ഹാക്കര്‍മാരോട് പോരാടി സുഹൃത്തുക്കള്‍

0


വ്യവസായങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ വളര്‍ച്ച അവയുടെ സുരക്ഷയെ സംബന്ധിച്ച് ചില വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. സൈബര്‍ ലോകത്ത് എല്ലാവരും പേടിയോടെ നോക്കിക്കാണുന്നത് ഹാക്കര്‍മാരെയാണ്. ഇന്നു ഹാക്ക് ചെയ്യപ്പെടുന്ന വെബ്‌സൈറ്റുകളുടെ എണ്ണം നിരവധിയാണ്. വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നതിന് ഹാക്കര്‍മാര്‍ക്ക് പണം ലഭിക്കുന്നുണ്ട്. ഇതു ഹാക്കിങ്ങിന് അവര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നു.

കാറുകള്‍, വീടുകള്‍, ഫാക്ടറികള്‍ തുടങ്ങി എല്ലാം ഇന്നു അവരവരുടെ സ്മാര്‍ട്‌ഫോണുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഒരു ഹാക്കറിന് ഈ സ്മാര്‍ട്‌ഫോണുകള്‍ വളരെ ആയാസരഹിതമായി തകര്‍ക്കാനാകും. ഇന്നു പല കാറുകളും സ്മാര്‍ട്‌ഫോണുമായി ബന്ധിപ്പിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫോണ്‍ ഉപയോഗിച്ച് കാറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാം. ഒരു ഹാക്കറിന് വളരെ പെട്ടെന്ന് തന്നെ സ്മാര്‍ട്‌ഫോണിലെ സോഫ്റ്റ് വെയറുകള്‍ തകര്‍ത്ത് കാറിന്റെ എന്‍ജിന്‍ കണ്‍ട്രോള്‍ ചെയ്ത് തട്ടിയെടുക്കാന്‍ സാധിക്കും.

ഈ പുതുയുഗ ഹാക്കര്‍മാരെ വിളിക്കുന്ന പേരാണ് ബ്ലാക്ക് ഹാറ്റ്‌സ്. ഇവരെ ആര്‍ക്കും തടയാനാവില്ല. അടുത്തിടെ സോഫ്റ്റ് വെയര്‍ ഘടിപ്പിച്ച 1.14 മില്യന്‍ വാഹനങ്ങളെ യുഎസിലെ ക്രൈസ്‌ലെര്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ബ്ലാക് ഹാറ്റ്‌സുകള്‍ കാറിന്റെ സോഫ്റ്റ്‌വെയറുകള്‍ ഹാക്ക് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ ഇന്ത്യയും കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലും ആവശ്യമാണ്. വന്‍കിട സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും രഹസ്യവിവരങ്ങള്‍ സുരക്ഷിതമായിരിക്കാന്‍ ഇത്തരം സ്റ്റാര്‍ട്ടപുകള്‍ ആവശ്യമാണ്.

ഇന്ത്യയുടെ വൈദ്യുതിവിതരണ സംവിധാനത്തെ നിയന്ത്രിക്കുന്ന എസ്‌സിഎഡിഎ മെഷീനുകളെ ചൈനയിലോ റഷ്യയിലോ ഇരുന്ന് ഒരു ഹാക്കര്‍ തകര്‍ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക വ്യവസ്ഥയെ അതു താറുമാറാക്കും.

ബ്ലാക്ക് ഹാറ്റ്‌സുകളോട് പോരാടാനുള്ള ശ്രമത്തിലാണ് ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ സെക്യൂരിറ്റി കമ്പനികള്‍. ഇത്തരമൊരു സംരംഭമാണ് സുഹൃത്തുക്കളായ അഭിഷേക് ശര്‍മയും തരുണ്‍ വിഗും ചേര്‍ന്ന് തുടങ്ങിയത്. ഹാക്കര്‍മാരില്‍ നിന്നും സ്വന്തം കംപ്യൂട്ടര്‍ എങ്ങനെ സുരക്ഷിതമാക്കാം എന്നാണ് അവര്‍ ആദ്യം ചിന്തിച്ചത്. പിന്നീട് അതൊരു സ്റ്റാര്‍ട്ടപ്പായി തുടങ്ങാന്‍ തീരുമാനിച്ചു. ഇന്ത്യയില്‍ സെക്യൂരിറ്റി മാര്‍ക്കറ്റിങ്ങിന് വിലയൊരു സാധ്യതയുണ്ടെന്നും ഇരുവരും മനസ്സിലാക്കി. ഈ മേഖലയിലെ തന്റെ അനുഭവം കണക്കിലെടുത്ത് ഒരു സെക്യൂരിറ്റി കമ്പനി തുടങ്ങാമെന്നു തരുണിനെ പറഞ്ഞ് മനസ്സിലാക്കി. അഭിഷേക് ജോലി ഉപേക്ഷിച്ച് തരുണുമായി ചേര്‍ന്ന് പുതിയ സംരംഭമായ ഇന്നേഫുവിന്റെ പ്രവര്‍ത്തനം തുടങ്ങി. ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ക്കും സര്‍ക്കാരിനും വളരെ കുറഞ്ഞ നിരക്കില്‍ ഉപയോഗിക്കാവുന്ന ഒരു സുരക്ഷാ സംവിധാനം നല്‍കുകയായിരുന്നു ലക്ഷ്യം.

സ്വന്തമായി ഒരു കമ്പനി തുടങ്ങുന്നതിനു മറ്റൊരു കാരണവും ഉണ്ടായിരുന്നു. എംസിഎഫീയുടെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ മൂന്നു ലക്ഷം വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ്. സൈബര്‍ക്രൈം ഇന്നു വളരുന്ന ഒരു വ്യവസായി മാറിയിരിക്കുന്നുവെന്നും ബ്ലാക്ക് ഹാറ്റ്‌സിനു വന്‍തോതില്‍ പണം ലഭിക്കുന്നുണ്ടെന്നും വെബ്‌സൈറ്റുകളുടെ സുരക്ഷയിലെ പാളിച്ചകളാണ് ഹാക്കിങ്ങിന്റെ പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. സൈബര്‍ ക്രൈം മൂലം ആഗോള സാമ്പത്തിക വിപണിയിലുണ്ടാക്കിയത് 400 ബില്യന്‍ ഡോളറിന്റെ ചെലവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ഡിഫന്‍സ് റിസര്‍ച്ച് വിഭാഗമായ ഡിആര്‍ഡിഒയും മറ്റു സര്‍ക്കാര്‍ വകുപ്പുകളുമാണ് ഇന്നേഫുവിന്റെ പ്രധാന ആവശ്യക്കാര്‍. കൂടുതല്‍പേരെ സംബന്ധിച്ച വിവരം തരുണ്‍ വ്യക്തമാക്കിയില്ല. അവരുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാറിലെ വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നത്.

മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് ചിലര്‍ പറയുന്നത്. ഞങ്ങളുടെ ബിസിനസ് മോഡലില്‍ മാറ്റം വരുത്തണമെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ബിസിനസില്‍ ഞങ്ങള്‍ പൂര്‍ണ സംതൃപ്തരാണ്. ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന നിരവധി ഇടപാടുകാര്‍ തങ്ങള്‍ക്കുണ്ടെന്നും ഇന്നേഫു ലാബ്‌സിന്റെ സഹസ്ഥാപകനായ തരുണ്‍ വിഗ് പറഞ്ഞു.

ഒരു പൊതു സ്വകാര്യ ബാങ്കായിരുന്നു ഇവരുടെ ആദ്യ ഇടപാടുകാരന്‍. 2013 ല്‍ ബാങ്കിന്റെ ഇ–മെയിലുകള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത വിധത്തില്‍ രഹസ്യ കോഡില്‍ എഴുതുന്ന രീതിയില്‍ ചെയ്യാന്‍ അവസരം നല്‍കി. അന്നു മുതല്‍ ഇന്നുവരെ ഇന്നേഫുവിന്റെ ഇടപാടുകാരാണ് ആ ബാങ്ക്. ആ ബന്ധം കമ്പനിയുെട വരുമാനം ഒരു മില്യന്‍ ഡോളറായി വളര്‍ത്താന്‍ സഹായിച്ചു. രണ്ടു വര്‍ഷത്തിനിടയില്‍ 51 ഇടപാടുകാര്‍ കമ്പനിക്ക് ലഭിച്ചു. സ്വന്തം പണം ഉപയോഗിച്ചാണ് അഭിഷേകും തരുണും ഇന്നേഫു സ്ഥാപിച്ചത്. ഇതിനായി രണ്ടുപേരും ചേര്‍ന്ന് ഒരുകോടിയോളം രൂപ നിക്ഷേപം നടത്തി.

സെക്യൂരിറ്റി സോഫ്റ്റ്!വെയര്‍ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കണം. ഇത്തരം സംരംഭങ്ങള്‍ക്ക് യുഎസിലും ചൈനയിലും സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നുണ്ടെന്നും തരുണ്‍ പറഞ്ഞു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ സ്മാര്‍ട് ഫോണുകളിലൂടെയാവും ലഭിക്കുക. ആന്‍ഡ്രോയിഡോ മറ്റു ഓപ്പറേറ്റിങ് സംവിധാനമോ ആകും ഇതിനായി തിരഞ്ഞെടുക്കുക. ഇവയെല്ലാം ഹാക്കര്‍മാരില്‍ നിന്നും സുരക്ഷിതമായിരിക്കണം. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ഹാക്കര്‍മാരില്‍ നിന്നും സംരക്ഷണം ഉറപ്പു വരുത്തേണ്ടതാണെന്നും തരുണ്‍ പറഞ്ഞു.