അഭിനന്ദിക്കാന്‍ നാം മടിക്കുന്നതെന്തിനെന്ന ചോദ്യവുമായി ശ്രദ്ധ ശര്‍മ

0


അഭിനന്ദനങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാമോരുരുത്തരും. ഒരു മല്‍സരത്തില്‍ വിജയിച്ച് സ്വര്‍ണമോ, വെള്ളിയോ, വെങ്കലമോ മെഡല്‍ നേടിക്കഴിയുമ്പോള്‍ നമുക്ക് അഭിനന്ദനം ലഭിക്കാറുണ്ട്. എന്നാല്‍ ഒരാള്‍ നല്ലൊരു പ്രവൃത്തി ചെയ്താല്‍ അയാളെ നിങ്ങള്‍ അഭിനന്ദിച്ചിട്ടുണ്ടോ?. സ്വയം ഈ ചോദ്യം ചോദിച്ചു നോക്കുക. എപ്പോഴാണ് അവസാനമായി നിങ്ങള്‍ ഒരാളെ അഭിനന്ദിച്ചത്?. ചിന്തിച്ചിട്ടുണ്ടോ?

സ്റ്റാര്‍ട്ടപ് രംഗത്തായാലും നമ്മുടെ ജീവിതത്തിലായാലും മല്‍സരത്തില്‍ മാത്രം അഭിനന്ദനം ഒതുങ്ങി നില്‍ക്കുന്നു. സ്റ്റാര്‍ട്ടപ് ലോകത്ത് നാമെല്ലാവരും നല്ല വിമര്‍ശകരാണ്. പക്ഷേ അഭിനന്ദകരല്ല.

വളരെ വര്‍ഷങ്ങളായി ഞാനിത് കാണുന്നുണ്ട്. ശരിക്കും ഇതെന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് നാമൊക്കെ ഇങ്ങനെ. കഴിഞ്ഞ ദിവസം യുവസംരഭകരുടെ ഒരു കമ്പനിയില്‍ ഞാന്‍ പോയി. അവിടെ എനിക്ക് ചുറ്റും യുവാക്കളായ കുറെ ജോലിക്കാര്‍ ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവരോട് ചോദിച്ചു, നിങ്ങളുടെ കൂട്ടത്തില്‍ ആരെങ്കിലും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ഒരാള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അയാളെ നിങ്ങള്‍ അഭിനന്ദിച്ചിട്ടുണ്ടോ?. നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ 10 പേരുടെയെങ്കിലും അടുത്തുപോയി നിങ്ങള്‍ ചെയ്തത് നന്നായിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ടോ?. ഞാന്‍ അതിശയിച്ചുപോയി. ഒരാള്‍ പോലും അങ്ങനെ ചെയ്തിട്ടില്ല.

ഞാനൊരിക്കലും ഈ യുവാക്കളെ കുറ്റപ്പെടുത്തില്ല. അവരുടെ മാതാപിതാക്കളെയാണ് ഞാന്‍ കുറ്റപ്പെടുത്തുക. മറ്റുള്ളവരെ അഭിനന്ദിക്കാനും സ്‌നേഹിക്കാനും നമ്മളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളാണ്. എന്റെ കഥ കേട്ടുകഴിഞ്ഞാല്‍ നിങ്ങളും ഇതു സത്യമാണെന്നു പറയും.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ എല്ലാ മല്‍സരങ്ങളിലും പങ്കെടുക്കുമായിരുന്നു. എല്ലാ തവണയും ഒരു സമ്മാനമായിട്ടായിരിക്കും വീട്ടില്‍ ചെല്ലുക. ഇതു കാണുമ്പോള്‍ എന്റെ അമ്മ എന്നെ നോക്കി ചിരിക്കും. എന്നെക്കുറിച്ച് അമ്മ അഭിമാനിക്കുന്നുവെന്ന് ആ ചിരിയില്‍ നിന്നും എനിക്ക് മനസ്സിലാകുമായിരുന്നു. എന്നാല്‍ അമ്മ പറഞ്ഞ വാക്കുകള്‍ എന്നെ ആശ്ചര്യപ്പെടുത്തി. ഇതൊക്കെ നല്ലതാണ്. പക്ഷേ നിന്റെ അമ്മായിയുടെ മകള്‍ക്ക് ബിബിസിയല്‍ ഒരു പ്രോജക്ട് ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അതു നല്ല കാര്യമാണ്. നീ അവളില്‍ നിന്നും വളരെ അകലെയാണ്. എനിക്ക് സങ്കടം തോന്നിയെങ്കിലും അമ്മയുടെ വാക്കുകളെ ഞാന്‍ ആദരവോടെ ഉള്‍ക്കൊണ്ടു.

ഈ ചെറിയ വിജയങ്ങള്‍ എന്നെ അഹങ്കാരിയാക്കി മാറ്റുമോയെന്നു അമ്മ എപ്പോഴും ഭയപ്പെട്ടിരുന്നു. അതൊരിക്കലും എന്നില്‍ നിന്നും അമ്മ ആഗ്രഹിച്ചിരുന്നില്ല. ഓരോ തവണ സമ്മാനം ലഭിക്കുമ്പോഴും അമ്മ എനിക്ക് ചെറിയ എന്തെങ്കിലും സമ്മാനം നല്‍കുമെന്നു ഞാന്‍ വിചാരിച്ചിരുന്നു. അതല്ലെങ്കില്‍ ആ ദിവസം എന്നോട് പഠിക്കണ്ട എന്നു പറയുമെന്നു വിചാരിച്ചിരുന്നു. എന്നാല്‍ എന്റെ സ്‌കൂള്‍ ജീവിതം കഴിയുന്നതുവരെ ഇതൊന്നും സംഭവിച്ചില്ല.

സിഎന്‍ബിയില്‍ നിന്നും എനിക്ക് ജോലിക്കുള്ള കത്ത് ലഭിച്ച കാര്യം അമ്മയോട് ഞാന്‍ പറഞ്ഞു. അമ്മയ്ക്ക് വളരെ സന്തോഷമായി. പക്ഷേ അപ്പോഴും അമ്മ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു നിന്റെ കസിനെ നോക്കുക. അവന്‍ ഇപ്പോള്‍ അമേരിക്കയിലാണ്. ഓരോ മാസവും അവന്‍ 1,0000 ഡോളര്‍ വീട്ടിലേക്ക് അയയ്ക്കുന്നുണ്ട്.

എന്റെ അമ്മയെപ്പോലെ ചിലര്‍ ഒരിക്കലും മാറില്ല. അവര്‍ ഇപ്പോഴും അങ്ങനെ തന്നെയാണ്. നമ്മളും അവരെപ്പോലെ അഭിനന്ദനങ്ങള്‍ നല്‍കാന്‍ മടികാണിക്കുന്നു.

നമ്മള്‍ അഭിനന്ദിക്കാത്തതിന്റെ മറ്റൊരു കാരണം നമ്മളെ വിഡ്ഢികളായി ചിത്രീകരിക്കുമോ എന്നു പേടിച്ചിട്ടാണ്. കാരണം പലരില്‍ നിന്നും നമുക്ക് കിട്ടിയിരിക്കുന്ന അനുഭവം അതാണ്. സ്‌കൂള്‍ കാലത്തും നമ്മളെ പോല്‍സാഹിപ്പിക്കുന്നതിനെക്കാള്‍ പലരും നിരാശ നിറഞ്ഞ വാക്കുകളാണ് പറഞ്ഞിട്ടുള്ളത്. മിടുക്കനായ ഒരു കുട്ടിയോടുപോലും നല്ല വാക്കുകള്‍ ആരും പറയാറില്ല. എന്നാല്‍ നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഒരാളെ നിങ്ങള്‍ കൂടുതല്‍ വിമര്‍ശിക്കാനും തരംതാഴ്ത്താനും ശ്രമിക്കുമ്പോള്‍ അയാള്‍ കൂടുതല്‍ ഉയരങ്ങളിലേക്കായിരിക്കും ചെന്നെത്തുക.

സ്റ്റാര്‍ട്ടപ് ലോകത്തും ഒരു വ്യക്തിയെയോ കമ്പനിയെയോ താഴ്ത്തിക്കാട്ടാന്‍ ശ്രമം നടക്കാറുണ്ട്. പക്ഷേ അവരായിരിക്കും നാളെ എല്ലാവരെക്കാളും അഭിമാനിക്കാവുന്ന ഇടത്തില്‍ എത്തുക.

എപ്പോഴും ഒരാളെ പുകഴ്ത്തുന്നത് മടുപ്പുള്ള കാര്യമാണ്. എപ്പോഴും ഒരാള്‍ അഭിനന്ദനങ്ങള്‍ ഇഷ്ടപ്പെടാറില്ല. നല്ല അഭിനന്ദനങ്ങള്‍ എപ്പോഴും നല്ലതായിരിക്കണമെന്നില്ല. എന്നാല്‍ നല്ല അഭിനന്ദനങ്ങള്‍ കൂടുതല്‍ വിജയം നേടാന്‍ കരുത്താകുമെന്നാണ് എന്റെ വിശ്വാസം. മറ്റുള്ളവരെ അഭിനന്ദിക്കാനും സ്‌നേഹിക്കാനും മടി കാണിക്കാത്തവരോട് എനിക്ക് ബഹുമാനമാണ്. അവര്‍ ജീവിതം മുഴുവനും മറ്റുള്ളവരെ സ്‌നേഹിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും.

ഓരോ ദിവസും നമുക്ക് ചുറ്റുമുള്ളവരെ അഭിനന്ദിക്കാനും നമ്മളെത്തന്നെ സ്വയം അഭിനന്ദിക്കാനുമുള്ള അവസരമാണ്. അതുകൊണ്ട് മറ്റുള്ളവരെ അഭിനന്ദിക്കുക, സ്‌നേഹിക്കുക. ഈ ലോകം എന്തുപറയുന്നു എന്നതിനെക്കുറിച്ച് ശ്രദ്ധിക്കാതിരിക്കുക. നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുക. മറ്റുള്ളവരോട് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമാണിത്.

മറ്റുള്ളവരെ സ്‌നേഹിക്കുമെന്നും അഭിനന്ദിക്കുമെന്നും സ്വയം മനസ്സിനോടു പറയുക. ആ ഉറപ്പ് ജീവിതാവസാനം വരെ കൂടെകൊണ്ടുപോകുക. അങ്ങനെ സ്‌നേഹത്തിന്റെ പാതയില്‍ നമ്മുടെ സ്റ്റാര്‍ട്ട് അപ്പ് യാത്രയെ മുന്നോട്ടു കൊണ്ടുപോകുക.

അനുബന്ധ സ്‌റ്റോറികള്‍

1. നമ്മുടെ സ്ത്രീകള്‍ എവിടെപ്പോയി?

2. ഉയരങ്ങളിലേക്കുളള വഴികാട്ടി ഗരിമാ വര്‍മ്മ

3. വൈകല്യങ്ങളെ തോല്‍പ്പിച്ച് ലിസി

4. സ്ത്രീ സംവരണത്തിനുള്ള പോരാട്ടത്തില്‍ കല്‍പ്പന

5. സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ വൗ ക്ലബ്