ദേശീയ പുരസ്‌കാര നിറവില്‍ കൊല്ലം ജില്ലാപഞ്ചായത്ത്

0


മികച്ച ജില്ലാ പഞ്ചായത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ രാജീവ് ഗാന്ധി ശശാക്തീകരണ്‍ പുരസ്‌കാരത്തിന് തുടര്‍ച്ചയായി രണ്ടാം തവണയും കൊല്ലം ജില്ലാ പഞ്ചായത്ത് അര്‍ഹമായി. 201415 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് വീണ്ടും അവാര്‍ഡിന് അര്‍ഹമായത്. കഴിഞ്ഞ വര്‍ഷവും ജില്ലാ പഞ്ചായത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്തിന് തുടര്‍ച്ചയായി രണ്ടു വര്‍ഷം ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പരിശോധനാ സംഘം ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ച് പദ്ധതികള്‍ വിലയിരുത്തി സ്ഥലപരിശോധന നടത്തിയാണ് ജില്ലാ പഞ്ചായത്തിനെ അവാര്‍ഡിന് ശിപാര്‍ശ ചെയ്തത്.

ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ നടപ്പാക്കിയ വിവിധ പദ്ധതികളാണ് ജില്ലാ പഞ്ചായത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ആരോഗ്യ മേഖലയില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന സ്വപ്‌നച്ചിറക് പദ്ധതി പരിശോധനാ സംഘത്തിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രതിമാസം അഞ്ഞൂറിലേറെ പ്രസവം നടക്കുന്ന ജില്ലാ വിക്‌ടോറിയാ ആശുപത്രിയില്‍ ജനിച്ചു വീഴുന്ന ഓരോ ശിശുവിനും സമഗ്ര പരിശോധന നടത്തി ജന്മനാലുള്ള വൈകല്യങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് ജില്ലാ പഞ്ചായത്തിന്റെ സ്വപ്‌നച്ചിറക് പദ്ധതി.

കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ സമഗ്ര നെല്‍കൃഷി വികസനം ജില്ലക്ക് അരി ലഭ്യത ഉറപ്പാക്കിയ പദ്ധതിയാണ്. ജില്ലയിലെ 62 ഗ്രാമപഞ്ചായത്തുകളെയും ഏകോപിപ്പിച്ച് നെല്‍കൃഷി വ്യാപകമാക്കുന്നതിന് ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു. സേവനമേഖലയില്‍ ജില്ലാ പഞ്ചായത്ത് ഭിന്നശേഷിയുള്ളവര്‍ക്ക് നല്‍കിയ 206 മുച്ചക്ര വാഹനങ്ങള്‍ അവാര്‍ഡ് സമിതിയുടെ ശ്രദ്ധ പിടിച്ചു പറ്റി.

സേവന മേഖലയില്‍ തന്നെ പട്ടികജാതിക്കാര്‍ക്ക് നടപ്പാക്കിയ സഞ്ചരിക്കുന്ന ശ്മശാനം ശ്രദ്ധിക്കപ്പെട്ട മറ്റൊരു പദ്ധതിയാണ്. നൂറിലേറെ അമ്മമാര്‍ക്ക് ഭാവി പ്രതീക്ഷകളായി കുട്ടികളെ നല്‍കുവാന്‍ വിക്‌ടോറിയ ആശുപത്രിയിലെ വന്ധ്യതാ നിവാരണ ക്ലിനിക്കിന് കഴിഞ്ഞത് അവാര്‍ഡ് പരിഗണനക്ക് ഏറെ സഹായകമായി. കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ പച്ചക്കറി വിത്തുല്‍പാദനം, വ്യവസായ മേഖലയില്‍ വനിതകള്‍ക്കായി നടപ്പാക്കിയ ഇ ഡി പി ട്രെയിനിംഗും മാര്‍ജിന്‍ മണി ഗ്രാന്റും, കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് മൊബൈല്‍ മാര്‍ക്കറ്റ് സിസ്റ്റം, തോട്ടത്തറ ഫാമിലെ കുടുംബശ്രീ ട്രെയിനിംഗ് സെന്റര്‍, ഫിഷറീസ് മേഖലയിലെ അലങ്കാരമത്സ്യക്കൃഷി, ഓട്ടിസം കുട്ടികളുടെ പുനരധിവാസം, ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി കിടപ്പിലുള്ള രോഗികള്‍ക്കായി നടപ്പാക്കിയ പാലിയേറ്റീവ് കെയര്‍ സംവിധാനം, ജില്ലാ ആശുപത്രിയില്‍ നടപ്പാക്കി വരുന്ന സൗജന്യ നിരക്കിലുള്ള ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനം, ക്ഷേമകാര്യ മേഖലയില്‍ നടപ്പാക്കി വന്ന ഗര്‍ഭിണികളായ പട്ടികജാതി വനിതകള്‍ക്കുള്ള പോഷകാഹാര പദ്ധതി എന്നിവയും അവാര്‍ഡിന് അര്‍ഹത നേടുന്നതിന് ഏറെ സഹായിച്ചു.