ശില്‍പ് മന്ത്ര; കരകൗശല മേഖലയുടെ കൈത്താങ്ങ്‌

0

കല്ലിലും മരത്തിലും കവിത തീര്‍ക്കുന്ന കലാകാരന്‍മാരുടെ നാടാണ് രാജസ്ഥാന്‍. കണ്ണും കയ്യും മനസും ഇഴചേര്‍ന്ന് നിര്‍മ്മിക്കുന്ന രാജസ്ഥാനിലെ കരകൗശല ഉത്പന്നങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും ഒരു പോലെ ആവശ്യക്കാരുണ്ട്. എന്നാല്‍ രാജ്യത്തിന്റെ കരകൗശല മികവ് വിദേശത്ത് പോലും പ്രശംസ നേടുമ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുന്നില്ല. ഇത്തരത്തില്‍ കടല്‍ കടക്കുന്ന ഉത്പ്പന്നങ്ങള്‍ക്ക്‌ ലക്ഷങ്ങള്‍ വിലയായി ഈടാക്കുമ്പോഴും ഇതിന്റെ നിര്‍മ്മാതാക്കളായ കലാകാരന്‍മാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വരുമാനവും അവഗണനയുമാണ്. 

ഇതിന് പരിഹാരമുണ്ടാക്കാനാണ് മൂന്ന് ചെറുപ്പക്കാര്‍ ശില്‍പ് മന്ത്ര എന്ന സംരഭവുമായി എത്തിയത്. കൃത്യമായ മാര്‍ക്കറ്റിംഗ് രീതികളില്ലാത്തതും ഇടനിലക്കാരുടെ വന്‍ചൂഷണവുമാണ് കരകൗശല തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നതെന്ന് അവര്‍ തിരിച്ചറിഞ്ഞു. രാത്രി പകലാക്കി ജോലി ചെയ്താലും പ്രതിഫലമായി കിട്ടുന്നത് തുച്ഛമായ തുകയാണ്. മനം മടുത്ത് പലരും ഈ മേഖല തന്നെ ഉപേക്ഷിക്കണമെന്ന ചിന്തയില്‍ നില്‍ക്കുമ്പോഴാണ് ലോകേന്ദ്ര റണാവത്, വീരേന്ദ്ര റണാവത്, സന്ദീപ് ഗൗര്‍ എന്നിവര്‍ 2013ല്‍ ശില്‍പ് മന്ത്ര എന്ന സംരംഭവുമായെത്തുന്നത്. ബിസിനസ് റിലേഷന്‍, മാര്‍ക്കറ്റിംഗ് രംഗങ്ങളില്‍ രണ്ട് പതിറ്റാണ്ടായുള്ള പരിചയസമ്പത്തുമായാണ് ഇവര്‍ ശില്‍പ് മന്ത്ര ആരംഭിക്കുന്നത്. ശില്‍പ്പികളുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി ഉപഭോക്താക്കളുടെ അടുത്തെത്തിക്കുക വഴി അവര്‍ക്ക് മാന്യമായ പ്രതിഫലം ഉറപ്പാക്കുക എന്നതാണ് ശില്‍പ് മന്ത്രയിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി കരകൗശല മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശദാംശങ്ങളും അവരുടെ ഉത്പന്നങ്ങളെപ്പറ്റിയും ഇവര്‍ ശില്‍പ് മന്ത്രയുടെ പോര്‍ട്ടലിലൂടെ ലോകത്തെ അറിയിക്കും. ഇതു കൂടാതെ വിപണിയുടെ സ്പന്ദനമറിഞ്ഞ് പുതിയ ഡിസൈനുകളെക്കുറിച്ചും ഉത്പന്നങ്ങളെക്കുറിച്ചും ഇവരെ ബോധവാന്‍മാരാക്കാന്‍ വര്‍ക്ഷോപ്പുകളും ശില്‍പ് മന്ത്ര സംഘടിപ്പിക്കുന്നു. ഇതിലൂടെ അവരുടെ ഉത്പന്നത്തിന്റെ യഥാര്‍ഥ മൂല്യം അവര്‍ക്ക് തിരിച്ചറിയാനുമാകുന്നു.

പോര്‍ട്ടല്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് 300 ഗ്രാമങ്ങളില്‍ ഇവര്‍ യാത്രകള്‍ നടത്തി, ഉത്പന്നങ്ങളുടെ വിവരങ്ങളും അവയുടെ ചിത്രങ്ങളും ശേഖരിച്ചു. പുതിയ ഡിസൈനുകളെക്കുറിച്ച് ശില്‍പ്പികളെ ബോധവാന്‍മാരാക്കി. ഇതേത്തുടര്‍ന്ന് ഗ്രാമങ്ങളിലെ 200 കരകൗശല വിദ്ഗ്ധരുമായി ശില്‍പ് മന്ത്ര കൂട്ട്‌കെട്ട് ഉറപ്പിച്ചു. ഇതിലൂടെ 20,000 ഓര്‍ഡറുകളാണ് ഇതിനകം ശില്‍പ്പികള്‍ക്ക് നല്‍കാനായതെന്ന് ലോകേന്ദ്ര റണാവത് പറയുന്നു. 60ലേറെ രാജ്യങ്ങളില്‍ നിന്നായി ദിവസേന 3000 പേരാണ് നിലവില്‍ ശില്‍പ് മന്ത്ര പോര്‍ട്ടലിലെ സന്ദര്‍ശകര്‍. ആരംഭിച്ച് ഏഴ് മാസത്തിനുള്ളില്‍ തന്നെ ശില്‍പ് മന്ത്രക്ക് 70 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. 15 ശതമാനം മാര്‍ക്കറ്റിംഗ് ചിലവിനത്തില്‍ ഈടാക്കി ബാക്കി തുക കരകൗശല തൊഴിലാളികളുമായി നേരിട്ട് പങ്കിടുന്ന രീതിയാണ് ശില്‍പ് മന്ത്ര സ്വീകരിക്കുന്നത്. ഗ്രാമങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന ശില്‍പ്പികളുമായി നിത്യവും ബന്ധം നിലനിര്‍ത്തുക എന്നതാണ് ഇവര്‍ സ്വീകരിക്കുന്ന ശൈലി. ഇപ്പോള്‍ 45 കരകൗശല വിദഗ്ധര്‍ അടങ്ങുന്ന സ്വന്തമായ യൂണിറ്റും ശില്‍പ് മന്ത്രയ്ക്കുണ്ട്. പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന ഡിസൈനര്‍മാരും സോഷ്യല്‍ മാധ്യമങ്ങളിലൂടെ ഉത്പന്നത്തിന് വിപണി കണ്ടെത്തുന്ന മാര്‍ക്കറ്റിംഗ് വിദ്ഗ്ധരുമടങ്ങുന്ന മറ്റൊരു സംഘവും ശില്‍പ്പ് മന്ത്രയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ സംസ്ഥാനത്തേയും തനത് കരകൗശല ഉത്പന്നങ്ങള്‍ക്ക് തങ്ങളിലൂടെ പോര്‍ട്ടലിലൂടെ പുതിയ വിപണി കണ്ടെത്തിക്കൊടുക്കുക എന്നതാണ് ശില്‍പ് മന്ത്രയുടെ അടുത്ത ലക്ഷ്യം.

Related Stories

Stories by Team YS Malayalam