ആവാസ വ്യവസ്ഥ സംരക്ഷിച്ച് 'ആര്യണ്യക്'

0

വനങ്ങള്‍ക്കും വന്യജീവികള്‍ക്കും സുരക്ഷയൊരുക്കി ആരണ്യകിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദേശീയ തലങ്ങളിലേക്ക്. വംശനാശ ഭീഷണി നേരിടുന്നതുള്‍പ്പെടെയുള്ള മൃഗങ്ങളെ സംരക്ഷിക്കാനാണ് ആരണ്യക് ശ്രദ്ധ തിരിച്ചിരിക്കുന്നത്. ആരണ്യകിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് വഴിത്തിരിവായ ഒരു സംഭവം നോക്കാം.

അടുത്തിടെ ആസാമിലെ ഒരു നാഷണല്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന ക്യാമറയുടെ സഹായത്തോടെ വേട്ടക്കാരെ പിടികൂടിയ സംഭവം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആസാമിലെ മംഗള്‍ഡോയിയിലെ രാജീവ് ഗാന്ധി ഒറങ് നാഷണല്‍പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളാണ് പാര്‍ക്കിനുള്ളില്‍ അനധികൃതമായി കടന്ന് കാണ്ടാമൃഗത്തെ വേട്ടയാടിയ രണ്ട് വേട്ടക്കാരെ പിടികൂടാന്‍ സഹായിച്ചത്. വേട്ടക്കാരായ ഹരെന്‍ ദൈമരിയും ധര്‍മേഷ് ബസുമതരിയും രണ്ട് വര്‍ഷം ജയിലില്‍ കഠിന ശിക്ഷക്കും 25000 രൂപ വീതം പിഴയടക്കുന്നതിനും വിധേയരായി.

പാര്‍ക്കില്‍ അനധികൃതമായി കടന്നുകയറി കാണ്ടാമൃഗത്തെ കൊന്ന വേട്ടക്കാരെ പിടികൂടാനായത് വളരെ സന്തോഷത്തോടെയാണ് ഒറാങ് നാഷണല്‍ പാര്‍ക്കിലെ ജീവനക്കാര്‍ ആഘോഷിച്ചത്. എന്നാല്‍ ആരണ്യകിന്റെ സഹായംകൊണ്ട് മാത്രമാണ് ഇത് സാധ്യമായത്. 2011ല്‍ പാര്‍ക്കിനകത്ത് കടുവകളെയും മറ്റ് മൃഗങ്ങളെയും നിരീക്ഷിക്കാന്‍ 60 ക്യാമറകള്‍ ആരണ്യക് സ്ഥാപിക്കുകയുണ്ടായി. ക്യാമറയില്‍ മൂന്ന് വേട്ടക്കാരുടെ ദൃശ്യങ്ങള്‍ കണ്ടിരുന്നു. രണ്ട് തോക്കുകളുമായി മൂന്ന് വേട്ടക്കാര്‍ കടന്നുവരുന്ന ദൃശ്യങ്ങളാണ് കാണാനായത്.

ഉടന്‍തന്നെ മംഗല്‍ഡോയ് വ്യജീവി സങ്കേതത്തിന്റെ ഓഫീസറായ സുശീല്‍ ദൈല ഇവരുടെ ഫോട്ടോഗ്രാഫുകള്‍ ഗ്രാമവാസികളെകാണിച്ച് അവരില്‍ ഇവരെ തിരിച്ചറിയുന്നവരുണ്ടോ എന്ന് തിരക്കി. മാത്രമല്ല ഇവരെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തു. താമസിയാതെ തന്നെ വേട്ടക്കാരെ ആയുധങ്ങളുമായി പിടികൂടാനായി.

ആസാം ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിന് മാത്രമല്ല മുഴുവന്‍ ടീം അംഗങ്ങള്‍ക്കും അഭിമാനിക്കാവുന്ന നിമിഷമായിരുന്നു അത്. കൃത്യമായ തെളിവുകളോടെയാണ് ക്യാമറ ഇവരെ കുടുക്കിയത്. ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ ടൈഗര്‍ റിസര്‍ച്ച് ആന്‍ഡ് കണ്‍സര്‍വേഷന്റെ തലവനായ ഡോ. ഫിറോസ് അഹമ്മദ് ഷെയര്‍ ചെയ്തതുകൊണ്ടാണ് ഇവരെ പിടികൂടാനായത്.

1989ല്‍ ആണ് ഒരുകൂട്ടം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആരണ്യക് എന്ന പേരില്‍ ഒരു ക്ലബ് ആരംഭിച്ചത്. പ്രകൃതിയെയും വിഭവങ്ങളെയും ചൂഷണത്തില്‍നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരണ്യക് രൂപീകരിച്ചത്. വംശനാശം സംഭവിക്കുന്ന വുഡ് ഡക്കിനെ സംരക്ഷിക്കാന്‍ ക്ലബ് തീരുമാനിച്ചിരുന്നു. പുല്ല് ചെത്തുകയാണെന്ന് നടിച്ച് വംശനാശ ഭീഷണി നേരിടുന്ന അമൂല്യമായ വുഡ് ഡക്കുകളെ വേട്ടയാടുന്നവരുണ്ടായിരുന്നു. ഇതിനെതിരെ തങ്ങളുടെ ലക്ഷ്യം നേടണമെന്ന തീരുമാനത്തോടെ വന്യജീവി സംരക്ഷണം ആവശ്യപ്പെട്ട് ആരണ്യക് സംസ്ഥാന സര്‍ക്കാരില്‍ പെറ്റീഷന്‍ നല്‍കി. ആരണ്യകിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിത്തിരിവായിരുന്നു ഈ സംഭവം. തുടര്‍ന്നും ആരണ്യക് ഇത്തരത്തിലുള്ള നിരവധി വെല്ലുവിളികള്‍ ഏറ്റെടുത്തു.

ഇതിന് ശേഷം പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ആരണ്യക് സജീവ പ്രവര്‍ത്തനം തുടങ്ങി. ഇന്ന് അന്തര്‍ദേശീയ തലങ്ങളില്‍വരെ അറിയപ്പെടുന്ന സംഘടനയാണ് ആരണ്യക്. ഇന്റര്‍നാഷണല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്ചര്‍(ഐ യു സി എന്‍)ലെ അംഗമാണ് ഇന്ന് ആരണ്യക്. പ്രകൃതി സംരക്ഷണത്തിനുള്ള ഏറ്റവും വലിയ സംഘടനയാണ് ഐ യു സി എന്‍.

വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ 28 സ്ഥലങ്ങളിലായാണ് ആരണ്യക് വിവിധ പാരിസ്ഥിതിക പ്രോജക്ടുകള്‍ നടത്തുന്നത്. നിയമനിര്‍വഹണ ഏജന്‍സികളുടെ സഹായത്തോടെ ഇടക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിക്കാന്‍ റെയ്ഡുകള്‍ നടത്താറുണ്ട്. കിഴക്കന്‍ ഹിമാലയത്തിലെ വന്യജീവികളുടെ സംരക്ഷണത്തിനും ആരണ്യക് ശ്രദ്ധിക്കുന്നുണ്ട്. ജൈവവൈവിധ്യങ്ങളെക്കുറിച്ച് ഗവേഷണങ്ങളും പരിശീലനങ്ങളും സംഘടിപ്പിക്കുകയും ചതുപ്പ് പ്രദേശത്തിന്റെ അളവ് നിര്‍ണയിക്കുകയും ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ സഹായത്തോടെ നിരീക്ഷണങ്ങള്‍ നടത്തുകയും ആവശ്യമായ സ്ഥലങ്ങളില്‍ റിമോട്ട് സെന്‍സിംഗ് ഏര്‍പ്പെടുത്തുകയുമെല്ലാം ആരണ്യക് ചെയ്തിട്ടുണ്ട്. നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായി ആരണ്യക് പാര്‍ട്‌നര്‍ഷിപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

ന്യുയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പന്തേര ആന്‍ഡ് ഡേവിഡ് സ്ഫിയേര്‍ഡ് വൈല്‍ഡ് ലൈഫ് ഫൗണ്ടേഷനാണ് ആരണ്യകിന് ക്യാമറക്ക് ആവശ്യമായ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തത്. ക്യാമറയില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണം മൃഗങ്ങളെയോ മനുഷ്യരെയോ ദൃശ്യമായാല്‍ ആട്ടോമറ്റിക്കായി തന്നെ അവയുടെ ചിത്രങ്ങള്‍ പതിയുന്നതിന് സഹായിക്കും. മൃഗങ്ങള്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള വഴികളിലും ജലാശയങ്ങളിലും വൃക്ഷങ്ങളിലും തൂണുകളിലുമായാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

ആരണ്യകും പന്തേരയും വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ കടുവ ഗവേഷണത്തിനും സംരക്ഷണത്തിനുമായി 2012 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മനസ് നാഷണല്‍ പാര്‍ക്ക്, കാശിരംഗ നാഷണല്‍ പാര്‍ക്ക്, നംദഫ നാഷണല്‍ പാര്‍ക്ക്, കര്‍ബി അന്‍ഗ്‌ലോംഗ് ഹില്‍സ് എന്നിവിടങ്ങളിലെല്ലാം ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മനസ് ടൈഗര്‍ റിസര്‍വിനെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടൈഗര്‍ ഫോര്‍ എവര്‍ സൈറ്റാക്കി മാറ്റാനാണ് ആരണ്യകും പന്തേരയും ചേര്‍ന്ന് ഉദ്ദേശിക്കുന്നത്. ഡോ അഹമ്മദ് പറയുന്നു.

പന്തേരയുടെ സഹായത്തോടെ ഒരു പുതിയ മോഡല്‍ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ വനത്തിനുള്ളില്‍ കയറുന്ന വേട്ടക്കാരുടെ ഫോട്ടോകള്‍ അപ്പപ്പോള്‍ തന്നെ വനപാലകരുടെ മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറുകളിലും ലഭിക്കുന്ന സംവിധാനമാണ് ഉദ്ദേശിക്കുന്നത്. ഇത് ജോലികള്‍ കൂടുതല്‍ എളുപ്പത്തിലാക്കും.

കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ കയറിയ വേട്ടക്കാരെ പിടികൂടാന്‍ കെ 9 എന്ന പേരില്‍ ഡോഗ് സ്‌ക്വാഡിനെയും ആരണ്യക് നല്‍കിയിട്ടുണ്ട്. ഇവിടെ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പത്ത് വേട്ടക്കാരെയാണ് പിടികൂടാനായത്.

ആരണ്യകിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡോ. അഹമ്മദ് പറയുന്നു. വന്യജീവി സംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുമെല്ലാം ജനങ്ങളില്‍ കൂടുതല്‍ അവബോധം ഉണ്ടാക്കണം. ഡോള്‍ഫിനുകളുടെ ആവാസം സംരക്ഷിക്കുന്നതിനുള്ള ഒരു പദ്ധതിക്കും ആരണ്യക് തയ്യാറെടുക്കുന്നുണ്ട്.

യൂറോപ്യന്‍ ഔട്ട്‌ഡോര്‍ കണ്‍സര്ഡവേഷന്‍ അസോസിയേഷനുമായി( ഇ ഒ സി എ) ചേര്‍ന്നാണിത്. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ ഒ സി എക്ക് 30000 യൂറോയുടെ ഫണ്ടുണ്ട്. ആരണ്യകിന്റെ തുടര്‍ പ്രവര്‍തതനങ്ങളിലൂടെ പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കുവേണ്ടി ഒരു പുതുയുഗം തന്നെ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡോ. അഹമ്മദ് പറയുന്നു.