കൃഷിയിടത്തില്‍ വെള്ളമെത്തിക്കാന്‍ മൊബൈല്‍; കര്‍ഷകന് സഹായമേകി ഓസിയാന്‍

0

സദാ സമയവും മൊബൈലില്‍ കൊഞ്ചുന്ന കര്‍ഷകനോട് ഭാര്യ പരിഭവിക്കുന്ന ഒരു പരസ്യം ടെലിവിഷനില്‍ കാണാറുണ്ട്. ഇതു കാണുമ്പോള്‍ തമാശയായി തൊന്നുമെങ്കിലും എല്ലാവരേയും പോലെ ഇന്നത്തെ കര്‍ഷകന് അവിഭാജ്യമായ ഒരു ഘടകം തന്നെയാണ് മൊബൈല്‍ ഫോണ്‍. കൃഷിക്ക് സഹായകമായ എല്ലാ വിവരങ്ങളും മൊബൈല്‍ ഫോണിലൂടെ ലഭിക്കും എന്നതാണിതിന്റെ പ്രധാന പ്രത്യേകത. കര്‍ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന പല ഏജന്‍സികളും ഇന്ന് നിലവിലുണ്ട്.

എന്നാല്‍ വിവരണങ്ങള്‍ക്ക് പുറമെ മറ്റ് ചില പ്രയോജനങ്ങളും മൊബൈല്‍ ഫോണിലൂടെ സാധ്യമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒസ്സിയാന്‍ എന്ന സ്ഥാപനം. മൊബൈലിലൂടെ മോട്ടോര്‍ പ്രവര്‍ത്തിപ്പാക്കാനും നിര്‍ത്താനുമുള്ള റിമോട്ട് സംവിധാനമാണ് ഓസിയാന്‍ കണ്ടുപിടിച്ചത്. ഏഴ് കിലോ മീറ്റര്‍ വരെ ദൂരത്തുളള മോട്ടോറുകള്‍ അവിടെ എത്താതെ തന്നെ പ്രവര്‍ത്തിപ്പിക്കാനും നിര്‍ത്താനും ഇതിലൂടെ സാധിക്കും.

ഈ കണ്ടുപിടുത്തം കര്‍ഷകര്‍ക്ക് വളരെയേറെ പ്രയോജനപ്രദമായി മാറി. നാനോ ഗണേഷ് എന്ന് പേര് നല്‍കിയിട്ടുള്ള ഈ ആപ്ലിക്കേഷന്‍ 15000ത്തോളം പേരാണ് ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ ഇതിന്റെ ഗുണം നിലവില്‍ ലഭ്യമാണ്.

മഹാരാഷ്ട്ര, അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. ഇന്ത്യക്ക് പുറത്ത് ഈജിപ്റ്റ്, ടാന്‍സാനിയ, ഓസ്‌ട്രേലിയ, ഭൂട്ടാന്‍ എന്നിവിടങ്ങളിലും ലഭ്യമാണ്. കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. ആരംഭത്തില്‍ തകരാറുകള്‍ സംഭവിച്ചതോ പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ളതോ ആയ മോബൈല്‍ ഫോണുകള്‍ പൂനെയിലുള്ള ഫാക്ടറിയിലേക്കയക്കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാലിപ്പോള്‍ വിതരണത്തിനും കേടുപാടുകള്‍ ശരിയാക്കുന്നതിനും പ്രദേശത്ത് തന്നെ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്. എട്ട് വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രമാണ് നാനോ ഗണേഷ് ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്നത്. കര്‍ഷകന്, കര്‍ഷകന്റെ കുടുംബത്തിന്, കര്‍ഷകരുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തുടങ്ങി എട്ട് വിഭാഗങ്ങള്‍ക്കു മാത്രമാണ് നല്‍കുക.

ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാനറിയാത്ത ഉള്‍ഗ്രാമങ്ങളിലുള്ള കര്‍ഷകര്‍ക്ക്‌ ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലന ക്ലാസ്സുകളും നല്‍കുന്നുണ്ടെന്ന് ഓസിയാന്‍ ഉടമ സന്തോഷ് ഓസ്റ്റ് വാള്‍ പറഞ്ഞു.

മോഡലിന്റെ വ്യത്യസ്തത അനുസരിച്ച് 560 മുതല്‍ 2800 രൂപ വരെയാണ് ഇതിന്റെ വില ഈടാക്കുന്നത്. കര്‍ഷകരുടെ ബജറ്റിലൊതുങ്ങുന്ന വിലയായതിനാല്‍ അവര്‍ക്കിത് നിഷ്പ്രയാസം വാങ്ങാനും സാധിക്കും. കമ്പനി നേരിട്ടും ഇടനിലക്കാര്‍ വഴിയും ഉത്പന്നം എത്തിച്ച് നല്‍കാറുണ്ട്. മാത്രമല്ല പത്രങ്ങള്‍ വഴിയും മാസികകള്‍ വഴിയും ഇതിന്റെ പരസ്യവും നല്‍കിവരുന്നു. സംരംഭത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ചില പ്രതിസന്ധികള്‍ ഉണ്ടായത്. സാമ്പത്തിക ബുദ്ധിമുട്ടാണ് സംരംഭത്തെ കാര്യമായി ബാധിച്ച ഒരു ഘടകം.

സംരംഭം വളര്‍ത്തിയെടുക്കാന്‍ ആവശ്യമായ തുക ഇതില്‍ നിന്നും ലഭ്യാമാകുന്നില്ല. അതിനു പുറമെയാണ് കൂനിന്‍മേല്‍ കുരു പോലെ വരള്‍ച്ച കര്‍ഷകരേയും ബാധിച്ചത്. കൃഷി നശിച്ചതോടെ പുതിയ ഉത്പന്നങ്ങള്‍ പരീക്ഷിക്കാനുള്ള സാമ്പത്തികശേഷി അവര്‍ക്കും നഷ്ടമായി.

വരള്‍ച്ച കലശലാകുന്ന കാലഘട്ടത്തില്‍ പമ്പ് ചെയ്യുന്നതിന് ആവശ്യമായ ജലം മണ്ണില്‍ ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ മോട്ടോറിന്റെ ഉപയോഗവും കര്‍ഷകര്‍ക്ക് ആവശ്യമായി വരുന്നില്ല. അതിനാല്‍ ഈ ഉത്പന്നത്തിന്റെ ആവശ്യകത ആ സമയത്ത് ഇല്ലാതാകുന്നു. ഇത് വര്‍ഷത്തില്‍ സീസണില്‍ മാത്രം കച്ചവടം നടക്കുന്ന ഒരു ഉത്പന്നമായി മാറാന്‍ കാരണമായി. ഇത് സംരംഭകര്‍ക്ക് തിരിച്ചടിയായി. കൂടുതല്‍ മികച്ച രീതീയിലേക്ക് സംരഭത്തെ വളര്‍ത്താന്‍ മള്‍ട്ടി നാഷണല്‍ കമ്പനികളെ സമീപിക്കുകയാണ് ഉടമസ്ഥനായ സന്തോഷ്. സീസണില്‍ മാത്രമല്ലാതെ വര്‍ഷത്തില്‍ മുഴുവന്‍ കര്‍ഷകരെ സഹായിക്കാനാകുന്ന പദ്ധതിക്കായുള്ള അണിയറ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.