പൊതു സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം തടഞ്ഞ് 90 വയസുള്ള ദമ്പതികള്‍

0

90 വയസുള്ള ദമ്പതികള്‍ ഒരു ഗ്രാമത്തിന് തന്നെ മാതൃകയായി. പൊതു സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനെ നടത്തിയിരുന്ന ഒരു ഗ്രാമത്തെ സമ്പൂര്‍ണ ശൗചാലയ ഗ്രാമമായി പ്രഖ്യാപിക്കുന്ന തരത്തിലേക്കെത്തുന്നതായിരുന്നു ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍. ഒപ്പം തദ്ദേശവാസികളുടെ കൂട്ടായ പരിശ്രമവും ഇവര്‍ക്കൊപ്പം നിന്നു. തമിഴ്‌നാട്ടിലെ മധുരയില്‍ 15 കിലോമീറ്റര്‍ അകലെയുള്ള അച്ചാംപട്ടി ഗ്രാമത്തിന്റെ കഥയാണിത്.

2015 ഒക്ടോബര്‍ രണ്ടിന് തുറസായ സ്ഥലങ്ങളിലെ മലവിസര്‍ജ്ജന വിമുക്ത ഗ്രാമമായി ( ഓപ്പണ്‍ ഡിഫിക്കേഷന്‍ ഫ്രീ)അച്ചാംപട്ടിയെ പ്രഖ്യാപിച്ചു. ഇതോടെ ജില്ലാ ഗ്രാമ വികസന ഏജന്‍സിയുടെ ശുചിത്വ ഗ്രാമത്തിലെ ദമ്പതിമാരായിരുന്നു പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്.

ശൗചാലയങ്ങള്‍ നിര്‍മിച്ചെങ്കിലും ഗ്രാമവാസികളില്‍ ചിലരെങ്കിലും ഇടുങ്ങിയ കുടുസ് മുറികളില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നതിനെ ആശങ്കയോടെ നോക്കിക്കണ്ടു. എന്നാല്‍ 90 വയസുള്ള അലഗു അംബാലവും ഭാര്യ അംഗമ്മാളും തങ്ങളുടെ വീട്ടില്‍ സ്വന്തമായി കക്കൂസ് നിര്‍മിച്ച് മാതൃകയായി. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ഈ വൃദ്ധ ദമ്പതികള്‍ ആടുകളെ വളര്‍ത്തിയും വാര്‍ധക്യകാല പെന്‍ഷന്‍കൊണ്ടുമെല്ലാമായിരുന്നു ജീവിച്ചിരുന്നത്. വീടുകളില്‍ കക്കൂസ് നിര്‍മിക്കുന്നത് ഏറെ സൗകര്യമാണെന്നും ഗ്രാമത്തെ വൃത്തിയോടെ സൂക്ഷിക്കാന്‍ സഹായിക്കുമെന്നും അംബാലം പറയുന്നു.

ഇത് വളരെ കഠിനമായ ജോലിയായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് മുരുഗന്‍ പറയുന്നു. പദ്ധതി തുടങ്ങുന്നതിന് മുമ്പ് അപൂര്‍വ്വം ചില വീടുകളില്‍ മാത്രമാണ് ശൗചാലയങ്ങള്‍ ഉണ്ടായിരുന്നത്. തുറസായ സ്ഥലങ്ങളും പാടങ്ങളുമൊക്കെയായിരുന്നു ഏവരുടെയും ആശ്രയം. വൃത്തിയാക്കുന്നതിന് ജലായങ്ങളിലും പോയിരുന്നു. അവരെ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് മനസിലാക്കി കൊടുക്കേണ്ടതുണ്ടായിരുന്നു. ദേശീയ ഗ്രാമ വികസന ഏജന്‍സി(ഡിസ്ട്രിക്ട് റൂറല്‍ ഡെവലപ്‌മെന്റ് ഏജന്‍സി) പദ്ധതി പ്രകാരം ഗ്രാമത്തില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിന് സബ്‌സിഡി തുകയായി 12000 രൂപ നല്‍കി. മധുരയിലെ ദേവകി ആശുപത്രിയുടെ ഉടമയായ ആ ഗ്രാമത്തില്‍തന്നെ ജനിച്ചുവളര്‍ന്നയാള്‍ ഈ കക്കൂസുകളില്‍ സോളാര്‍ ലൈറ്റുകള്‍ സൗജന്യമായി സ്ഥാപിച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു. മാത്രമല്ല പാവപ്പെട്ട വീടുകളില്‍ സൗജന്യമായി ശൗചാലയങ്ങള്‍ നിര്‍മിച്ചുകൊടുക്കാമെന്നും അദ്ദേഹമേറ്റു.

ഗ്രാമത്തിലെ 373 വീടുകളില്‍ കക്കൂസുകള്‍ നിര്‍മിച്ചതിന് പുറമേ മറ്റ് കുടുംബങ്ങള്‍ക്കായി 369 പൊതു കക്കൂസുകളും നിര്‍മിച്ചു. ഈ 369 ടോയ്‌ലറ്റുകളില്‍ 148 എണ്ണത്തിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. ഗ്രാമവാസികളുടെ അടുത്ത ലക്ഷ്യം ഒരു മാലിന്യ സംസ്‌കരണ സംവിധാനം നിര്‍മിക്കുക എന്നതാണ്.

ഡി ആര്‍ ഡി എയുടെ പ്രോജക്ട് ഡയറക്ടറായ രോഹിണി രാംദാസിന്റെ വാക്കുകള്‍ ഇങ്ങനെ: തങ്ങളുടെ ഗ്രാമത്തില്‍ തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം പൂര്‍ണമായും അവസാനിപ്പിക്കണമെന്ന ഗ്രാമവാസികളുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ഫലമാണ് ഇന്നത്തെ വിജയം. മറ്റ് ഗ്രാമത്തിലുള്ളവര്‍ തങ്ങളുടെ ഗ്രാമത്തിലെത്തി പൊതു സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഗ്രാമവാസികളില്‍ ഓരോ ടീമുകളുമുണ്ടാക്കി പ്രവര്‍ത്തിച്ചു. പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേറ്റ് അവര്‍ ആരെങ്കിലും ഇങ്ങനെ എത്തുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിച്ചു. ഇങ്ങനെ ഗ്രാമവാസികളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് അച്ചാംപട്ടി ഗ്രാമം ശുചിത്വമുള്ളതും സുന്ദരവുമായി മാറി.