'മോങ്ക് വ്യാസ'യിലൂടെ വ്യവസായിയായി മാറിയ ഡെലിവറി ബോയ്

0

ഇനി 30 ദിവസമേ ബാക്കി ഉണ്ടായിരുന്നുള്ളു. ക്യാഷ് രജിസ്റ്റര്‍ എല്ലാം മൗനമായി ഇരിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാതെ സ്ഥാപകന്‍ എല്ലാം അവസാനിപ്പിച്ചു. വാടക നല്‍കാന്‍ കഴിയാത്തതുകൊണ്ട് ഓഫീസ് മുറി ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. ഒരു വ്യവസായമെന്നാല്‍ ഇതൊക്കെയാണോ? വലിയ സ്വപ്നങ്ങള്‍ മനസ്സില്‍ ഒതുക്കി വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ദിനൂപ് കല്ലേരില്‍ എന്ന ചെറുപ്പക്കാരന്‍ ഇതൊന്നുമല്ല പ്രതീക്ഷിച്ചത്. 2013ന്റെ തുടക്കത്തില്‍ ദിനൂപിന് നേരിടേണ്ടിവന്നത് ഇരുണ്ട ദിനങ്ങളെയാണ്. അവന്റെ മാതാപിതാക്കള്‍ പറഞ്ഞത് ശരിയായിരുന്നു. എഞ്ചിനിയറിങ്ങ് പൂര്‍ത്തിയാക്കി ഒരു ജോലി കണ്ടുപിടിക്കേണ്ടതായിരുന്നു. അവന്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടി ഷര്‍ട്ട് കമ്പനിയുടെ പ്രവര്‍ത്തനം നന്നായി മുന്നോട്ടു പോയില്ല. നിക്ഷേപമായി ലഭിച്ച 25000 രൂപയില്‍ ഒരു രൂപ പോലും ബാക്കി ഉണ്ടായിരുന്നില്ല.

തങ്ങളുടെ മകനായിരിക്കും ആദ്യമായി അവരുടെ കുടുംബത്തില്‍ നിന്നും ഒരു ഡിഗ്രി സമ്പാദിക്കുകയെന്ന് രക്ഷിതാക്കള്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഈ പ്ലമ്പറുടെ മകന്റെ മനസ്സില്‍ വേറെ പദ്ധതികളായിരുന്നു. ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ വ്യവസായം എന്ന വഴിയാണ് അവന്‍ തിരഞ്ഞെടുത്തത്. ഓണ്‍ലൈന്‍ ടി ഷര്‍ട്ട് കമ്പനി വിറ്റതിനു ശേഷം പുതിയ ഒരു സ്റ്റാര്‍ട്ട് അപ്പ് അവന്‍ തുടങ്ങി; മോങ്ക് വ്യാസ. ഇതുവഴി ഓണ്‍ലൈനായി ജ്യോതിഷ സേവനം എല്ലാവരിലും എത്തിക്കുന്നു. ദിവസേന 75,000 മുതല്‍ 1,00,000 രൂപ വരെയുള്ള ഇടപാടുകള്‍ നടക്കുന്നതായി ദിനൂപ് പറയുന്നു.

'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആയിരുന്നു എന്റെ ഹീറോ. അതുകൊണ്ട് എന്റെ സ്‌ക്കൂള്‍ അവധിക്കാലം ക്രിക്കറ്റ് കളിച്ചും അടുത്തുള്ള കുളത്തില്‍ നീന്തിക്കളിച്ചും ചിലവഴിച്ചു. എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. 9 മുതല്‍ 5 മണി വരെ ജോലി എനിക്ക് ഒട്ടും താത്പ്പര്യമില്ലായിരുന്നു.' 27കാരനായ ദിനൂപ് പറയുന്നു. അവന്‍ ഒരു എഞ്ചിനിയറിങ്ങ് കോളേജില്‍ ചേര്‍ന്നെങ്കിലും ആ തീരുമാനം തെറ്റായിപ്പോയി എന്ന് പിന്നീട് മനസ്സിലായി.

'കോളേജില്‍ രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ ഒരു വ്യവസായി ആകാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ മനസ്സില്‍ ഒരുപാട് ആശയങ്ങള്‍ ഉണ്ടായിരുന്നു. അത് ഞാന്‍ എന്റെ സുഹൃത്തുക്കളുമായി പങ്കുവയ്ച്ചു. സിം കാര്‍ഡ് വില്‍ക്കുക, ഏജന്‍സികള്‍ക്കായി വിനോദയാത്ര സംഘടിപ്പിക്കുക എന്നീ ജോലികള്‍ ഞാന്‍ ചെയ്തു തുടങ്ങി. അതില്‍ നിന്നു കിട്ടിയ വരുമാനം കൊണ്ട് ഞാനൊരു കമ്പ്യൂട്ടര്‍ വാങ്ങി.' ദിനൂപ് പറയുന്നു.

ഇന്റര്‍നെറ്റിനെയും കമ്പ്യട്ടറിന്റേയും ലോകം ദിനൂപിനെ ഏറെ ആകര്‍ഷിച്ചു. തനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന് മനസ്സിലാക്കി അവന്‍ സ്റ്റാര്‍ട്ട് അപ്പില്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങി. എന്നാല്‍ അവന്റെ അച്ഛന്‍ അവനോട് മിണ്ടാന്‍ കൂട്ടാക്കിയില്ല. അങ്ങനെ ഒരു അന്തരീക്ഷത്തില്‍ ജീവിക്കാന്‍ പ്രയാസമാണെന്ന് മനസ്സിലാക്കി ദിനൂപ് ചെന്നൈയിലേക്ക് പോയി. രണ്ട് മാസം ചെന്നൈയില്‍ സെയില്‍സ്മാനായി ജോലി നോക്കി. 'ഒരു ഓണ്‍ലൈന്‍ ടി ഷര്‍ട്ട് പോര്‍ട്ടല്‍ തുടങ്ങാനുള്ള ആശയവുമായാണ് ഞാന്‍ ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയത്. 2012ല്‍ കേരളത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് വലിയ പ്രചാരമില്ലായിരുന്നു.' ദിനൂപ് പറയുന്നു. എന്നാല്‍ ഒന്നും പ്രതീക്ഷിച്ചതുപോലെ നടന്നില്ല. ചിലവുകള്‍ ഒരു വെല്ലുവിളിയായി മാറി. ഡെലിവറി സമയത്താണ് പണം ലഭിച്ചിരുന്നത്. സാധനങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ ഒരുപാട് സമയം വേണ്ടി വന്നു. അതുകൊണ്ടു തന്നെ ദിനൂപ് ഡെലിവറി ബോയിയായി മാറി. സ്വന്തം കമ്പനിക്കും മറ്റു കമ്പനികള്‍ക്കും വേണ്ടി ഡെലിവറി നടത്താന്‍ തുടങ്ങി. 'ഞാന്‍ ആറു മാസം കൊച്ചിയില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുത്തിരുന്നു. കൊച്ചിയില്‍ ചിലര്‍ക്കെങ്കിലും ഡെലിവറി ബോയി ആയിരുന്ന എന്നെ പരിചയമുണ്ട്.' അവന്‍ പറയുന്നു.

വെല്ലുവിളികള്‍ ദിനൂപിന് പുതിയ കാര്യമല്ലായിരുന്നു.കൊച്ചിയില്‍ നിന്ന് 25 കീ.മി അകലെ പട്ടിമറ്റത്താണ് ദിനൂപ് ജനിച്ചത്. ഒരു സാധാരണ കുടുംബമായിരുന്നു അവന്റേത്. സ്‌ക്കൂളില്‍ പഠനഭാഷ മലയാളമായിരുന്നു. അതുകൊണ്ടു തന്നെ കോളേജില്‍ ചേര്‍ന്നപ്പോള്‍ ഇംഗ്ലീഷ് പഠിക്കേണ്ടി വന്നു. പഠനത്തോടൊപ്പം ചില ജോലികളും ചെയ്തിരുന്നു. പോക്കറ്റ് മണിക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു. പിന്നീട് ദിനൂപ് തന്റെ ബിസിനസ് കൊച്ചിക്കാരനായ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഏല്‍പ്പിച്ചു. ആദ്യത്തെ സംരംഭം വിജയം കണ്ടില്ലെങ്കിലും ദിനൂപ് പ്രതീക്ഷ കൈവെടിഞ്ഞില്ല. പുതിയ ഒരു സംരംഭം തുടങ്ങാന്‍ ഒരുപാട് പരിശ്രമങ്ങള്‍ നടത്തി. വളരെ യാദൃച്ഛികമായാണ് പുതിയൊരു സംരംഭം തുടങ്ങിയത്. 2013 ഡിസംബറില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഇരിക്കുമ്പോള്‍ സുഹൃത്തിന്റെ അച്ഛന്‍ ഒരു ജോത്സ്യനെ കാണാന്‍ ഇറങ്ങുകയായിരുന്നു. ഓണ്‍ലൈനായി ഒരു ജോത്സ്യനെ കാണാത്തതെന്ത് എന്ന് ദിനൂപ് അദ്ദേഹത്തോട് ചോദിച്ചു.

'ഞാന്‍ എന്റെ സുഹൃത്തിന്റെ ലാപ്പ്‌ടോപ്പില്‍ ഓണ്‍ലൈനില്‍ തിരയാന്‍ തുടങ്ങി. എന്നാല്‍ ഒരു വെബ്‌സൈറ്റിലും ഈ സൗകര്യം ലഭ്യമല്ലായിരുന്നു.' ഒരുപാടു നേരം തിരഞ്ഞതിനു ശേഷം 'ഓട്ടോമാറ്റിക്ക് ഹോറോസ്‌കോപ്പ് റിപ്പോര്‍ട്ട്' എന്ന സാങ്കേതിക വിദ്യയെക്കുറിച്ച് മനസ്സിലാക്കി. ജനനതീയതി, ജനന സമയം, സ്ഥലം എന്നീ വിവരങ്ങള്‍ നല്‍കിയാല്‍ ഓണ്‍ലൈനായി ഒരു ജാതകം നിങ്ങള്‍ക്ക് ലഭിക്കും. 'എന്നെ പുതിയ സംരംഭത്തിലേക്ക് നയിച്ചത് ഇതാണ്. പൊതുവേ ഇന്ത്യക്കാര്‍ക്ക് ഒരു തീരുമാനമെടുക്കാന്‍ ജാതകം വളരെ അത്യാവശ്യമാണ് എന്ന സത്യം ഞാന്‍ മനസ്സിലാക്കി. എന്നാല്‍ ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ മറ്റു സേവനങ്ങള്‍ ലഭിക്കുന്നതു പോലെ ഈ സേവനം ലഭ്യമല്ല.' ദിനൂപ് പറയുന്നു.

ഒരു നല്ല ടീമിനെ ദിനൂപിന് ആവശ്യമുണ്ടായിരുന്നു. നാലു മാസത്തെ നിരന്തരമായ തിരച്ചിലിനു ശേഷം ഒരു ദിവസം ഒരു പഴയ സുഹൃത്തായ ശരത്തിനെ കണ്ടുമുട്ടി. ശരത്ത് ഒരു സോഫ്റ്റ്‌വെയര്‍ ഡെവലപ്പറായി ജോലി ചെയ്യുകയായിരുന്നു.'എന്റെ ആശയങ്ങള്‍ അവനുമായി പങ്കുവയ്ച്ചു. അത് അവന് വളരെ ഇഷ്ടപ്പെട്ടു. പിന്നീട് പല തവണ ഞങ്ങള്‍ ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി.' കോഡിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസൈന്‍ ഉണ്ടാക്കാന്‍ രണ്ട് മാസമെടുത്തു. ജ്യോത്സ്യനമാരെ ഇതിലില്‍ ചേര്‍ക്കുക എന്നതായിരുന്നു അടുത്ത ദൗത്യം. ഇതിന് കുറച്ചു സമയം വേണ്ടി വന്നു. അവര്‍ ഒരു വീഡിയോ സംവിധാനം രൂപീകരിച്ചു. എന്നാല്‍ പണം അടയ്‌ക്കേണ്ട രീതിയും വീഡിയോ സംവിധാനവും ഒരുമിച്ച് കൊണ്ടു പോകാന്‍ സാധിച്ചില്ല. അവര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചതിനു ശേഷം 2015 ഏപ്രിലില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. അതേസമയം ദിനൂപ് ടൈ കേരളയില്‍ അംഗമായി. ഉടനെ തന്നെ കൊച്ചിയിലെ സ്റ്റാര്‍ട്ട് വില്ലേജിന്റെ ചെയര്‍മാനായ സഞ്ജയ് വിജയ്കുമാര്‍ ആദ്യത്തെ ഫണ്ട് നല്‍കി. 2015 ഏപ്രിലില്‍ 15 ജ്യോത്സ്യന്‍മാരുമായി തുടങ്ങിയതാണ് മോങ്ക് വ്യാസ. തുടക്കത്തില്‍ ഒരു മാസം 20 കണ്‍സള്‍ട്ടേഷന്‍ ഉണ്ടായിരുന്നു. ഇന്ന് 25 ജ്യോത്സ്യര്‍ ഒരു ദിവസം 22 കണ്‍സള്‍ട്ടേഷനുകള്‍ നടത്തുന്നു.

ഓരോ ഇടപാടിനും ജ്യോത്സ്യന്മാരില്‍ നിന്നും 15 ശതമാനം കമ്മീഷന്‍ ലഭിക്കുന്നു. ഒന്നുകില്‍ ഓണ്‍ലൈന്‍ വീഡിയോ ചാറ്റ് അല്ലെങ്കില്‍ ഫോണ്‍കോള്‍ തിരഞ്ഞെടുക്കാം.ഓണ്‍ലൈന്‍ വഴിയാണ് പണം കൈമാറുന്നത്. ഒരു കണ്‍സള്‍ട്ടേഷന് ശരാശരി 500 രൂപ വരെ ചിലവാകും. ഇന്ത്യയിലെ ഏറ്റവും മികച്ച ജ്യോത്സന്‍മാരെ ഒരു കുടക്കീഴില്‍ എത്തിക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്ന് ദിനൂപ് പറയുന്നു. 3 വര്‍ഷം കൊണ്ട് 2000 ജ്യോത്സ്യന്‍മാരെ ചേര്‍ത്ത് 200 ഡോളര്‍ മില്ല്യന്റെ ഇടപാടുകള്‍ നടത്തുക എന്നതാണ് അവരുടെ ലക്ഷ്യം.'വ്യവസായ ജീവിതം പ്രയാസമേറിയ സമയങ്ങളില്‍ പോലും എനിക്ക് സ്വാതന്ത്ര്യം നല്‍കി. ഇത്രയും വെല്ലുവിളികള്‍ക്കിടയിലും മറ്റൊന്നും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ദിനൂപ് നയം വ്യക്തമാക്കുന്നു.'