എം എ യൂസഫലി; വ്യവസായ ലോകത്ത് കേരളത്തിന്റെ അഭിമാനം

0
അന്താരാഷ്ട്ര റീട്ടെയ്ല്‍ രംഗത്തെ അതികായന്‍, പ്രവാസി ബിസിനസ്സ് രംഗത്തെ പ്രമുഖ നാമം, എം കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ ഇതൊക്കെയാണ് എം എ യൂസഫലി. എന്നാല്‍ കോടികളുടെ ബിസിനസ് കയ്യാളുമ്പോഴും ലാളിത്യവും എളിമയും കൊണ്ട് സാധാരണക്കാരക്കാര്‍ക്കു പോലും പ്രിയങ്കരനാണ് ബിസിനസ് ലോകത്തിലെ ഈ രാജാവ്.

1955 നവംബര്‍ 15 ന് തൃശ്ശൂര്‍ ജില്ലയിലെ നാട്ടികയില്‍ ജനനം. പിതാവായ എം കെ അബ്ദുള്‍ ഖാദര്‍ ഹാജിയും അദ്ദേഹത്തിന്റെ കുടുംബവുമെല്ലാം ബിസിനസ് രംഗത്ത് സജീവമായവരായിരുന്നു. കേരളം മുതല്‍ ഗുജറാത്ത് വരെ നീണ്ടു നിന്നിരുന്നു ഈ കൊച്ചു ബിസിനസ് കുടുംബത്തിന്റെ ശാഖകള്‍.

പത്താംക്ലാസ്സ് കഴിഞ്ഞതോടെ പഠിക്കാനും ബിസിനസ് ആവശ്യത്തിനുമായി അദ്ദേഹം ഗുജറാത്തിലേക്ക് ചേക്കേറി. ബിസിനസ്സില്‍ സഹായിക്കുന്നതിനോടൊപ്പം ഒരു ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ഒരു ഡിപ്ലോമയും കരസ്ഥമാക്കി യൂസഫലി. ചെറുപ്പം മുതല്‍ ബിസിനസ്സ് ലോകത്തെ ചലനങ്ങള്‍ കണ്ടു വളര്‍ന്നതുകൊണ്ടുതന്നെ സൂക്ഷ്മതയോടും ബുദ്ധിയോടും കൂടി ബിസിനസില്‍ ഇടപെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ലുലുഗ്രൂപ്പ് എന്ന വമ്പന്‍ സാമ്രാജ്യത്തിന്റെ അധിപനായപ്പോള്‍ അദ്ദേഹത്തിന് ഒരു പേര് സമൂഹം കല്‍പ്പിച്ചു നല്‍കി. കേരളത്തിന്റെ ധീരുഭായ് അംബാനി. അവസരങ്ങള്‍ കണ്ടെത്താനുള്ള ഗുജറാത്തികളുടെ കഴിവാണ് അദ്ദേഹത്തിനും ലഭിച്ചത്. അത് തന്നെയാവണം അദ്ദേഹത്തെ ബിസിനസ്സിലെ രാജാവാക്കിയതും.

അവസരങ്ങള്‍ കാത്തിരുന്നത് അബുദാബിയിലായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്റെ സഹോദരനായ എം.കെ. അബ്ദുള്ള തുടങ്ങിയ എം.കെ.സ്‌റ്റോറില്‍ ചേരാനായി ബോംബെയില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ ആരും കരുതിയില്ല ചരിത്രം സൃഷ്ടിക്കുന്ന ഒന്നാകും ആ യാത്രയെന്ന്. 2014 ല്‍ 59ാംവയസ്സില്‍ 35000 കോടി വിറ്റുവരവുള്ള ഒരു കമ്പനിയുടെ അധികാര പദവിയിലേക്കുള്ള തുടക്കം.

ബിസിനസ്സിലേക്കുള്ള ആദ്യ ചുവട് വയ്പ്പുകള്‍ ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. കപ്പലില്‍ കയറി ദിവസങ്ങളോളം കഷ്ടപ്പെട്ട് കടലുകള്‍ താണ്ടി ദുബായില്‍ എത്തിയപ്പോള്‍ പൊള്ളുന്ന മരുഭൂമി മാത്രമാണ് അവിടെയുണ്ടായിരുന്നത്. എം.കെ. വിറ്റിരുന്നത് മറ്റു കമ്പനികള്‍ ഇറക്കുമതി ചെയ്യുന്നഭക്ഷ്യവസ്തുക്കളാണ്. എന്തുകൊണ്ട് ഇത് നമുക്ക് ചെയ്തുകൂട എന്ന യൂസഫലിയുടെ ചിന്തയില്‍ നിന്നാണ് ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി ചെറിയ തോതില്‍ ചെയ്യാന്‍ തുടങ്ങിയത്. ജനങ്ങളുടെ ജീവിതശൈലി പതിയെ മാറുന്നത് മനസിലാക്കിയ യൂസഫലി ശിതീകരിച്ച ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തി മറ്റ് കച്ചവട സ്ഥാപനങ്ങളില്‍ വിതരണം ചെയ്യാന്‍ തുടങ്ങി.സൂപ്പര്‍ മാര്‍ക്കറ്റ് എന്ന ആശയം ഗള്‍ഫ് നാടുകളില്‍ അന്യമായിരുന്ന കാലത്താണ് 1983 ലെ വിദേശ യാത്രകള്‍ക്കിടയില്‍ ഇങ്ങനെ ഒരാശയം അദ്ദേഹത്തിന്റെ മനസ്സില്‍ ഉദിച്ചത്. അവിടെ നിന്നാണ് ഇന്നത്തെ ഷോപ്പിംഗ് മാള്‍ കേന്ദ്രങ്ങളിലേക്ക് വളര്‍ന്ന ബിസിനസ് കെട്ടിപ്പടുത്തത്. ബിസിനസ് അവസരങ്ങള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. അവര്‍ കൃത്യതയോടെ കണ്ടെത്തുന്നിടത്താണ് നമ്മുടെ വിജയം. അത് കണ്ടെത്തി അവിടെ വേരുറപ്പിച്ച് അതില്‍ വിജയം വരിച്ച എം.എ യൂസഫലിയുടെ പ്രവര്‍ത്തനങ്ങളും രീതികളും എപ്പോഴും വ്യത്യസ്തമാണ്. കുടിവെള്ളം, വൈദ്യുതി റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത കാലത്താണ് അദ്ദേഹം ദുബായ് പോലുള്ള മഹാനഗരത്തില്‍ എത്തിയത്. കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളില്‍ എത്തി അധ്വാനിച്ച് വിജയം കണ്ടെത്തിയവര്‍ക്കെല്ലാം പറയാം സഹനത്തിന്റെയും കഷ്ടപ്പാടിന്റെയും ഒരു ചുമട് കഥകള്‍ ഉണ്ടാകും അത്തരത്തില്‍ ഉള്ള പല പ്രശ്‌നങ്ങളും താണ്ടിയാണ് യൂസഫലി എന്ന ബിസിനസ് സംരംഭകന്‍ തന്റെ ലക്ഷ്യം നേടി എടുത്തത്.

2014ല്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്കില്‍ ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന റീട്ടെയ്ല്‍ കമ്പനികളുടെ ലിസ്റ്റില്‍ 11ാം സ്ഥാനം. 31 രാജ്യങ്ങളിലായി 110 കമ്പനികള്‍. 30000 ല്‍ അധികം തൊഴിലാളികള്‍. ഇത്തരത്തില്‍ ദിവസം പ്രതി വളര്‍ന്നുകൊണ്ടിരിക്കുകയാണ് യൂസഫലിയുടെ ബിസിനസ് രംഗം. 

ലോകത്ത് ആഞ്ഞു വിശീയ സാമ്പത്തിക മാന്ദ്യം ഗള്‍ഫ് മേഖലയെ ബാധിച്ച കാലത്തും ഗള്‍ഫ് നാടുകളില്‍ യൂസഫലി പുതിയ മാളുകള്‍ തുറന്നു കൊണ്ടേയിരുന്നു. അതു വരെയുള്ള സമ്പാദ്യവുമായി പലരും നാടുവിട്ടുപോകുമ്പോള്‍ എന്തു കൊണ്ട് യൂസഫലി അവിടെ തുടര്‍ന്നുവെന്ന് പലരും ചോദിച്ചു. യുസഫലിയുടെ ഉത്തരം ലളിതമായിരുന്നു. എല്ലാ സൗഭാഗ്യവും തന്ന ഈ ഭൂമിയെ അതിന്റെ കഷ്ടകാലത്ത് ഉപേക്ഷിച്ചു പോകാന്‍ മനസ് അനുവദിക്കുന്നില്ല. 

എനിക്കുള്ളതെല്ലാം ഞാന്‍ കെട്ടിപ്പടുത്തത് ഇവിടെ നിന്നാണ്. നഷ്ടപ്പെടുന്നെങ്കിലും ഇവിടെത്തന്നെ ആയിക്കോട്ടെ. ഹൃദയത്തെ സ്പര്‍ശിക്കുന്ന ഈ മറുപടി യൂസഫലി എന്ന മനുഷ്യന്റെ ആകെത്തുക കൂടിയാണ്. ആശ്രയിക്കുന്നവരെ ഉപേക്ഷിക്കാത്ത ഈ മനസു തന്നെയാണ് ബിസിനസിലെ ഈ വളര്‍ച്ചക്കും പിന്നിലുള്ളതെന്ന് നിസ്സംശയം പറയാം. 

Related Stories

Stories by TEAM YS MALAYALAM