ഓറയില്‍ വസ്ത്രങ്ങളും ജൈവമയം

0

ആഹാരത്തില്‍ തുടങ്ങി ജീവിത വ്യവസ്ഥകളെല്ലാം ജൈവരീതീയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വസ്ത്രങ്ങളും ജൈവരീതിയില്‍ നൈസര്‍ഗികമാക്കി മാറ്റുകയാണ് ഓറ ഹെര്‍ബല്‍ ടെക്‌സ്‌റ്റൈല്‍സ്. കോട്ടണ്‍ കൃഷിയിലും ഇവയുടെ തുണിത്തരങ്ങളുടെ നിര്‍മാണത്തിലും കൃതൃമമായി പല രാസവസ്തുക്കളുടേയും ഉപയോഗം അധികരിക്കുകയാണ്. ഇതിന്റെ ദൂഷ്യവശങ്ങള്‍ മനസിലാക്കിയാണ് 2001ല്‍ ഓറ ഹെര്‍ബല്‍ ടെക്‌സ്‌റ്റൈല്‍സ് കോട്ടണ്‍ വസ്ത്ര നിര്‍മാണത്തിനാവശ്യമായ പ്രകൃതിദത്തമായ വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ ശ്രമിച്ചത്.

ഒരു വ്യവസായം ആരംഭിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ തന്നെ പ്രധാന വെല്ലുവിളായായി ഉയര്‍ന്നു വരുന്നത് അതില്‍ നിന്നുള്ള മാലിന്യങ്ങള്‍ എങ്ങനെ സംസ്‌കരിക്കും എന്നതാണ്. എന്നാലിവിടെ മാലിന്യങ്ങള്‍ റീ സൈക്കിള്‍ ചെയ്യാനുള്ള ഒരു സംവിധാനം കണ്ടെത്താനായത് സംരംഭത്തിന് കൂടുതല്‍ കരുത്തേകി. ദോഷകരമായ രാസവസ്തുക്കള്‍ നദികളിലും പുഴകളിലും ഒഴുക്കി വിടുന്നത് അവിടുത്തെ ആവാസ വ്യവസ്ഥയേയും അതുവഴി പ്രകൃതിയെ തന്ന ബാധിക്കുമെന്ന ചിന്തയാണ് ഇത്തരമൊരു സംവിധാനമൊരുക്കാന്‍ പ്രേരിപ്പിച്ചത്.

പിന്നീട് വര്‍ഷങ്ങള്‍ക്ക് പഴമക്കാര്‍ മുമ്പ് ഉപോഗിച്ചിരുന്ന ഡൈയിംഗ് രീതികള്‍ തിരികെ ക്കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിയത്. കൈകൊണ്ട് ഡൈ ചെയ്യുന്ന രീതിയായിരുന്നു ഇത്. ഇതിനായി ഒരു ഡൈയിംഗ് കമ്പനി തന്നെ രൂപീകരിച്ചു. ഓറയുടെ ഡയറക്ടര്‍ സോണാല്‍ ബേയ്ഡും അവരുടെ ഭര്‍ത്താവ് അരുണും ഇതിനു പിന്നില്‍ അഹോരാത്രം പരിശ്രമിച്ചു. വര്‍ഷങ്ങളുടെ പ്രയത്‌നത്തിനൊടുവില്‍ 2012ല്‍ അഹമ്മദാബാദില്‍ ഇവര്‍ ഇത്തരം അസംസ്‌കൃത വസ്തുക്കളും അവ ഉപയോഗിച്ച് തയ്യാറാക്കിയ ഉത്പന്നങ്ങളുടെയും ശേഖരവുമായി ഒരു ഷോറൂം ആരംഭിച്ചു. ഷര്‍ട്ടുകള്‍. ടി-ഷര്‍ട്ടുകള്‍, യോഗ വസ്ത്രങ്ങള്‍, എക്കോ ബാഗുകള്‍, അടിവസ്ത്രങ്ങള്‍, സ്പാ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം തന്നെ ഷോറൂമില്‍ ലഭ്യമായിരുന്നു. ഔഷധ മൂല്യമുള്ള പല ഉത്പന്നങ്ങളും ചേര്‍ന്ന അസംസ്‌കൃത വസ്തുക്കളാണ് തങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്കായി ഉപയോഗിക്കുന്നത് എന്നത് വിപണിയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മുതല്‍ക്കൂട്ടായതായി സോണാള്‍ പറയുന്നു. കൂടുതല്‍ പേരും ഇത്തരം ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങി. ഡിസൈനിന്റേയും ഗുണമേന്മയുടേയോ അളവിന്റേയോ കാര്യത്തില്‍ വിട്ട് വീഴ്ച ചെയ്യാതെ തന്നെ ഇത്തരം ഉത്പന്നങ്ങള്‍ സ്വന്തമാക്കാനാകും എന്നതും ഓറയുടെ പ്രത്യേകതയായി മാറി. ആരംഭത്തില്‍ ദിവസം 2000 പീസുകള്‍ തയ്യാറാക്കിയിരുന്നത് പിന്നീട് 5000 പീസുകള്‍ വരെ തയ്യാറാക്കാന്‍ പ്രാപ്തിയുള്ള യൂനിറ്റായി മാറി. പിന്നീട് ഉത്പാദനം ഇരട്ടിയാക്കാനും ഓറയുടെ തൊഴിലാളികള്‍ക്ക് സാധിച്ചു. ഉത്പാദനത്തിനും മാര്‍ക്കറ്റിംഘിലും സെയില്‍സ് വിഭാഗത്തിലുമായി 80 ജീവനക്കാരാണ് ഇവിടെയുള്ളത്. ഇവര്‍ പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നതിനും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സദാ സന്നദ്ധരായിരുന്നു.

ഓറയുടെ വേരുകള്‍ വിദേശത്തേക്കും പടര്‍ന്നുപന്തലിച്ചത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ധന സഹായത്തോടെയായിരുന്നു വളര്‍ച്ച. കൂടുതല്‍ ഔഷധമൂല്യമുള്ള ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിന് ഇന്ത്യുടേയും യു എസ് എയുടെ പേറ്റന്റ് നേടിയ ഓറ അഞ്ച് സര്‍ട്ടിഫിക്കേഷനുകളും നേടി. തുടര്‍ന്ന് യൂറോപ്പ്, യു എസ് എ, ഏഷ്യ തുടങ്ങി അഞ്ഞൂറോളം ബിസിനസ്സ് പ്രതിനിധികളുമായി കരാറിലേര്‍പ്പെടാനും കഴിഞ്ഞു. താജ് സ്പാ ഹോട്ടലുമായി പങ്കാളിത്തത്തോടെ നടത്തിയ സംരംഭത്തിനായി നിരവധി സപാ ശേഖരങ്ങളും മറ്റ് തുണിത്തരങ്ങളും തയ്യാറാക്കാനായി.

പ്രകൃതദത്തമായ രീതിയിലൂടെ തയ്യാറാക്കുന്ന തുണിത്തരങ്ങള്‍ക്ക് നിരവധി സവിശേഷതകളാണ് ഉപഭോക്താക്കള്‍ക്ക് കണ്ടെത്താനായത്. അലര്‍ജിയോ മറ്റ് ത്വക്ക് രോഗങ്ങളോ ഉണ്ടാകില്ല. മാത്രമല്ല അവ ഉപയോഗിക്കാനുള്ള എളുപ്പവും സുഖകരവുമാണെന്നതും കൂടുതല്‍പേര്‍ ഇത് തിരഞ്ഞെടുക്കാന്‍ കാരണമായി. എന്നാല്‍ കോട്ടന്റെ ജൈവ കൃഷി രീതി വളരെ ബുദ്ധിമുട്ടിയാണ് നടത്തിയിരുന്നത്. രാസവളങ്ങള്‍ ഒന്നും ഉപയോഗിക്കാത്ത മണ്ണില്‍ തീര്‍ത്തും നൈസര്‍ഗികമായ കൃഷി രീതി അവലംബിക്കുന്നതിന് വളരെ പ്രയാസങ്ങള്‍ നേരിടേണ്ടിയിരുന്നു. ഹിന്ദു നദീതട സംസ്‌കാര കാലത്ത് തുടര്‍ന്നുപോന്ന രീതികളാണ് ഓറ ഇതിനായി കണ്ടെത്തിയത്. അന്നത്തെ ആയുര്‍വേദിക് ഡൈയിംഗ് രീതികള്‍ പ്രയാസമേറിയതായിരുന്നെങ്കിലും വളരെ ഫലപ്രദമായിരുന്നു. മങ്ങിയ ഒരു തുണിയില്‍ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒടുവില്‍ വളരെ നിറപ്പകിട്ടാര്‍ന്ന ഒന്നാക്കി അതിനെ മാറ്റുന്ന രീതിയായിരുന്നു ഇത്. പ്രകൃതി ദത്തമായി രീതികള്‍ മാത്രമായിരുന്നു ഇതിലുടനീളം പ്രയോഗിക്കുന്നത്, മാത്രമല്ല ഈ പ്രക്രിയക്കുശേഷം മാലിന്യം ഉണ്ടാകുന്നില്ലെന്നതും പ്രധാന പ്രത്യേകതയായിരുന്നു. എല്ലാവിധ ഖര-ദ്രവ മാലിന്യങ്ങളും അവരുടെ ഫാമില്‍ തന്നെ വളമായി ഉപയോഗിക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക മുമ്പ് വാങ്ങിയ നിങ്ങളുടെ ബ്രാന്‍ഡ് ഉത്പന്നം ഇനിയും ചീത്തയായില്ല, അതാണിപ്പോഴും എന്റെ പ്രിയപ്പെട്ട വസ്ത്രം എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് ഒരു ബ്രാന്‍ഡിന് ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരം. ഇത് പല തവണ ലഭിച്ചിട്ടുള്ള ഓറക്ക് വരും നാളുകളിലും ഇത്തരം അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയാണ് ലക്ഷ്യം.