രണ്ടാ ഭാഗം പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് ബാഹുബലിയുടെ ഡിജിറ്റല്‍ ഗ്രാഫിക് നോവല്‍

0


ബാഹുബലി രണ്ടാം ഭാഗത്തിന്റെ റിലീസ് വൈകുമെന്നറിഞ്ഞ് വിഷമിച്ചിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഇടക്കാല ആശ്വാസമായി മറ്റൊരു വാര്‍ത്ത. സൂപ്പര്‍ ഹിറ്റ് ചിത്രവും ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നുമായ ബാഹുബലി ഡിജിറ്റല്‍ ഗ്രാഫിക് നോവലാകുന്നു. ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലിയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോയതടക്കം പുതുമയുള്ള മറ്റുപല ഉപകഥകളുമായാവും ചിത്രത്തിന്റെ ഡിജിറ്റല്‍ ഗ്രാഫിക് നോവല്‍ വേര്‍ഷന്‍ എത്തുക.

ഗ്രാഫിക് വേര്‍ഷനില്‍ എത്തുന്നത് ചിത്രത്തിന്റെ ഒരു ഭാഗം മാത്രമായിരിക്കില്ലെന്ന് രാജമൗലി പറയുന്നു. കഥയിലെ കഥകളായിരിക്കും പലതും. സിനിമയില്‍ നിങ്ങള്‍ കണ്ടത് ബാഹുബലിയുടെ കഥയിലെ ചെറിയൊരു ഭാഗം മാത്രമാണ്. എന്നാല്‍ നാടകീയവും സംഘട്ടനവുമൊക്കെ നിറഞ്ഞ നിരവധി കഥകള്‍ വേറെയുമുണ്ട്. ഇവയൊക്കെയാവും ഡിജിറ്റല്‍ ഗ്രാഫിക്കല്‍ വേര്‍ഷനിലുള്ള നോവലില്‍ കാണാന്‍ സാധിക്കും.

ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ് എസ് രാജമൗലി അവസാനിപ്പിച്ചതും.

ബാഹുബലിരണ്ടിന്റെ റിലീസിന് ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ് പ്രേക്ഷകര്‍ക്കുള്ളത്. ചിത്രം പുറത്തിറങ്ങാന്‍ ഇനി ഒരു വര്‍ഷം കൂടി കാത്തിരിക്കണം. 2017 ഏപ്രില്‍ 14നാണ് ചിത്രം തിയറ്ററുകളിലെത്തുക.

ഹൈദരാബാദിലെ റമോജി ഫിലിംസിറ്റി തന്നെയാണ് രണ്ടാംഭാഗത്തിലെയും ലൊക്കേഷന്‍. കൂടാതെ ഹിമാചല്‍പ്രദേശിലെ ചില വനാന്തരങ്ങളും ലൊക്കേഷനാകും. കേരളത്തിലെ കണ്ണൂരിലും ചിത്രീകരണം നടത്തിയിരുന്നു. ചിത്രീകരണം തുടങ്ങാന്‍ താമസിച്ചതാണ് റിലീസ് തിയതി നീളാന്‍ കാരണമായത്.

കുട്ടികള്‍ മുതല്‍ പ്രായമായവരെ വരെ തീയേറ്ററുകളിലേക്കെത്തിച്ച ചിത്രമാണ് ബാഹുബലി. രാമായണത്തോടും മഹാഭാരതത്തോടും ഏറെ സ്‌നേഹം പ്രകടിപ്പിക്കുന്ന ചായ്‌വ് ഈ സിനിമയ്ക്ക് ഉണ്ട്. എന്നാല്‍ ഇത് രാമായണമോ മഹാഭാരതമോ അല്ല. പുതിയൊരു ഇതിഹാസം തന്നെയാണ്. ദസ്തയേവ്‌സ്‌കി കഥാപാത്രങ്ങളുടെ ആന്തരിക സംഘര്‍ഷങ്ങളാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ അനുഭവിക്കുന്നത്.

ഗാനരംഗങ്ങളും യുദ്ധരംഗങ്ങളുമാണ് ബാഹുബലിയുടെ ഏറ്റവും വലിയ ആകര്‍ഷണം. എം എം കീരവാണിയുടെ ആരെയും കീഴടക്കുന്ന ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മാറ്റുകൂട്ടാന്‍ സഹായിച്ചു. ഇത്രയും പെര്‍ഫെക്ട് ആയ യുദ്ധരംഗങ്ങള്‍ നമ്മള്‍ ഹോളിവുഡ് സിനിമകളില്‍പ്പോലും അപൂര്‍വമായേ കണ്ടിട്ടുള്ളൂ. ശ്വാസമടക്കിപ്പിടിച്ചു മാത്രം കണ്ടിരിക്കുന്ന പോരാട്ടമുഹൂര്‍ത്തങ്ങളിലേക്കാണ് ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ നമ്മള്‍ എത്തിച്ചേരുന്നത്.

എന്തായാലും ഈ സിനിമയുടെ രണ്ടിരട്ടി ഗംഭീരമാകും രണ്ടാം ഭാഗമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ബാഹുബലി തരംഗം അടുത്ത വര്‍ഷം വരെ നീണ്ടുനില്‍ക്കുമെന്നതില്‍ സംശയമില്ല.