സ്ഥാപനങ്ങളിലെ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കണം: മന്ത്രി ഡോ.കെ. ടി. ജലീല്‍

സ്ഥാപനങ്ങളിലെ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കണം: മന്ത്രി ഡോ.കെ. ടി. ജലീല്‍

Tuesday June 27, 2017,

2 min Read

ഇറച്ചിക്കടകള്‍, മത്‌സ്യശാലകള്‍, പച്ചക്കറി, പഴ കടകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ മാലിന്യം സംസ്‌കരിക്കാന്‍ അതാത് സ്ഥാപനങ്ങള്‍ സംവിധാനം ഒരുക്കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ. ടി. ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാപനത്തില്‍ സ്ഥലമില്ലെങ്കില്‍ ഉടമകളുടെ വീടുകളിലോ സ്ഥലം വാടകയ്‌ക്കെടുത്തോ സംവിധാനം ഒരുക്കണം. നിലവിലെ നിയമത്തില്‍ ഇതിനായി സര്‍ക്കാര്‍ കര്‍ശന വ്യവസ്ഥകള്‍ ആവശ്യമെങ്കില്‍ കൊണ്ടുവരും.

image


 ഇതിനു മുന്‍പ് വ്യാപാരികളുടെ വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി നഗരസഭയില്‍ 500 ശുചീകരണ തൊഴിലാളികളെകൂടി നിയമിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. പലയിടത്തും രാത്രിയിലാണ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. ഇത് തടയാന്‍ കാവല്‍ നില്‍ക്കേണ്ട അവസ്ഥയാണ്. അധികം വൈകാതെ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കണമെന്നാണ് സര്‍ക്കാരിന്റെ താത്പര്യം. ചില തദ്ദേശസ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവ പരിസ്ഥിതി പ്രശ്‌നം ഉണ്ടാക്കില്ല. എങ്കിലും ചിലര്‍ എതിര്‍ക്കുന്ന സാഹചര്യമുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് മാധ്യമങ്ങളുടെ സഹായം വേണം. ആദ്യം ബ്‌ളോക്ക് അടിസ്ഥാനത്തില്‍ യൂണിറ്റുകള്‍ തുടങ്ങാനാണ് തീരുമാനം. ഷ്രെഡ് ചെയ്യുന്ന പ്ലാസ്റ്റിക് റോഡ് നിര്‍മ്മാണത്തിനായി പൊതുമരാമത്ത് വകുപ്പിന് കൈമാറും. മാലിന്യ സംസ്‌കരണത്തിന് ആധുനിക സംവിധാനത്തോടെയുള്ള പ്ലാന്റുകള്‍ സ്ഥാപിക്കും. ഇതിനു തയ്യാറായി മുന്നോട്ടുവരുന്ന സ്വകാര്യ സംരംഭകര്‍ക്ക് പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കും. മാലിന്യം വലിച്ചെറിയുന്നതും തെരുവുനായ ശല്യത്തിന് ഒരു പ്രധാന കാരണമാണ്. നായ വന്ധ്യംകരണ പദ്ധതി ശക്തിപ്പെടുത്താനാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. കുടുംബശ്രീയെയാണ് ഏജന്‍സിയായി നിശ്ചയിച്ചിരിക്കുന്നത്. കുടുംബശ്രീയ്ക്ക് മാത്രമായി ഇതിന് സാധിക്കുന്നില്ലെങ്കില്‍ സ്വകാര്യ ഏജന്‍സികളുടെ സേവനം പ്രയോജനപ്പെടുത്തും. പനി പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ച് 27 മുതല്‍ 29 വരെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. 24ന് ഇതിനായി അടിയന്തര ഭരണസമിതി ചേരാന്‍ തദ്ദേശസ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗ തീരുമാനമനുസരിച്ച് പ്രാഥമിക, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ താത്കാലിക ഡോക്ടര്‍മാരെയും പാരമെഡിക്കല്‍ സ്റ്റാഫിനെയും നിയോഗിക്കും. ഇതിലൂടെ ഉച്ചയ്ക്ക് ശേഷവും ഒ. പി പ്രവര്‍ത്തിക്കും. പനിക്കാലം കഴിഞ്ഞാലും ഈ സംവിധാനം തുടരുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, അര്‍ബന്‍ ഡെവലപ്‌മെന്റ് ഡയറക്ടര്‍ ഹരിത വി.കുമാര്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ. വാസുകി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക