നല്‍കും. കോഴിക്ക് വില കുറയുന്നത് അനുസരിച്ച് ഹോട്ടലുകളും വില കുറയ്ക്കണം. കോഴി വിലയും തിയേറ്ററുകളിലെ ടിക്കറ്റ് നിരക്കും വര്‍ദ്ധിപ്പിച്ചത് ന്യായീകരിക്കാനാവില്ല. സിനിമ തിയേറ്ററുകളില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള അധികാരം സര്‍ക്കാരിനാണ്. സര്‍ക്കാര്‍ തിയേറ്ററുകള്‍ പഴയ നിരക്കിലേക്ക് മാറിയിട്ടുണ്ട്. മറ്റുള്ളവരും തെറ്റുതിരുത്തണം. ഇല്ലെങ്കില്‍ നടപടിയെടുക്കും. ജി. എസ്. ടിയുടെ പേരില്‍ തിയേറ്റര്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കില്ല. എം. ആര്‍. പി വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വ്യാപക ടെസ്റ്റ് പര്‍ച്ചേസുകള്‍ നടത്തുമെന്നും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു. കേസുകളും പരാതികളും പരിശോധിക്കാനും വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും എല്ലാ ജില്ലകളിലും ജി. എസ്. ടി ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഫോണിലുള്‍പ്പെടെ സംശയനിവാരണം നടത്താന്‍ സംവിധാനമുണ്ടാവും. പൊതുസംശയങ്ങളും പരാതികളും തിരുവനന്തപുരം ജില്ലയിലെ ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ സ്വീകരിക്കും. പാലക്കാട് ജില്ലയിലെ കേന്ദ്രമാവും വില സംബന്ധിച്ച സംശയദൂരീകരണം നിര്‍വഹിക്കുക. ജി. എസ്. ടി അവസരമാക്കി കൊള്ളലാഭത്തിന് ചിലര്‍ ശ്രമിക്കുന്നു. വില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. കേന്ദ്ര അതോറിറ്റി ഉടന്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ദേശീയ തലത്തില്‍ വിവിധ അസോസിയേഷനുകളുമായി കേന്ദ്രം ചര്‍ച്ച നടത്തണം. ആറ് മാസം മുമ്പ് വാങ്ങിയ ഉത്പന്നങ്ങള്‍ക്കു പോലും ഇന്‍പുട്ട് ക്രെഡിറ്റ് പൂര്‍ണമായി ലഭിക്കും. എം. ആര്‍. പിയില്‍ പെടാത്ത ഉത്പന്നങ്ങള്‍ പോലും അതേ വിലയ്‌ക്കോ വില കുറച്ചോ സിവില്‍ സപ്ലൈസ് നല്‍കുന്നുണ്ട്. എന്തു കൊണ്ട് മറ്റു കച്ചവടക്കാര്‍ക്ക് ഇത് സാധ്യമല്ല എന്ന് വ്യക്തമാക്കണം. എം. ആര്‍. പിയെക്കാള്‍ കൂടിയ വിലയ്ക്ക് വില്‍ക്കണമെങ്കില്‍ ഉത്പാദകന്‍ ഈ വിവരം രണ്ടു പത്രങ്ങളില്‍ രണ്ടു തവണയെങ്കിലും പരസ്യപ്പെടുത്തേണ്ടതുണ്ട്. ഇവിടെ അതുണ്ടായിട്ടില്ല. നിയമവിരുദ്ധ നടപടി സര്‍ക്കാര്‍ പരിശോധിക്കും. സിവില്‍ സപ്ലൈസ് ചെയ്തതു പോലെ ന്യായമായ രീതിയില്‍ വില കുറച്ച് ജനങ്ങള്‍ക്ക് സാധനങ്ങള്‍ നല്‍കാന്‍ വ്യാപാരികള്‍ തയ്യാറാകണം. സിവില്‍ സപ്ലൈസിന്റെ വില്‍പനശാലകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യാപാരികള്‍ക്ക് ആവശ്യമായ ബില്ലിംഗ് സോഫ്റ്റ്‌വെയര്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി ചെയ്തു നല്‍കുന്നത് പരിഗണിക്കും. റേഷന്‍ മണ്ണെണ്ണയ്ക്ക് ജി. എസ്. ടിയില്‍ അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് എന്തു ചെയ്യാന്‍ സാധിക്കുമെന്നത് ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.