കേരളത്തിന്റെ സംസ്‌കാരം ഇനി വിരല്‍ത്തുമ്പില്‍

കേരളത്തിന്റെ സംസ്‌കാരം ഇനി വിരല്‍ത്തുമ്പില്‍

Friday February 26, 2016,

2 min Read

കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരത്തിന്റെ വൈശിഷ്ട്യങ്ങള്‍ അനാവരണം ചെയ്യുന്ന വെബ്‌സൈറ്റുമായി സാംസ്‌കാരിക വകുപ്പ്. സംസ്ഥാനത്തിന്റെ വശ്യസൗന്ദര്യത്തിനൊപ്പം ആഗോള യശസുള്ള തനതു സംസ്‌കാരങ്ങളെ ലോകത്തിന്റെ നാനാഭാഗത്തേക്കെത്തിക്കുന്നതിനും തലമുറകള്‍ക്ക് അറിവു പകരുന്നതിനുമായി രൂപകല്‍പ്പന ചെയ്ത വെബ്‌സൈറ്റ് www.keralaculture.org സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് പ്രകാശനം ചെയ്തു. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടേയും സമഗ്രവിവരങ്ങള്‍ കൈമാറുന്ന വെബ്‌സൈറ്റ് സാംസ്‌കാരിക മേഖലയില്‍ ഔന്നത്യം നേടിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാണെന്ന് മന്ത്രി പറഞ്ഞു.

image


കേരളത്തിന്റെ തനതു സവിശേഷതകളെ വിവരിച്ചിരിക്കുന്ന ഹോം പേജില്‍ സാംസ്‌കാരിക വകുപ്പ്, ഭാഷ/ സാഹിത്യം, കലാരൂപങ്ങള്‍, സംഗീതം, നാടകവേദി, ഉത്സവങ്ങള്‍, ഗാലറി, സിനിമ, പൈതൃക സ്മാരകങ്ങള്‍, പുരാവസ്തു, ഭക്ഷ്യവിഭവങ്ങള്‍ എന്നീ ഉപപേജുകളിലേക്കുള്ള നാവിഗേഷനുകളുണ്ട്.

മലയാളത്തിലും ഇംഗ്ലീഷിലും വിവരങ്ങള്‍ ലഭ്യമാകുന്ന വെബ്‌സൈറ്റില്‍ സാംസ്‌കാരിക സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ക്കും ലിങ്കിനും പുറമേ സാംസ്‌കാരിക വാര്‍ത്തകള്‍ക്കായും ഇടം നല്‍കിയിട്ടുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു. വിദേശ വിനോദസഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഉത്സവ ദിനങ്ങള്‍ രേഖപ്പെടുത്തിയ കലണ്ടറും ക്രമീകരിച്ചിട്ടുണ്ട്. സാംസ്‌കാരിക വകുപ്പിന്റെ എല്ലാ വിവരങ്ങളും ഒരുകുടക്കീഴില്‍ അണിനിരത്തിയിരിക്കുന്ന വെബ്‌സൈറ്റില്‍ കരകൗശല മേഖലയിലെ വിവരണങ്ങള്‍ ഉള്‍പ്പെടുത്തും. നിരന്തരമായ കൂട്ടിച്ചേര്‍ക്കലുകള്‍ വെബ്‌സൈറ്റിന് ആവശ്യമാണെന്നും മലയാളികള്‍ക്കിടയില്‍ സാംസ്‌കാരിക അവബോധം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വൈകാതെ ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.

image


വിവിധ സാഹിത്യ ശാഖകള്‍ക്കൊപ്പം കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിവരുടേയും എഴുത്തച്ഛന്‍ പുരസ്‌കാര ജേതാക്കളുടേയും പട്ടികയും സാഹിത്യം പേജില്‍ നല്‍കിയിട്ടുണ്ട്. ചലച്ചിത്രമേഖലയെക്കുറിച്ചും അതിന്റെ സുവര്‍ണകാലത്തെക്കുറിച്ചും ജെ സി ദാനിയല്‍, ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരെക്കുറിച്ചുമുള്ള ആധികാരിക വിവരങ്ങളും ലഭിക്കും. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ കാവലാളായ വെബ്‌സൈറ്റില്‍ വീഡിയോയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

image


കേരളത്തിന്റെ സംഗീത പാരമ്പര്യത്തെക്കുറിച്ചും ഇവിടുത്തെ സംഗീത മണ്ഡലത്തില്‍ ഏറ്റവും ജനകീയമായ സിനിമാ ഗാനശാഖയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. കലാരൂപങ്ങള്‍, താളവാദ്യങ്ങള്‍, കരകൗശലം, ചിത്രകല, സാംസ്‌കാരിക സ്ഥാപനങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍, ആഭരണങ്ങള്‍, മതകേന്ദ്രങ്ങള്‍, കോട്ടകള്‍, കൊട്ടാരങ്ങള്‍, മ്യൂസിയങ്ങള്‍,ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയുടെ മികവാര്‍ന്ന ചിത്രങ്ങളുടെ കലവറയാണ് ഗ്യാലറി.

മ്യൂസിയങ്ങള്‍, പാണ്ഡവന്‍പാറ, മുടവൂര്‍പാറ, കോട്ടുകാല്‍ ഗുഹാക്ഷേത്രം തുടങ്ങിയവയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങള്‍ പൈതൃക സ്മാരകങ്ങളുടെ പേജില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുമ്പോള്‍ മഹാശിലാ സ്മാരകങ്ങള്‍, ശാസനങ്ങള്‍, ലിഖിതങ്ങള്‍, നാണയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളാണ് പുരാവസ്തുവിഭാഗത്തിലുള്ളത്. ഇവയെക്കൂടാതെ കേരളത്തനിമയേറിയ ഭക്ഷ്യവിഭവങ്ങളെക്കുറിച്ചുള്ള പരിചയപ്പെടുത്തലുമുണ്ട്. സോഷ്യല്‍ മാധ്യമങ്ങളായ ട്വിറ്റര്‍, ഫെയ്‌സ് ബുക്ക്, ഗൂഗിള്‍ പ്ലസ്, യുട്യൂബ് എന്നിവയിലൂടെ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനുള്ള സംവിധാനവും ഹോം പേജില്‍ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. ഇന്‍വിസ് മള്‍ട്ടീമീഡിയയാണ് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

    Share on
    close