മെഡിക്കല്‍ കോളേജ് ഒ.പി.യിലെ ക്യൂ സമ്പ്രദായം അവസാനിപ്പിക്കും: മുഖ്യമന്ത്രി

മെഡിക്കല്‍ കോളേജ് ഒ.പി.യിലെ ക്യൂ സമ്പ്രദായം അവസാനിപ്പിക്കും: മുഖ്യമന്ത്രി

Thursday October 27, 2016,

1 min Read

മെഡിക്കല്‍ കോളേജ് ഒ.പി.യിലെ ക്യൂ സമ്പ്രദായം അവസാനിപ്പിക്കാന്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ 5.2 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച ഇരുനില ആകാശ ഇടനാഴിയുടെ (സ്‌കൈ വാക്ക്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

image


മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായെത്തുന്ന രോഗികളുടെ കണക്ക് ആരേയും അമ്പരപ്പിക്കുന്നതാണ്. ഒരു വര്‍ഷം 10 ലക്ഷം പേരാണ് ഒ.പി.യിലെത്തുന്നത്. ഒരു ലക്ഷത്തോളം പേര്‍ക്ക് കിടത്തി ചികിത്സയും നല്‍കുന്നുണ്ട്. ലക്ഷക്കണക്കിനാള്‍ക്കാരാണ് അത്യാഹിത വിഭാഗത്തിലെത്തുന്നത്.

ഇതില്‍ ഏറ്റവും പ്രധാനമാണ് ഒ.പി. കൗണ്ടറിലെ ക്യൂ അവസാനിപ്പിക്കുക എന്നത്. വളരെ ദൂര സ്ഥലങ്ങളില്‍ നിന്നും അതിരാവിലെ വന്ന് ഒ.പി.യില്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കുന്ന അവസ്ഥ വളരെ സങ്കടകരമാണ്. ഭക്ഷണം പോലും കഴിക്കാതെ രോഗികളും അവരുടെ കൂടെവരുന്നവരും അനുഭവിക്കുന്ന പ്രയാസത്തിന് പരിഹാരം കാണും. പ്രതിദിനം 3000 രോഗികളും അവരുടെ ബന്ധുക്കളുമായി 10,000ലധികം പേരാണ് ഈ ദുരിതമനുഭവിക്കുന്നത്. ഈ ക്യൂ സമ്പ്രദായത്തിന് അവസാനമുണ്ടാക്കും.

ഓണ്‍ലൈന്‍ വഴി ഒ.പി.ടിക്കറ്റെടുത്ത് വരാന്‍ പറ്റുന്ന സാങ്കേതിക വിദ്യയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഓണ്‍ലൈന്‍ അറിയാത്ത സാധാരണക്കാര്‍ക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തിലുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ഡല്‍ഹിയിലെ എയിംസ് നടപ്പിലാക്കി വിജയിപ്പിച്ച പദ്ധതിയായിരിക്കും ഇവിടെ അവതരിപ്പിക്കുക. മെഡിക്കല്‍ കോളേജിന്റെ 65-ാം വര്‍ഷത്തില്‍ ആവിഷ്‌കരിക്കുന്ന വിവിധ പദ്ധതികളില്‍ ഒന്നാണിത്.

എല്ലാരോഗങ്ങള്‍ക്കും സൗജന്യ ചികിത്സ

ചികിത്സയ്ക്കാണ് ഏറ്റവുമധികം പണം ചെലവഴിക്കേണ്ടി വരുന്നത്. വര്‍ധിച്ച ചികിത്സാ ചെലവ് പലരേയും ദാരിദ്ര്യാവസ്ഥയിലേക്ക് തള്ളി വിടുന്നു. ഇതിന് പരിഹാരമായി എല്ലാ രോഗങ്ങള്‍ക്കും സൗജന്യ ചികിത്സയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് സൗജന്യ നിരക്കും ഏര്‍പ്പെടുത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബങ്ങളുമായി ബന്ധപ്പെടുത്തും. അതിലൂടെ പ്രാഥമികാരോഗ്യ ശൃങ്കല ശക്തിപ്പെടുത്താനാകും. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്കായി ആമ്പുലന്‍സ് നെറ്റ് വര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും.സംസ്ഥാന സര്‍ക്കാരിന്റെ നിരവധി സൗജന്യ ചികിത്സാ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിലൂടെ അനേകായിരം നിര്‍ദ്ധന രോഗികള്‍ക്ക് ആശ്വാസമായിട്ടുണ്ട്.