ഗ്രീന്‍വേ ഗ്രാമീണ്‍ ഇന്‍ഫ്രയുടെ ബയോമാസ് സ്റ്റൗ ഫാക്ടറി

0

ബഹിരാകാശ ദൗത്യങ്ങളുടെ ഈ കാലഘട്ടത്തില്‍, ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് അനുയോജ്യമായ അടുപ്പുകള്‍ തയ്യാറാക്കുക എന്നത് അത്ര വലിയ വെല്ലുവിളിയൊന്നുമല്ലെന്നാണ് ഗ്രീന്‍വേ ഗ്രാമീണ്‍ ഇന്‍ഫ്രയുടെ സഹസ്ഥാപകയായ നേഹ ജുനീജയുടെ അഭിപ്രായം.

ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ പരമ്പരാഗത മണ്‍ അടുപ്പുകളെ മാറ്റുക എന്ന ലക്ഷ്യത്തോടെ ഗ്രീന്‍വേ ആരംഭിച്ച സ്മാര്‍ട്ട് സ്റ്റൗ എന്ന പ്രോഡക്ട് ഇപ്പോള്‍ ഇന്ത്യയില്‍ പ്രശസ്തമാണ്.

തടിക്കഷണം, ചാണകം തുടങ്ങിയവെല്ലാം ഉപയോഗിച്ച് തീ കത്തിക്കാവുന്ന ഈ അടുപ്പിന് മണ്‍ അടുപ്പുകളെ അപേക്ഷിച്ച് 65 ശതമാനത്തോളം ചൂടും 70 ശതമാനത്തോളം പുകയും കുറവാണ്. ഇതു വഴി അന്തരീക്ഷത്തില്‍ കലരുന്ന ഗ്രീന്‍ഹൗസ് വാതകങ്ങളുടെ അളവിലും ഒന്നര ടണ്ണോളം കുറവുണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇളക്കിമാറ്റാതെ സ്ഥാനം മാറ്റി വയ്ക്കാമെന്നതാണ് ഈ സ്റ്റൗവിന്റെ പ്രധാന പ്രത്യേകത.

ഇവയുടെ നിര്‍മാണത്തിന്റെ പ്രാരംഭദിശയില്‍ മണ്ണടുപ്പുകള്‍ ഉണ്ടാക്കുന്നിടത്ത് ആഴ്ചകളോളം കഴിച്ചുകൂട്ടി ഗ്രാമവാസികളായ ഇന്ത്യക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അവര്‍ മനസിലാക്കി. ആവശ്യക്കാരുടെ മനസറിഞ്ഞുള്ള തയ്യാറെടുപ്പുകള്‍ നടത്തിയാണ് സ്മാര്‍ട്ട് സ്റ്റൗ തയ്യാറാക്കിയത്. 2014ല്‍ ആഷ്‌ദേന്‍ ക്ലീന്‍ എനര്‍ജി ഫോര്‍ വിമണ്‍ ആന്റ് ഗേള്‍സ് അവാര്‍ഡും ഗ്രീന്‍വേ ഗ്രാമീണ്‍ ഇന്‍ഫ്രയ്ക്ക് ലഭിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആറ് സംസ്ഥാനങ്ങളിലായി 250,000 ലധികം അടുപ്പുകളാണ് വിറ്റഴിച്ചത്. 101 അംഗങ്ങളുള്ള ഗ്രീന്‍വേ ഗ്രാമീണ്‍ ഇന്‍ഫ്ര ടീം അടുത്തിടെ വഡോദരയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ അടുപ്പ് ഫാക്ടറിയും ആരംഭിച്ചിട്ടുണ്ട്. ഒരു വര്‍ഷം ഈ ഫാക്ടറിയില്‍ നിന്നും 800,000 അടുപ്പുകളാണ് നിര്‍മിക്കുന്നത്.

ഗവണ്‍മെന്റിന്റെ മേയ്ക്ക് ഇന്‍ ഇന്ത്യ കാമ്പയിന്‍ വന്നതോടെ വീണ്ടും ഉപയോഗിക്കാനാകുന്ന ഊര്‍ജ്ജ ശ്രോതസ്സുകളിലേക്ക് ജനങ്ങളുടെ ശ്രദ്ധ കൂടിയെന്നും ഇത് സ്റ്റൗ നിര്‍മാണത്തിന് ഗുണകരമായെന്നും നേഹ ജുനീജ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയം തങ്ങളുടെ സ്റ്റൗവിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ കൂടുതലായി ഈ പ്രോഡക്ട് നിര്‍മിക്കുന്നുണ്ടെന്നും നേഹ പറഞ്ഞു. ആവശ്യക്കാര്‍ അധികം ഉള്ളതിനാല്‍ ഇവ വില കുറച്ചാണ് വില്‍ക്കുന്നത്. 1399 രൂപയാണ് സ്മാര്‍ട്ട് സ്റ്റൌവിന്റെ വില.