എംസി റോഡ്: മൂവാറ്റുപുഴയിലെ തടസങ്ങള്‍ നീങ്ങുന്നു

0

എംസി റോഡ് വികസനവുമായി ബന്ധപ്പെട്ട് മുവാറ്റുപുഴ നഗരത്തില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ദീര്‍ഘകാലത്തിന് ശേഷം നടപടികള്‍ വേഗത്തിലായിരിക്കുന്നത്. ഇതിന്റെ ഭാഗമായി വെള്ളൂര്‍ക്കുന്നം പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ ടൗണ്‍ വരെ ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്്ടപരിഹാരത്തുകയുടെ ആദ്യഘട്ടം ഇന്നലെ വിതരണം ചെയ്തു. 

എല്‍ദോ ഏബ്രഹാം എംഎല്‍എ ഉദ്്ഘാടനം ചെയ്ത യോഗത്തില്‍ ജില്ലാ കളക്ടര്‍ തന്നെയാണ് 15 പേര്‍ക്ക് 1.82 കോടിയിലേറെ രൂപയുടെ ചെക്കുകള്‍ വിതരണം ചെയ്തത്. മുവാറ്റുപുഴ മുനിസിപ്പല്‍ സമ്മേളന ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ അധ്യക്ഷയായിരുന്നു. 71 കേസുകളിലെ തുക ഇനി ഉടന്‍ വിതരണം ചെയ്യും. നഗരവികസനത്തിനും റോഡ് വികസനത്തിനുമായി സ്ഥലം വിട്ടുകൊടുത്ത ഉടമകളെ യോഗം പ്രത്യേകമായി അഭിനന്ദിച്ചു. നാടിന്റെ വികസനത്തിനായി എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം എല്‍ദോ ഏബ്രഹാം എംഎല്‍എ അഭ്യര്‍ഥിച്ചു. യോഗത്തില്‍ എറണാകുളം ഭൂമിയേറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എം. പി. ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എം പി. ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എം എല്‍ എമാരായ ബാബു പോള്‍, ഗോപി കോട്ടമുറിക്കല്‍, ജില്ലാ പഞ്ചായത്തംഗം എന്‍. അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. മുനിസിപ്പല്‍ വൈസ്‌ചെയര്‍മാന്‍ പി. കെ. ബാബുരാജ് നന്ദി പറഞ്ഞു. യോഗത്തില്‍ കാക്കനാട് എല്‍എ വിഭാഗം എന്‍എച്ച് 1 ഡെപ്യൂട്ടി കളക്്ടര്‍ പാര്‍വതീദേവി, കെഎസ്ടിപി, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2010 മുതലുള്ള ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍ക്കാണ് ഇതോടെ വലിയതോതില്‍ തീര്‍പ്പാകുന്നത്. എംസി റോഡ് വികസനം ഏറ്റുമാനൂര്‍ മുതല്‍ തീര്‍ന്നു വരുകയാണ്്. കൂത്താട്ടുകുളത്തിനടുത്തു വരെ റോഡ് വീതികൂട്ടല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മറ്റിടങ്ങളില്‍ ദ്രുതഗതിയില്‍ പണികള്‍ നടന്നുവരുന്നു. അതേസമയം ഏറ്റുമാനൂര്‍ മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള ഭാഗം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ചങ്ങനാശേരി തിരുവല്ല റൂട്ടില്‍ പണി വേഗത്തില്‍ നടക്കുകയാണ്. ഇതില്‍ മുവാറ്റുപുഴ ഏറ്റുമാനൂര്‍ റൂട്ടിലാണ് കൂടുതല്‍ ഭൂമി ഏറ്റെടുക്കലുകള്‍ ആവശ്യമായി വന്നത്. ഈ റൂട്ടില്‍ കുറവിലങ്ങാട് മുതല്‍ മുവാറ്റുപുഴ വരെ കൊടുംവളവുകളും കയറ്റിറക്കങ്ങളുമാണ്. ഭൂമി വിട്ടുകിട്ടി പണി പൂര്‍ത്തിയാകുന്നതോടെ മുവാറ്റുപുഴ നഗരത്തിലെ തിരക്കിന് പരിഹാരമാകും.