രാജ്‌മോഹന്‍പിള്ള; വീഴ്ചകളില്‍ തളരാത്ത പോരാളി

രാജ്‌മോഹന്‍പിള്ള; വീഴ്ചകളില്‍ തളരാത്ത പോരാളി

Saturday July 02, 2016,

6 min Read

കശുവണ്ടി വ്യവസായത്തിലെ രാജാവെന്ന വിളിപ്പേരുള്ള രാജ്‌മോഹന്‍ പിള്ള തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത് ആരും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളെ തരണം ചെയ്താണ്. വിജയിക്കണമെന്ന വാശിയും ആരുടെ മുന്നിലും തോല്‍ക്കാത്ത മനസും കൂടിച്ചേര്‍ന്നപ്പോള്‍ വിജയം രാജ്‌മോഹന്‍ പിള്ളക്കൊപ്പം നിന്നു. 

image


അപ്പുപ്പനും അച്ഛനും മൂത്ത ജേഷ്ഠനും വളര്‍ത്തിയ ബിസിനസ് സാമ്രാജ്യം കണ്ടാണ് രാജ്‌മോഹന്‍ വളര്‍ന്നത്. പരാമ്പരാഗതമായി കശുവണ്ടി വ്യവസായം ചെയ്തിരുന്ന കുടുംബമായിരുന്നു രാജ്‌മോഹന്റേത്. കോടിക്കണക്കിന് രൂപയുടെ ബിസിനസ് ഉണ്ടായിരുന്ന അച്ഛന്റെ ബിസിനസ് താഴേക്ക് പോകുന്നതും സഹോദരന്‍ രാജന്‍പിള്ള അറസ്റ്റിലാകുന്നതും ജയിലില്‍ വച്ച് മരിക്കുന്നതിനും ഇതോടെ ബിസിനസെല്ലാം നിമിഷാര്‍ധം കൊണ്ട് നിലംപതിക്കുന്നതും കണ്ടാണ് രാജ്‌മോഹന്‍പിള്ള വളര്‍ന്നു വന്നത്. ഇന്ന് അച്ഛന്റെ കമ്പനിയുടെ കടം വീട്ടി എന്നു മാത്രമല്ല കുടുംബത്തിന്റെ വ്യവസായം പുനരുദ്ധരിച്ച് പൂര്‍വ്വസ്ഥിതിയില്‍ എത്തിച്ചു എന്നതും കൂടിയാണ് രാജ്‌മോഹന്‍പിള്ളയെ സാധാരണ ബിസിനസുകാരനില്‍ നിന്നു വ്യത്യസ്തനാക്കുന്നത്.

image


1964 മെയ് 12ന് കൊല്ലം ജില്ലയില്‍ ജനിച്ച രാജ്‌മോഹന്‍ പിള്ള എല്ലാത്തരം സൗഭാഗ്യങ്ങളുടേയും മധ്യത്തിലാണ് പിറന്നു വീണത്. എന്നാല്‍ വലിയ വീട്ടിലെ കുട്ടികളെപ്പോലെ ആര്‍ഭാടത്തിലല്ല രാജ്‌മോഹന്‍ വളര്‍ന്നത്. രാജ്‌മോഹന്റെ അച്ഛന്‍ ജനാര്‍ദ്ദനന്‍പിള്ള അദ്ദേഹത്തെ വളരെ ചിട്ടയോടെയാണ് വളര്‍ത്തിയത്. തിരുവനന്തപുരത്തായിരുന്നു രാജ്‌മോഹന്റെ സ്‌കൂള്‍ പഠനം. സ്‌കൂളില്‍ മെഴ്‌സിഡസ് ബെന്‍സിലായിരുന്നു പോയിരുന്നതെങ്കിലും അച്ഛന്‍ ഒരു രൂപ പോലും പോക്കറ്റ് മണിയായി നല്‍കിയിരുന്നില്ല. സ്‌കൂളിലെ പണക്കാരായ കുട്ടികള്‍ തങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിക്കഴിക്കുമ്പോള്‍ രാജ്‌മോഹന്‍പിള്ള സങ്കടപ്പെടുമായിരുന്നു. ആകെക്കൂടി നാല് കാര്യങ്ങള്‍ക്കായി മാത്രമേ രാജ്‌മോഹന്‍പിള്ളക്ക് അച്ഛന്‍ കാശ് നല്‍കുമായിരുന്നുള്ളൂ. പഠനത്തിനും, ടെന്നീസ് കളിക്കും, നഗരത്തിന് പുറത്ത് താമസിക്കേണ്ടി വരുമ്പോഴുള്ള താമസച്ചിലവിനും, സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട അനുബന്ധ ചിലവുകള്‍ക്കും മാത്രമായിരുന്നു കാശ് അനുവദിച്ചിരുന്നത്. ഇക്കാരണം കൊണ്ടു തന്നെ സ്‌കൂള്‍ പഠന കാലത്ത് അച്ഛനോട് ദേഷ്യവും തോന്നിയിരുന്നു.

image


തന്റെ പതിമൂന്നാം വയസില്‍ തന്നെ തന്നെ ബിസിനസ് കാര്യങ്ങളില്‍ അച്ഛന്‍ രാജ്‌മോഹന് ചുമതലകള്‍ നല്‍കിത്തുടങ്ങി. അച്ഛനു വരുന്ന ടെലിഫോണ്‍ കോളുകള്‍ എടുക്കുക എന്നാതിയിരുന്നു ആദ്യ ചുമതല. ബിസിനസുമായി ബന്ധപ്പെട്ട് നിരവധി പേരുമായി അച്ഛന്‍ നടത്തുന്ന ചര്‍ച്ചകള്‍ക്കിടയിലും രാജമോഹനെ ഇരുത്തുമായിരുന്നു. കശുവണ്ടി ഫാക്ടറിയില്‍ തൊഴിലാളികള്‍ക്കൊപ്പം ജോലിയും ചെയ്യിപ്പിക്കുമായിരുന്നു. കശുവണ്ടി പൊളിക്കാനും അവരെ സഹായിക്കാനുമായി നിയോഗിച്ചിരുന്നു. അവര്‍ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ തനിക്ക് പ്രത്യേക പരിഗണനയൊന്നും അച്ഛന്‍ തന്നിരുന്നില്ല. അവരുടെ ഭക്ഷണവും സൗകര്യങ്ങളും തന്നെയാണ് ഫാക്ടറിയില്‍ തനിക്കും തന്നിരുന്നത്. 

image


ഒരു ദിവസം ഫാക്ടറിയില്‍ കിടന്നുറങ്ങവേ തന്റെയടുത്ത് ഒരു സര്‍പ്പം ഇഴഞ്ഞു വന്നത് ഇന്നും ഭീതിയോടെ രാജ്‌മോഹന്‍ ഓര്‍ക്കുന്നു. ഉറങ്ങിക്കിടന്ന തന്റെ അടുത്ത് ആ സര്‍പ്പം വന്നു കിടന്നു. ഇത് ശ്രദ്ധയില്‍ പെട്ട തൊഴിലാളികളും കമ്പനി മാനേജറും ശബ്ദമുണ്ടാക്കാതെ രാജ്‌മോഹനെ വിളിച്ചുണര്‍ത്തി. കണ്ണുതുറന്നപ്പോള്‍ ഫണം വിടര്‍ത്തി തൊട്ടടുത്ത് നില്‍ക്കുന്ന സര്‍പ്പത്തെയാണ് രാജ്‌മോഹന്‍ കണ്ടത്. അവിടെ നിന്നും സാവധാനം മാറിയതോടെ പാമ്പും ഇഴഞ്ഞു പോയി. എന്നാല്‍ ഈ സംഭവത്തിനു ശേഷവും രാജ്‌മോഹനെ മുടങ്ങാതെ ഫാക്ടറിയിലേക്ക് അയക്കുമായിരുന്നു അച്ഛന്‍.

image


സ്‌കൂളിലേക്ക് ദിവസവും ബെന്‍സ് കാറില്‍ പോകുമായിരുന്നെങ്കിലും പോക്കറ്റ് മണിയൊന്നും നല്‍കാത്തതിനാല്‍ ബാക്കിയുള്ള കുട്ടികള്‍ ചെയ്യുന്നതു പോലെയൊന്നും രാജ്‌മോഹന് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ടെന്നീസ് കളിയുമായി ബന്ധപ്പെട്ട് മറ്റ് നഗരങ്ങളില്‍ മുന്തിയ ഹോട്ടലില്‍ താമസിക്കാനും ഐസ്‌ക്രീം കഴിക്കാനുമൊക്കെ അച്ഛന്‍ പണം ചിലവഴിച്ചിരുന്നു. എന്നാല്‍ സ്‌കൂളില്‍ നിന്നു പോകുന്ന പിക്‌നിക് പോലുള്ള യാത്രകള്‍ക്കൊന്നും അനുവാദമുണ്ടായിരുന്നില്ല. അച്ഛന്റെ കാര്‍ക്കശ്യ രൂപത്തിലുള്ള ഈ ചിട്ടകളുടെ ഗുണമെല്ലാം താന്‍ വളര്‍ന്നു കഴിഞ്ഞപ്പോഴാണ് തിരിച്ചറിഞ്ഞത്.

image


ബിസിനസ് നടത്തേണ്ടതെങ്ങനെ എന്ന് താന്‍ കുട്ടിക്കാലത്തു തന്നെ അറിയാതെ പഠിക്കുകയായിരുന്നു. അച്ഛനു വരുന്ന ഫോണ്‍ എടുക്കുന്നതു വഴി വ്യത്യസ്തരായ ആളുകളോട് എപ്രകാരം സംസാരിക്കണമെന്നും മീറ്റിംഗുകളില്‍ ഇരുന്നതു വഴി ഏതെല്ലാം ഫാക്ടറികള്‍ ഇപ്പോള്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നുവെന്നും മനസിലാക്കാന്‍ സാധിച്ചു. പ്രതിസന്ധികള്‍ തരണം ചെയ്യാനും ഏത് അവസരത്തില്‍ ഏതു കാര്യത്തിന് മുന്‍ഗണന നല്‍കണമെന്ന് തീരുമാനമെടുക്കാനും അച്ഛന്റെ പരിശീലത്തിലൂടെ പഠിച്ചു. 

image


താന്‍ കുട്ടിക്കാലത്ത് തന്നെ സ്വായത്തമാക്കിയ പല കാര്യങ്ങളും തന്റെ കൂടെയുള്ളവര്‍ വളരെ മുതിര്‍ന്നതിനു ശേഷമാണ് മനസിലാക്കിയത്. താന്‍ 30 വയസില്‍ സ്വായത്തമാക്കിയ കാര്യങ്ങള്‍ അവര്‍ക്ക് മനസിലാക്കാന്‍ 40 വയസെങ്കിലും വേണ്ടി വന്നു. അച്ഛന്റെ പരിശീലനം മൂലം താന്‍ ഒരു പത്തു വര്‍ഷം മുന്നേ നടക്കുന്ന വ്യക്തിയായി പരിണമിച്ചു. പുറംപൂച്ചുകളില്‍ കാര്യമില്ലെന്ന് അച്ഛന്റെ ശിക്ഷണത്തില്‍ താന്‍ നന്നായി പഠിച്ചു. ഏതു പേനകൊണ്ട് പരീക്ഷ എഴുതുന്നുവെന്നതിലല്ല മറിച്ച് പരീക്ഷ എങ്ങനെ നന്നായി എഴുതുന്നു എന്നതിലാണ് കാര്യമെന്നും മനസിലാക്കി. സിഗരറ്റ്, പാന്‍പരാഗ് തുടങ്ങിയ ദു:ശീലങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു നിന്നു.

image


ഈ കാലഘട്ടത്തില്‍ ഫാക്ടറികളിലെ കൂടുതല്‍ ചുമതലകള്‍ രാജ്‌മോഹനെ ഏല്‍പ്പിച്ചു. ഒറീസയിലും ബംഗാളില്‍ നിന്നും പച്ച കശുവണ്ടി ശേഖരിക്കുന്നതിന്റെ ചുമതല രാജ്‌മോഹനെ ഏല്‍പ്പിച്ചു. ഒറീസയും ബംഗാളിയുമൊന്നും അറിയാതിരുന്നുിട്ടു കൂടി രാജ്‌മോഹന്‍ ഈ സ്ഥലങ്ങളില്‍ പോയി കര്‍ഷകരോടും വ്യാപാരികളോടും സംസാരിച്ചു. ഭാഷ അറിയില്ലെങ്കിലും അവരോട് എപ്രകാരം പെരുമാറണമെന്ന് രാജ്‌മോഹന് അറിയാമായിരുന്നു. രാജ്‌മോഹന്റെ പെരുമാറ്റത്തിന്റെ പ്രത്യേകതയാല്‍ ഗ്രാമമുഖ്യമന്‍മാരടക്കം അനുകൂല തീരുമാനമെടുക്കുകയും കശുവണ്ടി രാജ്‌മോഹന് നല്‍കാന്‍ തയ്യാറാവുകയും ചെയ്തു. അത് ഒരു വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് ഇപ്പോള്‍ രാജ്‌മോഹന്‍ ഓര്‍ത്തെടുക്കുന്നു. 

image


തന്റെ ഡിഗ്രി പഠനത്തിനു ശേഷം രാജ്‌മോഹന്‍ ബ്രസീലിലും ഇംഗ്ലണ്ടിലും ഉപരിപഠനത്തിനായി പോയി. ബ്രസീലില്‍ അമേരിക്കന്‍ ഭക്ഷ്യവ്യവസായ ശൃഖലയിലെ വമ്പന്‍ കമ്പനിയില്‍ പ്രവര്‍ത്തിച്ചു. അതിനു ശേഷമാണ് ഇംഗ്ലണ്ടിലേക്ക് പോയത്. ബ്രസീലില്‍ ജോലി ചെയ്തതിനു ശേഷം ഇടതുപക്ഷ അനുഭാവവുമായാണ് രാജ്‌മോഹന്‍ നാട്ടിലേക്ക് തിരികെയെത്തിയത്. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള വലിയ അന്തരത്തില്‍ എന്തെങ്കിലും മാറ്റം വരുത്താനാകുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. തന്റെ വിപ്ലവകരമായ ചിന്തകള്‍ പിതാവുമായും പങ്കുവെച്ചു. കുടംബം നടത്തി വന്ന വ്യവസായങ്ങളില്‍ തൊഴിലാളികള്‍ക്കുള്ള ശമ്പളം കുറവായിരുന്നുവെന്നും ഇത് വര്‍ധിപ്പിക്കണമെന്നുമുളള ചിന്ത രാജ്‌മോഹന്‍ പങ്കുവെച്ചു. ആവേശത്തോടെ കാര്യങ്ങള്‍ അവതരിപ്പിച്ച രാജ്‌മോഹനെ പറഞ്ഞു മനസിലാക്കാനുള്ള അച്ഛന്റെ ശ്രമം ഫലിച്ചില്ല. 

image


ഒടുവില്‍ പിതാവ് ഒരു വ്യവസ്ഥ മുന്നോട്ട് വെച്ചു. തന്റെ ഒരു കമ്പനി ഇത്തരത്തില്‍ നടത്തി വിജയിപ്പിച്ചാല്‍ രാജ്‌മോഹന്റെ വാദങ്ങള്‍ അംഗീകരിക്കാമെന്നും ഇല്ലെങ്കില്‍ പിതാവിന്റെ ശൈലിയില്‍ മുന്നോട്ടു പോകണമെന്നുമായിരുന്നു ആ വ്യവസ്ഥ. ഇത് രാജ്‌മോഹന്‍ അംഗീകരിച്ചു. തംസ് അപ്, ലിംക, ഗോള്‍ഡ്‌സ്‌പോട്ട് എന്നീ സോഫ്റ്റ് ഡ്രിങ്കുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ രാജ്‌മോഹന്‍പിളളയുടെ അച്ഛന് ലഭിച്ചിരുന്നു. ഇതിനായി നിര്‍മ്മിച്ച കമ്പനിയുടെ ഉത്തരവാദിത്തം അദ്ദേഹം രാജ്‌മോഹന്‍പിള്ളയെ ഏല്‍പ്പിച്ചു. കമ്പനിയില്‍ 42 തൊഴിലാളികളായിരുന്നു ജോലി ചെയ്തിരുന്നത്. കമ്പനിയുടെ ചുമതലയേറ്റയുടനേ പ്രതിദിനം അവര്‍ വാങ്ങിയിരുന്ന ഏഴു രൂപ ശമ്പളം 21 രൂപയായി രാജ്‌മോഹന്‍ വര്‍ധിപ്പിച്ചു. എന്നാല്‍ കമ്പനിയുടെ ഉത്പാദന ക്ഷമത 42 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി വര്‍ധിപ്പിക്കണമെന്ന് രാജ്‌മോഹന്‍ നിര്‍ദ്ദേശം വച്ചു. ഇതനുസരിച്ച് തൊഴിലാളികള്‍ ജോലി ചെയ്തു. 

image


എന്നാല്‍ ഓണം വന്നപ്പോള്‍ കൂലി വര്‍ധവെന്ന ആവശ്യവുമായി തൊഴിലാളി നേതാവ് രംഗത്തു വന്നു. ഒമ്പതു മാസം മുമ്പ് കൂലി മൂന്നിരട്ടിയായി വര്‍ധിപ്പിച്ചതിനാല്‍ കൂലി കൂട്ടാന്‍ പറ്റില്ലെന്നായി രാജ്‌മോഹന്‍. എന്നാല്‍ ഇതിനു വഴങ്ങാതെ തൊഴിലാളികള്‍ സമരം പ്രഖ്യാപിക്കുകയും ഫാക്ടറിയില്‍ ജോലിക്ക് പ്രവേശിക്കാതിരിക്കുകയും ചെയ്തു. പ്രശ്‌നം രൂക്ഷമായപ്പോള്‍ അച്ഛന്‍ ഇടപെട്ടു. രാജ്‌മോഹനെ തിരികെ വിളിപ്പിച്ചു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ പരിണമിച്ചെങ്കിലും അച്ഛന്‍ രാജ്‌മോഹനെ കുറ്റപ്പെടുത്തുകയോ വഴക്കു പറയുകയോ ചെയ്തില്ല. ചര്‍ച്ചക്കായി തൊഴിലാളി നേതാവിനെ വിളിപ്പിച്ചു. 21 രൂപയില്‍ നിന്ന് 30 രൂപയായി കൂലി വര്‍ധിപ്പക്കണമെന്ന ആവശ്യവുമായാണ് നേതാവ് വന്നത്. അന്നത്തെ ചര്‍ച്ചയില്‍ സമരം ചെയ്തതു കൊണ്ട് കൂലി വര്‍ധനവ് ചെയ്യാനാവില്ലെന്ന നിലപാട് അച്ഛന്‍ സ്വീകരിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും രാജ്‌മോഹന്‍ ഒന്നും സംസാരിച്ചില്ല. വിട്ടുവീഴ്ച്ചക്ക് തയ്യാറാകാതെ നേതാവ് തിരികെ പോയി. 

image


എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ചര്‍ച്ചക്കായി വീണ്ടും നേതാവെത്തി. ആ ദിവസം അച്ഛന്‍ പുതിയ ഒരു സമീപനമാണ് സ്വീകരിച്ചത്. 10000 രൂപയുടെ ഒരു കെട്ട് മേശപ്പുറത്ത് വെച്ചു കൊണ്ടാണ് അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയത്. ചര്‍ച്ചയില്‍ പലപ്പോഴും നേതാവിന്റെ കണ്ണുകള്‍ നോട്ടുകെട്ടിലേക്ക് പാളി മാറുന്നത് കണ്ടു. ശമ്പളം വര്‍ധിപ്പിക്കുന്നില്ല എന്നു മാത്രമല്ല പ്രതിദിന ശമ്പളം 10 രൂപയായി നിജപ്പെടുത്താനാണ് കമ്പനിയുടെ ഉദ്ദേശമെന്നും ജനാര്‍ദ്ദനന്‍ പിള്ള വ്യക്തമാക്കി. എന്നാല്‍ ഇത് താന്‍ എങ്ങനെ തൊഴിലാളികളോട് പറയുമെന്ന് പറഞ്ഞ് നേതാവ് പരിഭ്രാന്തനായി. ഒടുവില്‍ ചര്‍ച്ച ചെയ്ത് ശമ്പളം പതിനഞ്ചര രൂപയാക്കി മാറ്റി. തീരുമാനത്തിനൊടുവില്‍ അച്ഛന്‍ മേശപ്പുറത്തു വെച്ച 10000 രൂപയുമായി നേതാവ് പോയി. ചര്‍ച്ചയില്‍ രാജ്‌മോഹന്‍ ഇടപെട്ടതേയില്ല. തൊഴിലാളിയുടെ ക്ഷേമത്തിനായി വാദിക്കേണ്ട നേതാവ് കാശ് കണ്ടപ്പോള്‍ മനം മാറുന്നതില്‍ രാജ്‌മോഹന്‍ അത്ഭുതപ്പെട്ടു. എന്നാല്‍ പുസ്തകങ്ങളിലൊന്നുമില്ലാത്ത വ്യാപാര പാഠങ്ങളായിരുന്നു തനിക്കത് നല്‍കിത് എന്ന് രാജ്‌മോഹന്‍ ഓര്‍ത്തെടുക്കുന്നു. 1982ലെ സംഭവമായിരുന്നു അത്.

എന്നാല്‍ വിജയങ്ങള്‍ എന്നും അച്ഛനൊപ്പം നിന്നില്ല. റഷ്യയിലേക്ക് കശുവണ്ടി ബിസിനസിനായി വന്‍ തുക ജനാര്‍ദ്ദനന്‍ പിള്ള മുതല്‍ മുടക്കിയിരുന്നു. എന്നാല്‍ റഷ്യയുമായി ഇന്ത്യ വ്യാപാര കരാര്‍ ഒപ്പിടാത്തതു മൂലം ആ ബിസിനസ് മുന്നോട്ടു കൊണ്ടു പോകാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അക്കാലത്ത് 10 മിലണ്‍ അമേരിക്കന്‍ ഡോളറാണ് അച്ഛന്‍ മുതല്‍ മുടക്കിയിരുന്നത്. കച്ചവടം നടക്കാതെ വന്നതോടെ കാര്യങ്ങള്‍ അവതാളത്തിലായി. ഈ സംഭവത്തെ തുടര്‍ന്ന് അച്ഛന്റെ ആരോഗ്യസ്ഥിതിയും മോശമായി. സംഭരിച്ച കശുവണ്ടി ചിലവാകാതെ വന്നതോടെ ആഭ്യന്തരവിപണിയില്‍ കശുവണ്ടിയുടെ വിലയും ഇടിഞ്ഞു. ഇത്തരത്തില്‍ വലിയ നഷ്ടങ്ങളുടേയും കടബാധ്യതകളുടേയും കാലത്തിലേക്ക് അച്ഛന്‍ എത്തപ്പെട്ടു. 

image


ഈ നഷ്ടങ്ങള്‍ വീട്ടാനുള്ള ഉത്തരവാദിത്തം 18 വയസുള്ള രാജ്‌മോഹന്‍ ഏറ്റെടുക്കുകയായിരുന്നു. ചെറിയ ചെറിയ കടങ്ങള്‍ വീട്ടി. എന്നാല്‍ വലിയ തുക കിട്ടാനുള്ളതിനാല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കേസിനു പോയി. എന്നാല്‍ പ്രതിസന്ധികളിലൊന്നും രാജ്‌മോഹന്‍ തളര്‍ന്നില്ല. 1987 മുതല്‍ 2007 വരെയുള്ള കാലഘട്ടം അദ്ദേഹത്തിന് അതിജീവനത്തിന്റേതായിരുന്നു. പതിയെ പതിയെ ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറി വരവേ 1995ല്‍ മറ്റൊരു തിരിച്ചടി ഉണ്ടായി. ബിസ്‌കറ്റ് വിപണിയിലെ രാജാവായി പേരുകേട്ടിരുന്ന മൂത്ത ജേഷ്ടന്‍ രാജന്‍ പിള്ള സിഗംപൂരില്‍ ഒരു കേസിലകപ്പെട്ട് നാട്ടിലെത്തുകയും നാട്ടില്‍ വെച്ച് അറസ്റ്റു ചെയ്യപ്പെട്ട് തീഹാര്‍ ജയിലിലാവുകയും ചെയ്തു. ജയിലില്‍ വെച്ചു തന്നെ രാജന്റെ മരണവും സംഭവിച്ചു. 

image


മാനസികമായി തന്നെ വല്ലാതെ പിടിച്ചുലച്ച ഘട്ടങ്ങളില്‍ പോലും ബിസിനസിനെ അതു ബാധിക്കാത്ത തരത്തില്‍ രാജ്‌മോഹന്‍ കാര്യങ്ങള്‍ മുന്നോട്ടു നീക്കി. കടങ്ങള്‍ വീട്ടാനായി 27 വര്‍ഷമെടുത്തു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ കടങ്ങള്‍ വീട്ടിയ സമയത്ത് അന്ന് അച്ഛന്‍ ഈടായി നല്‍കിയ സ്ഥലങ്ങളുടെ ആധാരവും ബാങ്ക് തിരികെ നല്‍കി. എന്നാല്‍ ഇത്ര സ്ഥലങ്ങളുടെ ആധാരം ബാങ്കിന്റെ പക്കലാണെന്ന യാഥാര്‍ഥ്യം രാജ്‌മോഹന് അറിയില്ലായിരുന്നു. 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ സ്ഥലങ്ങളുടെ ഇന്നത്തെ വില കോടികളാണ്. നിരന്തരമായ അധ്വാനത്തിന്റേയും ശുഭപ്രതീക്ഷയുടേയും ഫലമാണ് കടങ്ങളില്‍ നിന്ന് കരകയറാനും വിജയത്തിലേക്കെത്താനും സാധിച്ചതെന്നാണ് രാജ്‌മോഹന്‍ വിശ്വസിക്കുന്നത്.

image


ഇന്ന് അച്ഛന്റെ കടങ്ങള്‍ വീട്ടിയ, ചേട്ടന്റെ മരണത്തെ അതിജീവിച്ച കുടുംബത്തിന്റെ ബിസിനസ് തിരികെക്കൊണ്ടു വന്ന വ്യക്തിയായി മാത്രമേ രാജ്‌മോഹനെ ലോകം അറിയൂ. എന്നാല്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളും വേദനകളും അധികമാര്‍ക്കും അറിയില്ല. താന്‍ ഒരു ബിസിനസുകാരന്‍ മാത്രമല്ല. ചിലപ്പോള്‍ തന്റെ ഭാര്യയുടെ കാര്യങ്ങളോ മകന് അസുഖം വന്നാല്‍ അക്കാര്യത്തില്‍ ആകുലപ്പെടുന്ന കുടുംബസ്ഥനോ ആകും. കൂട്ടുകാരുമായുള്ള തെറ്റിദ്ധാരണ പരിഹരിക്കുന്ന സുഹൃത്താകും. അത്തരത്തില്‍ സാധാരണ വ്യക്തി കൂടിയാണ് താന്‍.

image


ഇന്ന് ഭാരതത്തിലെ തന്നെ മികച്ച വ്യവസായികളില്‍ ഒരാളായി പേരെടുത്തിട്ടുള്ള രാജ്‌മോഹന്‍ ബീറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാനും ലോകമെമ്പാടും വ്യവസായ സംരംഭങ്ങളുള്ള വ്യവസായ പ്രമുഖനുമാണ്. കശുവണ്ടി, ഭക്ഷ്യോത്പാദന രംഗത്തിനു പുറമേ മറ്റു രംഗങ്ങളിലും കഴിവു തെളിയിച്ചു കൊണ്ടിരിക്കുകയാണ് ബീറ്റാ ഗ്രൂപ്പ്. രണ്ട് ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യവസാ സംരഭങ്ങളുടെ സാരഥ്യം വഹിക്കുന്ന ഇദ്ദേഹം ഇന്ന് ഫുഡ് പ്രോസസിംഗ്, മാനുഫാക്ചറിംഗ്, മാര്‍ക്കറ്റിംഗ്, വിതരണ രംഗത്ത് സജീവ സാന്നിധ്യമാണ്. പിതാവില്‍ നിന്നും പഠിച്ച പാഠങ്ങളെ ആധുനിക കാലത്ത് അവംലംബിച്ച് വിനയാന്വിതനായി വിജയപഥത്തിലൂടെ നടക്കുകയാണ് ബീറ്റാ ഗ്രൂപ്പിലൂടെ രാജ്‌മോഹന്‍ പിള്ള.