സംരംഭകത്വഅനുകൂല അന്തരീക്ഷത്തില്‍ ഇന്ത്യ രണ്ടാമതെത്തും: ഷിബുലാല്‍

0


സംരംഭകത്വ അനുകൂല അന്തരീക്ഷത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാമത്തെ വലിയ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകനും ഐ സി ടി അക്കാദമി ഓഫ് കേരള ചെയര്‍മാനുമായ എസ് ഡി ഷിബുലാല്‍. ഐസിടി അക്കാദമിയുടെ വാര്‍ഷിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈവിധ്യമാര്‍ന്ന തൊഴില്‍നൈപുണ്യവും കഴിവും സംരംഭകര്‍ ആവശ്യപ്പെടുമ്പോള്‍ സംരംഭകത്വ സാധ്യതകളാണ് ഇന്ത്യയിലെ യുവാക്കള്‍ അന്വേഷിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അവസരത്തിനൊത്ത് ഉയരുകയാണെങ്കില്‍ എല്ലാവര്‍ക്കും വിജയിക്കാനാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

ആഗോള സംരംഭകത്വ അന്തരീക്ഷത്തില്‍ വലിയ പങ്ക് ഇന്ത്യക്കുണ്ട്. വൈകാതെ നാം ഇക്കാര്യത്തില്‍ രണ്ടാമതെത്തും. മാറിക്കൊണ്ടിരിക്കുന്ന വ്യാവസായിക ലോകത്തിനനുസരിച്ച് തൊഴില്‍ നൈപുണ്യത്തിലും മാറ്റം വരേണ്ടതുണ്ട്. ഐ ടി വ്യവസായത്തിന്റെ അടിസ്ഥാനം ഇപ്പോള്‍ നൂതനത്വമാണ്. അതിനുസരിച്ച് മുന്നേറാന്‍ ജീവനക്കാര്‍ സജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയെന്നത് ഇന്ത്യയിലിന്ന് ഏറെ താല്‍പര്യമുള്ള ജോലിയാണെന്ന് ആക്‌സിലര്‍ വെഞ്ച്വേഴ്‌സ് സിഇഒയും ഐ സി ടി അക്കാദമി ഡയറക്ടറുമായ വി ഗണപതി പറഞ്ഞു. വരുംവര്‍ഷങ്ങളില്‍ സാധാരണ സ്ഥാപനങ്ങളേക്കാള്‍ തൊഴിലവസരങ്ങള്‍ സംയോജിത സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലായിരിക്കും ഉണ്ടാകുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഏറ്റവും മികച്ച തൊഴില്‍ നൈപുണ്യ പരിശീലകരായി ഒന്നര വര്‍ഷം കൊണ്ട് ഐസിടി അക്കാദമി മാറിക്കഴിഞ്ഞതായി അക്കാദമി സി ഇ ഒ സന്തോഷ് കുറുപ്പ് പറഞ്ഞു. 72 അംഗസ്ഥാപനങ്ങളുള്ള അക്കാദമി, പ്ലെയ്‌സ്‌മെന്റ് അസിസ്റ്റന്‍സ് പരിപാടിയുടെ ഭാഗമായി ഇതിനോടകം എണ്ണായിരത്തില്‍പരം എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്. 2500 അധ്യാപകരും വിവിധ പരിശീലനപരിപാടികളില്‍ പങ്കെടുത്തുകഴിഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികളായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെയ്‌സ്), അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) എന്നിവയുമായി ചേര്‍ന്ന് 1800 ആര്‍ട്‌സ്, സയന്‍സ് വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കിയെന്ന് അദ്ദേഹം വ്യക്തമാക്കി.

അംഗ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, നോളജ് ഓഫീസര്‍മാര്‍, പങ്കാളിത്ത സ്ഥാപനങ്ങളുടെ മേധാവികള്‍, അക്കാദമി ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്തു. അംഗ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള അക്കാദമിയുടെ അവാര്‍ഡ് ഓഫ് എക്‌സലന്‍സും ചടങ്ങില്‍ വിതരണം ചെയ്തു.