സംസ്ഥാനഭാഗ്യക്കുറി കുറ്റമറ്റതാക്കാൻ വിദഗ്ദ്ധസമിതി  

0

ടിക്കറ്റിൽ കൂടുതൽ സുരക്ഷാഘടകങ്ങൾ ഉൾപ്പെടുത്തിയും നടത്തിപ്പും നറുക്കെടുപ്പും മെച്ചപ്പെടുത്തിയും സംസ്ഥാനഭാഗ്യക്കുറി കൃത്രിമവും ക്രമക്കേടുകളും ഇല്ലാതെ കുറ്റമറ്റതാക്കാൻ വിദഗ്ദ്ധസമിതിയെ സർക്കാർ നിയമിച്ചു. മൂന്നാഴ്ചയ്ക്കുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും.

എൻജിനീയറിങ് കോളെജ് മുൻ പ്രിൻസിപ്പൽ പ്രൊഫ: ജി. ജയശങ്കർ ചെയർമാനായ കമ്മിറ്റിയിൽ കേരളസർവ്വകലാശാലയിലെ കമ്പ്യൂട്ടേഷണൽ ബയോളജി, ബയോഇൻഫോമാറ്റിക്സ് വിഭാഗം മേധാവി ഡോ: അച്യുത‌ശങ്കർ എസ്. നായർ, സി-ഡിറ്റ് ജോയിന്റ് ഡയറക്ടർ ഡോ: പി.വി. ഉണ്ണിക്കൃഷ്ണൻ, അച്ചടിസ്ഥാപനമായ കെ.ബി.പി.എസിന്റെ ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി എന്നിവർ അംഗങ്ങളാണ്. സംസ്ഥാന ലോട്ടറി ഡയറക്ടർ ഡോ: എസ്. കാർത്തികേയൻ കൺവീനറായി പ്രവർത്തിക്കും.

സുരക്ഷ, നറുക്കെടുപ്പ്, സംരംഭ വിഭവാസൂത്രണ സംവിധാനം (enterprise resources planning system) എന്നിവയെ ബന്ധിപ്പിക്കുന്ന സോഫ്റ്റ്‌വെയർ വികസിപ്പിക്കുക, ഭാഗ്യക്കുറിയുടെ സുരക്ഷാസംവിധാനവും നറുക്കെടുപ്പുരീതിയും മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളും ഭഗ്യക്കുറി നടത്തിപ്പു കൂടുതൽ കാര്യക്ഷമമാക്കാനുള്ള മറ്റു നിർദ്ദേശങ്ങളും ആവിഷ്ക്കരിക്കുക എന്നിവയാണ് സമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ള ഉത്തരവാദിത്വങ്ങൾ. ഇക്കാര്യങ്ങൾക്കുള്ള ചെലവിന്റെ കാര്യമടക്കം ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമിതി പരിശോധിക്കും.