സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു

0

സഹകരണ ജീവനക്കാരുടെ കുറഞ്ഞ പെന്‍ഷന്‍ എല്ലാ വിഭാഗങ്ങള്‍ക്കും 3000 രൂപയായി വര്‍ധിപ്പിച്ചതായി സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രാഥമിക സംഘങ്ങള്‍ക്ക് നേരത്തെ 1500 രൂപയും, ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് 2000 രൂപയുമായിരുന്നു നേരത്തെയുണ്ടായിരുന്ന കുറഞ്ഞ പെന്‍ഷന്‍. സഹകരണ പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ചുവന്നിരുന്ന ക്ഷാമബത്ത അഞ്ച് ശതമാനമായിരുന്നത് ഏഴു ശതമാനമായി വര്‍ധിപ്പിച്ചു. 

പ്രാഥമിക സംഘങ്ങള്‍ക്ക് 1000 രൂപയും ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് 1500 രൂപയുമായിരുന്ന കുടുംബപെന്‍ഷന്‍ എല്ലാ വിഭാഗങ്ങള്‍ക്കും 2000 രൂപയായി കൂട്ടി. പെന്‍ഷനര്‍ മരിച്ചാല്‍ ഏഴുവര്‍ഷം കഴിയുന്നത് വരെയോ 65 വയസ് തികയുമായിരുന്ന കാലയളവ് വരെയോ ആശ്രിത പെന്‍ഷന്‍ ഫുള്‍ പെന്‍ഷന്‍ തന്നെ നല്‍കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 50 ശതമാനമായിരിക്കും ആശ്രിത പെന്‍ഷന്‍. മുന്‍പ് 50 ശതമാനമായിരുന്നു എല്ലാകാലത്തും ആശ്രിതപെന്‍ഷന്‍. 

സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍ പെന്‍ഷന്‍ ബോര്‍ഡിലേക്ക് അടയ്‌ക്കേണ്ട വിഹിതത്തില്‍ കുടിശ്ശിക വരുത്തിയാല്‍ 24 ശതമാനം പലിശ ഈടാക്കിയിരുന്നത് 10 ശതമാനമായി കുറച്ചു. പെന്‍ഷന്‍ നിര്‍ണയത്തിനുള്ള യോഗ്യ സേവന കാലാവധി നിശ്ചയിക്കുമ്പോള്‍ പ്രൊബേഷന്‍ കാലാവധി കൂടി കണക്കിലെടുക്കാന്‍ തീരുമാനിച്ചു. ക്രമപ്രകാരം പെന്‍ഷന്‍ വിഹിതം അടയ്ക്കാതിരുന്ന ജീവനക്കാര്‍ക്ക് നല്‍കി വന്നിരുന്ന സമാശ്വാസ പെന്‍ഷന്‍ 1000 രൂപയില്‍ നിന്ന് 1250 രൂപയായി വര്‍ധിപ്പിച്ചതായും മന്ത്രി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പി. വേണുഗോപാല്‍, സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക, സഹകരണ എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ സി. ദിവാകരന്‍ എന്നിവരും സംബന്ധിച്ചു.