പകര്‍ച്ചപ്പനി; പ്രതിരോധ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ 43 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ 

0

സംസ്ഥാനത്ത് മഴക്കാല രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പ്രതിരോധ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ 43 ലക്ഷം അയല്‍ക്കൂട്ട വനിതകളും കുടുംബാംഗങ്ങളും പങ്കെടുക്കും. സംസ്ഥാനത്തെ 43 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ 27, 28, 29 തീയതികളില്‍ തീവ്രശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതു സംബന്ധിച്ച് 2.77 ലക്ഷം അയല്‍ക്കൂട്ടങ്ങള്‍ക്കും ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ നിര്‍ദ്ദേശം നല്‍കി. ഇന്നലെ ചേര്‍ന്ന വാര്‍ഡുതല അയല്‍ക്കൂട്ട യോഗങ്ങളില്‍ ഇതു സംബന്ധിച്ച ചര്‍ച്ചയും കര്‍മ്മപദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.

കൂടുതല്‍ ഇടങ്ങളില്‍ ശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അയല്‍ക്കൂട്ട വനിതകള്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങള്‍ കൂടി ശുചീകരണ പ്രവര്‍ത്തനങ്ങളിലും ബോധവത്കരണ ബോധവത്കരണ പരിപാടികളിലും പങ്കെടുക്കണമെന്ന നിര്‍ദ്ദേശം നല്‍കിയയത്. കൊതുകു നിവാരണം ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും മുന്‍ഗണന. ഇതിനായി എല്ലാ അയല്‍ക്കൂട്ടങ്ങളിലും അഞ്ചു കുടുംബശ്രീ വനിതകള്‍ വീതം ഉള്‍പ്പെടുന്ന സ്‌ക്വാഡുകള്‍ രൂപീകരിക്കും. ഇവരുടെ നേതൃത്വത്തിലായിരിക്കും അയല്‍ക്കൂട്ടതലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും വീടുകള്‍ സന്ദര്‍ശിച്ചുള്ള ബോധവത്കരണവും നടപ്പാക്കുക. സംസ്ഥാനത്തെ മുഴുവല്‍ അയല്‍ക്കൂട്ടങ്ങളും തങ്ങളുടെ വീടുകളും പരിസരപ്രദേശങ്ങളും ശുചീകരിക്കും. ഇതോടൊപ്പം അയല്‍ക്കൂട്ടങ്ങളിലെ രണ്ട് അംഗങ്ങള്‍ വീതം തങ്ങളുടെ പരിസരത്തുള്ള വീടുകള്‍ സന്ദര്‍ശിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും ബോധ്യപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. അതത് തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനായി ജില്ലാ മിഷന്‍ അധികൃതര്‍ കുടുംബശ്രീ സപ്പോര്‍ട്ടിംഗ് ടീം അംഗങ്ങള്‍ എന്നിവരില്‍ നിന്ന് തിരഞ്ഞെടുത്തിട്ടുള്ള നിരീക്ഷകരേയും എല്ലാ സി ഡി എസുകളിലും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ അയല്‍ക്കൂട്ട വനിതകളുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ 7287 കുളങ്ങള്‍ നവീകരിച്ചിരുന്നു. കുടുംബശ്രീ സംഘടനാ സംവിധാനത്തെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായും കാര്യക്ഷമമായും നടപ്പാക്കുന്നതു വഴി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.