ഇനി ഹൈടെക്കായി മത്സ്യം വാങ്ങാം..

0


മത്സ്യം വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുകയെന്നത് വളരെ മോശം അനുഭവമാണ് മിക്കവര്‍ക്കും നല്‍കുന്നത്. മാര്‍ക്കറ്റിന്റെ തിക്കിലും തിരക്കിലുംപെട്ട് വിലപേശി വാങ്ങുകയെന്നത് ഏവര്‍ക്കും ബുദ്ധിമുട്ടേറിയതാണ്. മാത്രമല്ല മാര്‍ക്കറ്റിന്റെ മനംമടുപ്പിക്കുന്ന ദുര്‍ഗന്ധവും അസഹനീയമാണ്. ഇത്രയും ത്യാഗങ്ങള്‍ സഹിച്ച് വാങ്ങാന്‍ എത്തിയാല്‍ തന്നെയും പലപ്പോഴും ദിവസങ്ങള്‍ പഴക്കമുള്ള ചീഞ്ഞളിഞ്ഞ മത്സ്യമാണ് കിട്ടാറുള്ളത്. മത്സ്യം മലയാളികളുടെ തീന്‍മേശയിലെ നിത്യ വിഭവങ്ങളില്‍ ഒന്നായി സ്ഥാനം പിടിച്ചതിനാല്‍ തന്നെ മത്സ്യം ഒഴിച്ചുകൂടാനാകുന്നതുമല്ല.

എന്നാല്‍ ഇനി ദുര്‍ഗന്ധമില്ലാതെയും തിക്കുംതിരക്കുമൊന്നും കൂട്ടാതെയും തലസ്ഥാനവാസികള്‍ക്ക് ധൈര്യമായി പോയി മത്സ്യം വാങ്ങാം. മത്സ്യഫെഡിന്റെ എയര്‍ കണ്ടീഷന്‍ഡ് ഹൈ ടെക്ക് ഫിഷ് മാര്‍ട്ടാണ് ഇതിനായി പാളയത്ത് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിനു കിഴക്ക് വശം ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളിനു സമീപമാരംഭിച്ച ഫിഷ് മാര്‍ട്ടില്‍ ഗുണമേന്മയുളള പച്ച മത്സ്യം ന്യായ വിലക്ക് ലഭിക്കും.

ശുചിത്വമുള്ള എ സി അന്തരീക്ഷത്തില്‍ രാവിലെ 8 മുതല്‍ രാത്രി 8 മണി വരെ പ്രവര്‍ത്തിക്കുന്ന ഫിഷ്മാര്‍ട്ടില്‍ മത്സ്യങ്ങള്‍ ഡ്രെസ് ചെയ്തും അല്ലാതെയും കൊടുക്കും. നീണ്ടകരയില്‍ നിന്നുമാണ് നിത്യേന മത്സ്യം എത്തിക്കുന്നത്. ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഫിഷ് മാര്‍ട്ട് പ്രവര്‍ത്തിക്കും.

ഇനി ഏതെങ്കിലും വിശേഷാവസരങ്ങളിലേക്കും വാണിജ്യാവശ്യങ്ങള്‍ക്കും കൂടുതലായി മത്സ്യം ആവശ്യമുള്ളവര്‍ക്ക് വേണ്ട മത്സ്യം എത്രയാണെന്ന് മുന്‍കൂറായി ഓര്‍ഡര്‍ ചെയ്യുന്നതിനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ വിശേഷങ്ങള്‍ക്ക് മത്സ്യം വാങ്ങാന്‍ തിരക്കിട്ടോടേണ്ടി വരുന്ന സാഹചര്യവും അവസാനിപ്പിക്കാം.