കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം ഹ്രസ്വചിത്രത്തിന് ഐ ടി ബി ബെര്‍ലിന്‍ പുരസ്‌കാരം

കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം ഹ്രസ്വചിത്രത്തിന് ഐ ടി ബി ബെര്‍ലിന്‍ പുരസ്‌കാരം

Sunday March 13, 2016,

2 min Read


കേരള ടൂറിസത്തിന്റെ ഉത്തരവാദിത്ത വിനോദസഞ്ചാരത്തെക്കുറിച്ചുളള ആഗോള പ്രചാരണത്തിന് ലോകത്തെ ഏറ്റവും വലിയ ട്രാവല്‍ വ്യാപാര മേളയായ ഐടിബി ബെര്‍ലിനില്‍ ഗോള്‍ഡന്‍ സിറ്റി ഗേറ്റ് സില്‍വര്‍ പുരസ്‌കാരം. പ്രശസ്ത സംവിധായകന്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത മൂന്നു ഹ്രസ്വചിത്രങ്ങളടങ്ങിയ 'ന്യൂ വേള്‍ഡ്‌സ്' എന്ന മള്‍ട്ടീ മീഡിയ പ്രചാരണത്തിനാണ് ആഗോള ടൂറിസം പ്രചരണരംഗത്ത് ഏറ്റവും വിലമതിക്കുന്ന പുരസ്‌കാരമായ' ടൂറിസം കമ്മ്യൂണിക്കേഷന്റെ ഓസ്‌കാര്‍' എന്നറിയപ്പെടുന്ന ഗോള്‍ഡന്‍ സിറ്റി ഗേറ്റ് പുരസ്‌കാരം ലഭിച്ചത്. ജൂറി പ്രസിഡന്റ് വോള്‍ഫ്ഗാംഗ് ജോ ഹോഷര്‍ട്ടില്‍ നിന്നും കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് എബ്രഹാം ജോര്‍ജ് പുരസ്‌കാരം ഏറ്റുവാങ്ങി. ജര്‍മന്‍ തലസ്ഥാന നഗരിയില്‍ മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച മേള ഞായറാഴ്ച അവസാനിക്കും.

image


കേരള ടൂറിസത്തിന്റെ ക്രിയേറ്റീവ്, ബ്രാന്‍ഡ് മാനേജ്‌മെന്റ് ഏജന്‍സിസായ സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍ രചനയും ആവിഷ്‌കാരവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രങ്ങള്‍ ആഗോളതലത്തില്‍ വിജയകരമായി ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കിയ കേരള ടൂറിസത്തിന്റെ ഹൃദയസ്പര്‍ശിയായ കഥയാണ്. ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രാവല്‍മാര്‍ട്ടില്‍ ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യു എന്‍ ടി ഡബ്ല്യൂ ഒ) സെക്രട്ടറി ജനറല്‍ തലീബ് റിഫായ് ആയിരുന്നു ന്യൂ വേള്‍ഡ്‌സ് പ്രചാരണം ഉദ്ഘാടനം ചെയ്തത്. സുസ്ഥിര വിനോദസഞ്ചാര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് യുഎന്‍ടിഡബ്ല്യൂഒ ഏര്‍പ്പെടുത്തിയ യുളീസസ് പുരസ്‌കാരത്തിന് കേരള ടൂറിസം അര്‍ഹമായിരുന്നു.

പ്രാദേശിക ജനതയുടെ താല്‍പര്യം പരിഗണിച്ച് ആഗോള ടൂറിസം മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കേരളടൂറിസം പ്രതിബദ്ധതയോടെ നടപ്പിലാക്കുന്ന സാഹചര്യത്തില്‍ ഈ പുരസ്‌കാരത്തിന് പ്രാധാന്യം ഏറെയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സവിശേഷതകള്‍ മനസ്സിലാക്കിയുള്ള സംസ്ഥാനത്തെ ടൂറിസം നയങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിലും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിലും സംസ്ഥാനത്തെ തനത് സംസ്‌കാരങ്ങളിലും മികച്ച പ്രതികരണം ഉളവാക്കിയിട്ടുണ്ട്. 

image


ജീവിതത്തെ മാറ്റിമാറിക്കുന്ന തരത്തിലുള്ള വികസനത്തിന് അടിസ്ഥാനമായ സംസ്ഥാനത്തെ ഉത്തരവാദിത്ത വിനോദസഞ്ചര ദൗത്യങ്ങളുടെ പ്രാധാന്യത്തെയാണ് ന്യൂ വേള്‍ഡ്‌സ് അനാവരണം ചെയ്യുന്നത്. സഞ്ചാരികള്‍ക്കും പ്രദേശിക സമൂഹത്തിനും പരമ്പരാഗത ഘടകങ്ങള്‍ക്കും പ്രകൃതിക്കും ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി എന്തു നേട്ടമുണ്ടാക്കനാകും എന്നതിന്റെ പ്രതിഫലനം കൂടിയാണിത്. പ്രാദേശിക ജീവിതം തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിലെ അതതു ഭാഗങ്ങളില്‍ തന്നെയായിരുന്നു ചിത്രീകരണവും.

വിനോദസഞ്ചാരികള്‍ ഇവിടുത്തെ പ്രാദേശിക ജനതയുടെ വീടുകള്‍ സന്ദര്‍ശിച്ച് ഭക്ഷണം പങ്കുവയ്ക്കുന്നതും സാംസ്‌കാരിക പരിപാടികള്‍ ആസ്വദിക്കുന്നതും അതില്‍ ഭാഗഭാക്കാകുന്നതുമെല്ലാം ലോകം കേരളത്തിലേക്കെത്തുമ്പോള്‍ പുതുലോകം തുറക്കപ്പെടുന്നു എന്ന സന്ദേശമാണ് പകരുന്നത്. യാഥാര്‍ത്ഥ ചുറ്റുപാടുകളില്‍ രൂപാന്തരം പ്രാപിച്ച യഥാര്‍ത്ഥ ജീവിത കഥകളും വിനോദസഞ്ചാരത്തിന്റേയും പ്രാദേശിക സമൂഹത്തിന്റേയും സംരക്ഷണവും വരച്ചുകാട്ടുന്ന ന്യൂ വേള്‍ഡ്‌സ് സഞ്ചാരികളേയും വിനോദസഞ്ചാര കേന്ദ്രങ്ങളേയും സ്ഥാപനങ്ങളേയും കേന്ദ്രീകരിച്ച സുസ്ഥിര വളര്‍ച്ചയ്ക്കായി വീണ്ടും വാതായനങ്ങള്‍ തുറക്കുന്നതിന് പ്രചോദനമാകുന്നു.