ജലവിസ്മയമൊരുക്കി വര്‍ക്കല അക്വേറിയം

0


വിനോദസഞ്ചാരകേന്ദ്രമായ പാപനാശത്തെ തിരുവമ്പാടി തീരത്ത് ദൃശ്യവിസ്മയമായി അത്യാധുനിക അക്വേറിയം കാണികള്‍ക്കായി തുറന്നു. മൂന്നരക്കോടിയിലധികം രൂപ ചെലവഴിച്ച് ഏജന്‍സി ഫോര്‍ ഡെവലപ്പ്‌മെന്റ് അക്വാകള്‍ച്ചര്‍ കേരള (അഡാക്ക്) നാല് നിലകളില്‍ സ്‌പൈറല്‍ രൂപത്തിലാണ് അക്വേറിയം നിര്‍മ്മിച്ചിരിക്കുന്നത്. കടലിലും ശുദ്ധജലത്തിലും ജീവിക്കുന്ന അപൂര്‍വയിനം മത്സ്യങ്ങളെയും ജലജീവികളെയും അടുത്ത് കാണാനും അറിയാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

മന്ത്രി കെ ബാബുവാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പരിസ്ഥിതി സൗഹാര്‍ദ്ദമായ രീതിയിലാണ് അക്വേറിയം പണികഴിപ്പിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ രാജ്യന്തര നിലവാരത്തിലാണ് നിര്‍മാണം. ശുദ്ധജല, സമുദ്രജല അലങ്കാര മത്സ്യങ്ങളുടേയും അപൂര്‍വ മത്സ്യങ്ങളുടേയും ജീവികളുടേയും പുതിയ കാഴ്ചകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

അക്വേറിയത്തിന്റെ താഴത്തെ നിലയില്‍ പ്രവേശനകവാടത്തോട് ചേര്‍ന്നുള്ള സെന്‍ട്രല്‍പൂള്‍ കാഴ്ചയുടെ പുത്തന്‍ അനുഭവമാണ്. വലിയ മത്സ്യങ്ങളാണ് സെന്‍ട്രല്‍ പൂളിലുള്ളത്. നാലു നിലകളിലായി എട്ടടി നീളവും ആറടി വീതിയുമുള്ള എഴുപതോളം ഗ്ലാസ് ടാങ്കുകളിലാണ് മത്സ്യങ്ങളെ സൂക്ഷിക്കുന്നത്. രണ്ടാം നിലയില്‍ സിലിണ്ട്രിക്കല്‍ അക്വേറിയവും പ്ലാസ്മ അക്വേറിയവുമാണ്. മൂന്നാം നിലയില്‍ ടച്ച്പൂള്‍. മത്സ്യങ്ങളെ കൈകള്‍ കൊണ്ട് തൊട്ടറിയാന്‍ സാധിക്കുന്ന ടച്ച്പൂള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആകര്‍ഷകമാണ്.

വിവിധ നിറത്തിലുള്ള സീ അനിമോണുകളും ക്ലോണ്‍ മത്സവും തമ്മിലുള്ള ആത്മബന്ധം അക്വേറിയത്തിലെ പ്രധാന കാഴ്ചകളില്‍ ഒന്നാണ്. മുളകൊണ്ടുണ്ടാക്കിയ പ്രത്യേക ഇരിപ്പിടങ്ങളില്‍ ഇരുന്നും കാഴ്ച കാണെമെന്ന സവിശേഷതയുമുണ്ട്. സിലണ്ട്രിക്കല്‍ ടാങ്കിനുള്ളിലെ പോംപാനോ, ടാംസെല്‍ ഷാര്‍ക്കുകള്‍ എന്നിവയെ 360 ഡിഗ്രിയില്‍ കണ്ടാസ്വദിക്കാവുന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ശുദ്ധജല മത്സ്യങ്ങളായ അരോവണ, അരോപിമ, സ്‌ക്കാറ്റ്, സിക്ലിഡ്, ലോച്ച്, സാംസെല്‍, ബട്ടര്‍ഫ്‌ലൈ എന്നിവയെ വര്‍ണാഭമായ കൂടുകളിലാണ് ഒരുക്കിയിട്ടുള്ളത്. സീ അനിമോണ്‍, ജെല്ലി ഫിഷ്, സ്റ്റാര്‍ ഫിഷ്, വിവധതരം കക്ക, ചിപ്പി എന്നിവയെ തനത് ആവാസ വ്യവസ്ഥയിലാണ് ക്രമീകരിച്ചിട്ടുള്ളത്. കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി ഇവയെ സന്ദര്‍ശകര്‍ക്ക് തൊട്ട് നോക്കാനും കഴിയും.

നാലാം നിലയില്‍ ഹാംഗിംഗ് അക്വേറിയമാണ്. അടുത്ത ഘട്ടത്തില്‍ ഏറ്റവും മുകളില്‍ റസ്റ്റൊറന്റും ആരംഭിക്കും. ഇവിടെയിരുന്ന് കടലിന്റെ നീലജലപ്പരപ്പും നീല ആകാശവും ചക്രവാളസീമയില്‍ തൊട്ടുരുമുന്ന അപൂര്‍വ ചാരുത ആസ്വദിക്കാം. ആഴക്കടലിന്റെ വിസ്മയലോകം പരിചയപ്പെടുത്തുന്ന ത്രിഡി തീയറ്ററും അക്വേറിയത്തില്‍ ഒരുക്കുന്നുണ്ട്.

ഡാംസെല്‍സ്, ബട്ടര്‍ഫ്‌ലൈ, സര്‍ജന്റ്, റാബിറ്റ്, പഫര്‍, അനിമോണ്‍, ഏയ്ഞ്ചല്‍, ലോഫ്റ്റര്‍, ഈല്‍, അരോന, അരോപാമ തുടങ്ങിയ മത്സ്യങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ എത്തിച്ചേരും. വിവിധ രാജ്യങ്ങളിലെ ആമ, തവള, കൊഞ്ച്, തെരച്ചി എന്നിവക്കൊപ്പം അലങ്കാര മത്സ്യങ്ങളുടെ വലിയൊരു ശേഖരവുമുണ്ടാകും. കല്ലുകള്‍ നിറഞ്ഞ അടിത്തട്ടില്‍ ഭീമാകാരമായ ഈല്‍ മത്സ്യങ്ങളും ലോബ്‌സ്റ്ററുകളും ഉണ്ട്. ബ്ലാക്ക് ബീച്ച് എന്നറിയപ്പെടുന്ന തിരുവമ്പാടി തീരത്ത് 2006ല്‍ ആരംഭിച്ച ചെമ്മീന്‍ ഹാച്ചറി കോമ്പൗണ്ടിലാണ് അക്വേറിയം നിര്‍മ്മിച്ചിട്ടുള്ളത്.

രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെയാണ് സന്ദര്‍ശന സമയം. പ്രായ വ്യത്യാസമനുസരിച്ച് അഞ്ച് മുതല്‍ 30 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമാണ്. അക്വേറിയത്തിനൊപ്പം ഒരു ത്രിഡി തീയേറ്റര്‍ നിര്‍മിക്കാനുളള അനുമതിയും ലഭിച്ചതായി അധികൃതര്‍ പറഞ്ഞു.