നാനോ സാറ്റലൈറ്റുമായി തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷന്‍

0


നാനോ സാറ്റലൈറ്റ് അവതരിപ്പിച്ച് തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷന്‍ ട്രിമ (TRIMA) വാര്‍ഷിക സമ്മേളനത്തിന് സമാപനം. നൂറുല്‍ ഇസ്ലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ രൂപകല്പന ചെയ്ത് കേരളശ്രീ എന്ന പേരിട്ട് നാനോ സാറ്റലൈറ്റ് ഈ രംഗത്തെ നൂതനാശയമാണെന്ന് കേരള സ്റ്റേറ്റ് സയന്‍സ് ടെക്‌നോളജി ആന്റ് എന്‍വോയണ്‍മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജി. മുത്തുനായകം പറഞ്ഞു. ട്രിമാ വാര്‍ഷി സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിലാണ് കേരളശ്രീ അവതരിപ്പിച്ച് മുത്തനായകം നാനോ സാറ്റലൈറ്റ് സംവിധാനം സാമാന്യ ജനസമൂഹത്തിന് എങ്ങനെ പ്രയോജനകരമാകുമെന്ന് വിശദമാക്കിയത്. 

സാമൂഹ്യമാനം ഉള്‍ക്കൊണ്ട് വിദ്യാഭ്യാസ വ്യവസായിക മേഖലകളെ കോര്‍ത്തിണക്കാന്‍ നാനോ സാറ്റലൈറ്റ് സംവിധാനത്തിനാവുമെന്ന് മുത്തുനായകം പറഞ്ഞു. ബഹിരാകാശ ശാസ്ത്രരംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉപയോഗിച്ചാണ് കേരളശ്രീക്ക് രൂപം നല്‍കിയത്. പ്രകൃതി ദുരന്ത മുന്നറിയിപ്പ്, കാര്‍ഷികവിഭവവിവരശേഖരണം, പരിസ്ഥിതി പഠനം തുടങ്ങിയ രംഗങ്ങളില്‍ നാനോ സാറ്റലൈറ്റിന് സാധ്യതയുണ്ടെന്ന് സെമിനാറില്‍ വ്യക്തമാക്കപ്പെട്ടു. പരമ്പരാഗത സാറ്റലൈറ്റ് മാതൃകയുടെ അമിത ചിലവ് നാനോ സാറ്റലൈറ്റിന് ആവശ്യമില്ലെന്നും കേരളശ്രീയുടെ നിര്‍മാണ ചെലവ് അഞ്ചുകോടി രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വികസിത ഇന്ത്യയുടെ സൃഷ്ടിക്ക് പിന്തുണ നല്‍കുന്നതില്‍ കേരളം അനുയോജ്യ സാധ്യത മുന്നോട്ടുവച്ചിട്ടുണ്ടെന്ന് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം ചന്ദ്രശേഖരന്‍ പറഞ്ഞു. 

അടിസ്ഥാന സൗകര്യവികസനത്തില്‍ സംസ്ഥാനം മുന്നോട്ട് പോവുകയാണ്. ജനങ്ങളുടെ മാനസികാവസ്ഥയില്‍ കാതലായ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപകസൗഹൃദാന്തരീക്ഷണം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിനനുയോജ്യമായ സാംസ്‌കാരിക പശ്ചാത്തലം രൂപപ്പെട്ടിട്ടുണ്ടെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് സി.ഈ ഒ സന്തോഷ് മഹോപാത്ര പറഞ്ഞു. കേരളീയ വീക്ഷണത്തില്‍ വികസന ഇന്ത്യയുടെ നിര്‍മിതി മുഖ്യവിഷയമാക്കിയ സമ്മേളനത്തില്‍ സമാപന സെമിനാറില്‍ ടെര്‍മോ പേന്‍പോള്‍ മാനേജിംഗ് ഡയറക്ടര്‍ സി. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ട്രിമാ സീനിയര്‍ വൈസ് പ്രസിഡന്റ് എം.ആര്‍. സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ പ്രസിഡന്റ് എം. രാംനാഥ് അധ്യക്ഷത വഹിച്ചു. വിനോദ് എച്ച് നന്ദിയും പറഞ്ഞു.