ലക്ഷ്മി തരുവായി ലക്ഷ്മി ജോര്‍ജ്ജും അത്തിമരമായി അന്നപൂര്‍ണാദേവിയും 

0

പത്തനംതിട്ട നഗരസഭയുടെ ഇടത്താവളത്തില്‍ വീണയും അന്നപൂര്‍ണാദേവിയും ഗിരിജയും രജനിയും തണല്‍ വിരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇടത്താവളത്തെ ഹരിതാഭമാക്കുന്നതിന് വീണാജോര്‍ജ് എം. എല്‍. എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയും ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയും നഗരസഭാധ്യക്ഷ രജനി പ്രദീപും ജില്ലാ പോലീസ് മേധാവി ഹരിശങ്കറും വൃക്ഷത്തൈകള്‍ നട്ടു. 

ഓരോ വൃക്ഷവും നട്ട വൃക്തികളുടെ പേരിലാവും അറിയുക. വീണാജോര്‍ജ് എം. എല്‍. എ ലക്ഷ്മിതരുവാണ് നട്ടത്. അന്നപൂര്‍ണാദേവി അത്തിമരവും ആര്‍. ഗിരിജ ആര്യവേപ്പും രജനി പ്രദീപ് മാവും നട്ടു. ജില്ലാ പോലീസ് മേധാവി കശുമാവാണ് നട്ടത്. മതമൈത്രിയുടെ പ്രതീകമായി ഇടത്താവളത്തിന് നടുവിലായി എല്ലാവരും ചേര്‍ന്ന് അരയാലും വച്ചു. ജില്ലാ ഭരണകൂടം, പത്തനംതിട്ട നഗരസഭ, സംസ്ഥാന ഐ.ടി മിഷന്‍അക്ഷയ എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുരിയാക്കോസ് മാര്‍ ക്ലിമിസ്, തിരുവല്ല അമൃതാനന്ദമയി മഠത്തിലെ സ്വാമിനി ഭവ്യാമൃത ചൈതന്യ, നഗരസഭാ കൗണ്‍സിലര്‍മാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കമലാസനന്‍ നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മോഹനന്‍, ഐ.ടി മിഷന്‍ നെറ്റ്‌വര്‍ക്ക് മാനേജര്‍ പി. പി. ജയകുമാര്‍, വൃക്ഷത്തൈകള്‍ നട്ട് ഗിന്നസ് ബുക്കില്‍ ഇടം നേടിയ സി. വി. വിദ്യാധരന്‍, ജില്ലാ ഇ ഗവേണന്‍സ് മാനേജര്‍ കെ. ധനേഷ്, അയ്യപ്പസേവാ സംഘം സ്ഥാപക ട്രസ്റ്റി വി. പി. മന്‍മഥന്‍ നായര്‍, രാജു, അക്ഷയ സംരംഭകര്‍ തുടങ്ങിയവര്‍ വൃക്ഷത്തൈകള്‍ നട്ടു. അഞ്ചര ഏക്കര്‍ സ്ഥലത്ത് 80 വൃക്ഷത്തൈകളാണ് ഇന്നലെ നട്ടത്. മഴക്കാലം ആരംഭിക്കുമ്പോള്‍ കൂടുതല്‍ തൈകള്‍ നടാനാണ് തീരുമാനം. തെങ്ങ്, മഹാഗണി, പ്ലാവ്, പേരാല്‍, ഗ്രാമ്പു തുടങ്ങി വിവിധയിനം വൃക്ഷങ്ങളുടെ തൈകളാണ് നട്ടുപിടിപ്പിച്ചത്. പഴകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് വൃക്ഷത്തൈകള്‍ നല്‍കിയത്.