രോഗീ സൗഹൃദ ഒ പി സംവിധാനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മെഡിക്കല്‍ കോളജില്‍

0

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായ രോഗീ സൗഹൃദ ഒ.പി. സംവിധാനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പുതിയ മാതൃ-ശിശു മന്ദിരത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും 24-ാം തീയതി ബുധനാഴ്ച വൈകുന്നേരം 6 മണിയ്ക്ക് പുതിയ മാതൃ-ശിശു മന്ദിരത്തിന്റെ അങ്കണത്തില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ദേശീയ ആരോഗ്യ മിഷന്‍ 27 കോടി രൂപ വിനിയോഗിച്ച് 66,000 ചതുരശ്ര അടിയിലാണ് ഈ ബഹുനില മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ മുഖ്യാതിഥികളയിരിക്കും.

6 നിലകളുള്ള ഈ മന്ദിരത്തിന്റെ രണ്ട് നിലകളാണിപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. താഴത്തെ നിലയില്‍ ഗൈനക്കോളജി വിഭാഗത്തിന്റെ ഒ.പി.യും അത്യാഹിത വിഭാഗവുമാണുള്ളത്. ഇതോടൊപ്പം സെപ്റ്റിക് ലേബര്‍ റൂം, വെയിറ്റിംഗ് ഏരിയ എന്നിവയുണ്ടാകും. ഈ ഒ.പി.ക്കും അത്യാഹിത വിഭാഗത്തിനും വേണ്ട ലബോറട്ടറി സൗകര്യങ്ങളും സ്‌കാനിംഗ് സൗകര്യങ്ങളും ഉണ്ടായിരിക്കും.

ഒന്നാം നിലയില്‍ ലേബര്‍ റൂം-ഓപ്പറേഷന്‍ തീയറ്റര്‍-ഐ.സി.യു. കോംപ്ലക്‌സ്, പോസ്റ്റ് ഡെലിവറി ഏരിയ, കൗണ്‍സിലിംഗ് ഏരിയ, രോഗികള്‍ക്കുള്ള സ്ഥലം എന്നിവയാണുള്ളത്.

സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായുള്ള രോഗീ സൗഹൃദ സൗകര്യങ്ങളാണ് പുതിയ മന്ദിരത്തില്‍ ഒരുക്കുന്നത്. ക്യൂ മാനേജ്‌മെന്റ് സമ്പ്രദായം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഇരിക്കാനുള്ള സ്ഥലം, ടോയിലറ്റ്, കുടിവെള്ള ലഭ്യത, കോഫീസെന്റര്‍, ചൂണ്ട്പലകകള്‍ എന്നിവയെല്ലാം ഈ മന്ദിരത്തിലുണ്ട്. ഇ-ഹെല്‍ത്തിന്റെ ഭാഗമായുള്ള കമ്പ്യൂട്ടറൈസേഷനും പൂര്‍ത്തിയായി വരുന്നു. വികലാംഗര്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രോഗീ സൗഹൃദത്തിന്റെ ഭാഗമായി രോഗികളെ സഹായിക്കാനായി പേഷ്യന്റ് കോ-ഓര്‍ഡിനേറ്ററും ഉണ്ടാകും.

മാതൃശിശു മന്ദിരത്തിന്റെ വിപുലീകരണത്തിനായി 5 കോടി രൂപ സംസ്ഥാന ബജറ്റില്‍ അനുവദിച്ചിരുന്നു. തൊട്ടു മുകളിലുള്ള നിലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതാണ്. രണ്ടു മുതല്‍ ആറുവരെയുള്ള നിലകളില്‍ വാര്‍ഡുകള്‍, ഹൈ റിസ്‌ക് പ്രഗ്നന്‍സി യൂണിറ്റ്, നവജാത ശിശുക്കള്‍ക്കുള്ള ഐ.സി.യു. എന്നിവയാണ് സജ്ജീകരിക്കുന്നത്.

അത്യാധുനിക സജ്ജീകരണങ്ങളുള്ള ഈ ബഹുനില മന്ദിരം പ്രവര്‍ത്തന സജ്ജമാകുന്നതോടെകൂടി സ്ഥലപരിമിതിമൂലും ഏറെ ബുദ്ധിമുട്ടുന്ന എസ്.എ.ടി. ആശുപത്രിക്ക് വളരെയേറെ ആശ്വാസമാകും.

22-ാം തീയതി തിങ്കളാഴ്ച മുതല്‍ ഈ പുതിയ മന്ദിരത്തിലാണ് ഗൈനക്കോളജി വിഭാഗത്തിന്റെ ഒ.പി. പ്രവര്‍ത്തിക്കുക. പോരായ്മകളെന്തെങ്കിലുമുണ്ടെങ്കില്‍ ഉദ്ഘാടനത്തിന് മുമ്പ് പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതര്‍. തുടക്കത്തിലുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകളോട് സഹകരിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.